ന്യൂദല്‍ഹി; നെഹ്‌റു-ഗാന്ധി പാരമ്പര്യമില്ലാത്തയാളെ കോണ്‍ഗ്രസ് അധ്യക്ഷനാക്കുന്നതില്‍ പൂര്‍ണ്ണ സമ്മതമാണെന്ന പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന വിവാദമായതിനു പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്. നേരത്തേ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാജിവച്ച് രാഹുല്‍ ഗാന്ധിക്ക് ഉന്നതസ്ഥാനം വഹിക്കാന്‍ വഴിയൊരുക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും രാഹുല്‍ അത് നിരസിക്കുകയാണ് ചെയതതെന്നാണ് കോണ്‍ഗ്രസിന്റെ പുതിയ വെളിപ്പെടുത്തല്‍.
പ്രിയങ്ക ഗാന്ധിയുടെ ഒരുവര്‍ഷം പഴക്കമുള്ള പരാമര്‍ശത്തെ വിവാദമാക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് നേതൃത്വം അഭിപ്രായപ്പെട്ടു. അധികാരത്തിന്റെ കെണിയില്‍ പെട്ടുപോയവരല്ല നെഹ്റു-ഗാന്ധി കുടുംബമെന്നും ഉന്നതസ്ഥാനങ്ങള്‍ അവരെ ആകര്‍ഷിക്കുന്നില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
പ്രിയങ്ക ഗാന്ധിയുടെ ഒരുവര്‍ഷം പഴക്കമുള്ള അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ വിവാദമാക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയുടെ പരിശ്രമത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിനെതിരായി അതിക്രൂര ആക്രമണം നടത്തുന്ന മോദി-ഷാ കൂട്ടുക്കെട്ടിനെതിരെ ഒറ്റക്കെട്ടായി പൊരുതാനാണ് ഞങ്ങളുടെ തീരുമാനം- കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജ്വേല പറഞ്ഞു.
അധികാരത്തിന്റെ കെണിയില്‍ വീഴാതെ നെഹ്റു-ഗാന്ധി കുടുംബം ഒന്നിച്ച് കോണ്‍ഗ്രസിനെ സേവിച്ചു. പാര്‍ട്ടിയെ സേവിക്കാന്‍ അധികാരം ത്യജിച്ചുകൊണ്ട് 2004 ല്‍ സോണിയ ജി മാതൃക കാട്ടി. 2019 ലെ തെരഞ്ഞെടുപ്പ് തോല്‍വിയിലെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്താണ് രാഹുല്‍ ജി ഐ.എന്‍.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വെച്ചത്. അവര്‍ അധികാര സ്ഥാനങ്ങള്‍ക്കായി മത്സരിച്ചിട്ടില്ല- അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാള്‍ വരണമെന്നും താനോ രാഹുലോ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് വരരുതെന്നും പറഞ്ഞുകൊണ്ടുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ അഭിമുഖം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
India Tomorrow: Conversations with the Next Generation of Political Leaders എന്ന പുസ്തകത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നല്‍കിയ അഭിമുഖമായിരുന്നു ചര്‍ച്ചയായത്.
2019 ലെ തോല്‍വിക്ക് പിന്നാലെ രാഹുല്‍ പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്തു നിന്ന് പിന്മാറിയിരുന്നു. നേതൃസ്ഥാനത്തേക്ക് തിരിച്ചുവരണമെന്ന് പാര്‍ട്ടിയില്‍ നിന്ന് ആവശ്യം ഉയര്‍ന്നുവന്നുവെങ്കിലും രാഹുല്‍ തന്റെ തീരുമാനത്തില്‍ നിന്ന് പിന്മാറിയിയിരുന്നില്ല.
രാഹുലിന്റെ രാജിയെ തുടര്‍ന്ന് നേതൃസ്ഥാനം താത്ക്കാലികമായി ഏറ്റെടുത്ത സോണിയയുടെ കാലാവധി ഈ മാസം അവസാനിച്ചിരുന്നു. എന്നാല്‍ പുതിയ അധ്യക്ഷനെ കണ്ടെത്തുന്നത് വരെ സോണിയ തന്നെ തുടരുമെന്നായിരുന്നു പാര്‍ട്ടി അറിയിച്ചത്.
ഈ പശ്ചാത്തലത്തില്‍ രാഹുല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം നേതാക്കള്‍ക്കിടയിലും അണികള്‍ക്കിടയിലും വീണ്ടും ഉയര്‍ന്നു വന്നിരുന്നു. ഈയൊരു ഘട്ടത്തില്‍ കൂടിയാണ് നേതൃസ്ഥാനത്തേക്ക് ഗാന്ധി കുടുംബം ഇല്ലെന്ന് പറഞ്ഞുകൊണ്ടുള്ള പഴയ അഭിമുഖം മാധ്യമങ്ങളിലൂടെ വീണ്ടും ചര്‍ച്ചയായത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
content highlights: manmohan-singh-offered-to-quit-as-pm-for-rahul-gandhi-says-congress-