ന്യൂദല്‍ഹി: കഠ്‌വ ,ഉന്നാവോ കേസുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. വല്ലപ്പോഴും സംസാരിക്കണമെന്ന് മോദി എന്നെ ഉപദേശിച്ചിരുന്നു, ആ ഉപദേശം മോദി ഇപ്പോള്‍ ഓര്‍ക്കണമെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു.
വിമര്‍ശനങ്ങള്‍ക്കൊടുവില്‍ കഠ്‌വ ,ഉന്നാവോ സംഭവങ്ങളില്‍ വെള്ളിയാഴ്ച മോദി സംസാരിച്ചതില്‍ സന്തോഷമുണ്ടെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് മന്‍മോഹന്‍ സിങ്ങിന്റെ വിമര്‍ശനം. മോദി പ്രതികരിക്കാതിരുന്നത് കൊണ്ട് കുറ്റവാളികള്‍ക്ക് രക്ഷപ്പെടാമെന്ന തോന്നലുണ്ടാക്കിയെന്നും മന്‍മോഹന്‍ പറഞ്ഞു.
ബി.ജെ.പി യടക്കമുള്ളവര്‍ “മൗന്‍-മോഹന്‍ സിങ്” എന്ന് വിളിച്ച് കളിയാക്കിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ജീവിതം മുഴുവന്‍ ഇത്തരം കമന്റുകള്‍ കേട്ടാണ് ജീവിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
2012ല്‍ നിര്‍ഭയ കേസുണ്ടായപ്പോള്‍ തന്റെ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ എടുത്തിരുന്നെന്നും ബലാത്സംഗ കുറ്റ നിയമം ഭേതഗതി ചെയ്തിരുന്നുവെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. കഠ്‌വ കേസ് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി തുടക്കം മുതല്‍ തന്നെ ഗൗരവത്തോടെ പരിഗണിക്കേണ്ടിയിരുന്നെന്നും സഖ്യ കക്ഷിയെന്ന നിലയില്‍ കേസ് മെല്ലെ പോകാന്‍ ബി.ജെ.പിയുടെ ഭാഗത്ത് നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നിരിക്കാമെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.
കഠ്‌വ കേസിലെ പെണ്‍കുട്ടിയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തന്നെ അസ്വസ്ഥപ്പെടുത്തിയെന്നും ബി.ജെ.പി മന്ത്രിമാര്‍ ഇതിന് വര്‍ഗീയ നിറം നല്‍കിയത് തീരാ കളങ്കമായെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.