ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ ബി.ജെ.പി നാളെത്തന്നെ വിശ്വാസ വോട്ടെടുപ്പിനെ നേരിടണമെന്ന സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍പ്രധാനമന്ത്രിയുമായി ഡോ. മന്‍മോഹന്‍ സിങ്.
എന്‍.സി.പി-ശിവസേന-കോണ്‍ഗ്രസ് സഖ്യത്തിന് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് അവര്‍ക്ക് അതിന് സാധിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത് എന്നായിരുന്നു മന്‍മോഹന്‍ സിങ്ങിന്റെ മറുപടി.
നാമെല്ലാവരും സുപ്രീം കോടതിയെ ബഹുമാനിക്കുന്നു, അതിന്റെ വിധിന്യായത്തെ മാനിക്കണം- എന്നും മന്‍മോഹന്‍ സിങ് പ്രതികരിച്ചു.
ഭരണഘടനാ മാനദണ്ഡങ്ങള്‍ മോദി സര്‍ക്കാര്‍ ലംഘിക്കുകയാണെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.
ഭരണഘടന ദിനത്തില്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം ബഹിഷ്‌കരിച്ചതിന് പിന്നാലെയായിരുന്നു മന്‍മോഹന്‍ സിങ്ങിന്റെ പ്രതികരണം.
മോദി സര്‍ക്കാരിന്റെ നടപടികള്‍ ഭരണഘടനയ്ക്ക് അപമാനമല്ലെന്നും നിലവിലെ സ്ഥാപനം ഭരണഘടനാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നുവെന്നതിനെ കുറിച്ച് എല്ലാവര്‍ക്കുമുള്ള ഓര്‍മ്മപ്പെടുത്തലാണെന്നും സിങ് പറഞ്ഞു.
അതേസമയം മുംബൈയിലെ ജെ.ഡബ്ല്യൂ മാരിയറ്റ് ഹോട്ടലില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗം നടക്കുന്നുണ്ട്.
അതേസമയം സോഫിടെല്‍ ഹോട്ടലില്‍ കഴിയുന്ന എന്‍.സി.പി എം.എല്‍.എമാരെ കാണാന്‍ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറും പാര്‍ട്ടി നേതാവ് നവാബ് മാലിക്കും എത്തിച്ചേര്‍ന്നിട്ടുണ്ട്.
അതിനിടെ സുപ്രീം കോടതി വിധിക്ക് പിന്നാലെ ഉപമുഖ്യമന്ത്രി അജിത് പവാര്‍ എന്‍.സി.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. അജിത് പവാറിനോട് ഉപമുഖ്യമന്ത്രി പദവി രാജിവെക്കാന്‍ എന്‍.സി.പി നേതാക്കള്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
30 മിനിറ്റ് നേരമാണ് അജിത് പവാര്‍ എന്‍.സി.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. എന്‍.സി.പി നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അജിത് പവാര്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ കാണാനായി അദ്ദേഹത്തിന്റെ വസതിയിലേക്ക് പോയിട്ടുണ്ട്.