നരസിംഹ റാവുവിന് ഭാരത രത്‌നം പുരസ്‌കാരം പ്രഖ്യാപിച്ചതിനു ശേഷം പലരും നരസിംഹ റാവുവിന് സ്തുതികള്‍ അര്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്. സാമ്പത്തിക ഉദാരവല്‍ക്കരണം എന്ന നയത്തിന്റ്റെ പേരിലാണ് കൂടുതലും ഇത്തരം സ്തുതികള്‍ അര്‍പ്പിക്കുന്നത്. ഇവര്‍ക്കൊക്കെ ഇന്ത്യയിലെ സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റ്റെ ചരിത്ര പശ്ചാത്തലം അറിയാമെന്നു തോന്നുന്നില്ല.
സത്യം പറഞ്ഞാല്‍, സാമ്പത്തിക ഉദാരവല്‍ക്കരണം എന്ന നയത്തെ കുറിച്ച് കൃത്യമായ കാഴ്ചപ്പാടൊന്നും നരസിംഹ റാവു 1991-നു മുമ്പ് ഏതെങ്കിലും പ്രസംഗത്തിലോ എഴുത്തിലോ കൂടി പ്രകടിപ്പിച്ചിട്ടില്ല. ഉദാരവല്‍ക്കരണം എന്ന നയം ഇന്ത്യയില്‍ നടപ്പാക്കിയത് അതിനെ കുറിച്ച് കൃത്യമായ ദീര്‍ഘവീക്ഷണം ഉള്ളവരായിരുന്നു.
IMF ശക്തമായ സമ്മര്‍ദം ചെലുത്തിയപ്പോള്‍ ഇന്ത്യക്ക് 1990-കളില്‍ സാമ്പത്തിക നയങ്ങള്‍ മാറ്റാതെ രക്ഷയില്ലായിരുന്നു. അതുകൊണ്ട് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവു ആ ചുമതല ഡോക്ടര്‍ മന്‍മോഹന്‍ സിങ്ങിനെ ഏല്‍പ്പിച്ചു. ഡോക്ടര്‍ മന്‍മോഹന്‍ സിങ് മോണ്ടേങ്‌സിങ് അലുവാലിയ, സി. രംഗരാജന്‍ – ഇവര്‍ക്കൊപ്പം ആ ചുമതല ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു.
പ്ലാനിംഗ് കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി, ധനകാര്യ സെക്രട്ടറി, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, സാമ്പത്തിക ശാസ്ത്രത്തിലെ പ്രൊഫസര്‍, ധനകാര്യ മന്ത്രി – ഇവയെല്ലാം ആയിരുന്നു പ്രധാന മന്ത്രി ആകുന്നതിനു മുമ്പ് ഡോക്ടര്‍ മന്‍മോഹന്‍ സിങ്. സാമ്പത്തിക മേഖലയെ കുറിച്ചുള്ള വിപുലമായ അറിവും അനുഭവ സമ്പത്തുമാണ് അദ്ദേഹത്തെ പലര്‍ക്കും പ്രിയങ്കരന്‍ ആക്കിയത്.
ഇന്നും നിര്‍മല സീതാരാമനെ പോലുള്ള ധനമന്ത്രിമാര്‍ സാമ്പത്തിക കാര്യങ്ങളില്‍ ഉപദേശം തേടുന്ന വ്യക്തിയാണ് ഡോക്ടര്‍ മന്‍മോഹന്‍ സിങ്.
ഈയിടെ നിതിന്‍ ഗഡ്കരി പോലും രാജ്യത്തെ സമ്പദ് വ്യവസ്ഥക്ക് കരുത്തുറ്റ സംഭാവനകള്‍ നല്‍കിയ വ്യക്തി എന്ന രീതിയില്‍ ഡോക്ടര്‍ മന്‍മോഹന്‍ സിങ്ങിനെ ആദരിക്കണമെന്നു പറഞ്ഞു. ഡോക്ടര്‍ മന്‍മോഹന്‍ സിങ്ങിന് വിവരവും വിദ്യാഭ്യാസവും ഉണ്ടായിരുന്നതുകൊണ്ട് സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാന്‍ അറിയാമായിരുന്നു.
ഡോക്ടര്‍ മന്‍മോഹന്‍ സിങ്, മോണ്ടേങ്‌സിങ് അലുവാലിയ, സി. രംഗരാജന്‍ – ഇവരായിരുന്നു ഉദാരവല്‍ക്കരണം എന്ന നയം ഇന്ത്യയില്‍ നടപ്പാക്കിയത്. ഈ ടീമിനെ നയിച്ചത് ഡോക്ടര്‍ മന്‍മോഹന്‍ സിങ് തന്നെ ആയിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലേത് ഒരു ‘Knowledge Based’ ഇക്കോണമി ആണെന്നുള്ളത് ഡോക്ടര്‍ മന്‍മോഹന്‍ സിങ്ങിന് അറിയാമായിരുന്നു.
സിംഗപ്പൂര്‍, തായ്‌വാന്‍, ഹോംഗ് കോംഗ്, ദക്ഷിണ കൊറിയ – ഈ’ഏഷ്യന്‍ ടൈഗേഴ്‌സ്’ രാജ്യങ്ങളില്‍ സംഭവിച്ച സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ബോധ്യം ഉണ്ടായിരുന്നു. പല അഭിമുഖങ്ങളിലും ഡോക്ടര്‍ മന്‍മോഹന്‍ സിങ് ഇതു പറഞ്ഞിട്ടുമുണ്ട്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മാറ്റി മറിച്ച വ്യക്തി ശരിക്കും ഡോക്ടര്‍ മന്‍മോഹന്‍ സിങ് ആയിരുന്നു.
വി.പി. സിങ് ഭരിച്ചിരുന്നപ്പോള്‍ തന്നെ ഇന്ത്യക്ക് വലിയൊരു ‘ഫോറിന്‍ എക്‌സ്‌ചേഞ്ജ് ക്രൈസിസ്’ ഉണ്ടായി. വി.പി. സിങ് അതിനെ കുറിച്ച് ബോധവാനായിരുന്നുവെങ്കിലും കൂട്ടുകക്ഷി മന്ത്രിസഭയുടെ തലവന്‍ ആയിരുന്നതുകൊണ്ട് പുള്ളി സാമ്പത്തിക തലത്തില്‍ അധികം നയവിത്യാസത്തിനൊന്നും തയാറായില്ല. പക്ഷെ വി.പി. സിങ് ഒരു നല്ല കാര്യം ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ സെക്രട്ടറിമാരെ ഒക്കെ വിളിച്ചുകൂട്ടി സാമ്പത്തിക ഉദാരവല്‍ക്കരണത്തിനു വേണ്ടിയുള്ള ‘എം ഡോക്കുമെന്റ്റില്‍’ ചര്‍ച്ച തുടങ്ങിവെച്ചു.
ഈ സാമ്പത്തിക ഉദാരവല്‍ക്കരണത്തിനു വേണ്ടിയുള്ള ‘എം ഡോക്കുമെന്റ്റും’, പിന്നീട് ഡോക്ടര്‍ മന്‍മോഹന്‍ സിങ് ഐ.ഐ.എം. ബാംഗ്ലൂരില്‍ വെച്ചു ചെയ്ത ഒരു ദീര്‍ഘമായ പ്രഭാഷണവുമാണ് സാമ്പത്തിക ഉദാരവല്‍ക്കരണത്തിന് ‘ബാക്ഗ്രൗണ്ട്’ ആയി മാറിയത്. ഈ സംഭവങ്ങളെല്ലാം മുന്‍ ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ ആയിരുന്ന മൊണ്ടേക് സിങ് ആലുവാലിയയുടെ സര്‍വീസ് സ്റ്റോറിയായ ‘Backstage – The Story Behind India’s High Growth Years’ എന്ന പുസ്തകത്തില്‍ കൃത്യം കൃത്യമായി പറയുന്നുണ്ട്.
സാമ്പത്തിക ഉദാരവല്‍ക്കരണത്തിനു വേണ്ടിയുള്ള 30 പേജുള്ള ‘എം ഡോക്കുമെന്റ്റില്‍’ ആരുടേയും പേരില്ലായിരുന്നു. പക്ഷെ 30 പേജുള്ള ‘എം ഡോക്കുമെന്റ്റ്’ മോണ്ടെക് സിങ് ആലുവാലിയയുടെ സൃഷ്ടി ആയിരുന്നു എന്ന് പലര്‍ക്കും അറിയാമായിരുന്നു. പിന്നീടാണ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ സ്വര്‍ണം വിദേശത്ത് പണയം വെച്ച് ‘ഫോറിന്‍ എക്‌സ്‌ചേഞ്ജ് ക്‌റൈസിസ്’ പരിഹരിക്കുവാന്‍ ഉള്ള തീരുമാനം ഉണ്ടായത്.
ഇന്ത്യക്ക് 1991-ല്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റ്റെ കാലത്ത് ‘ബാലന്‍സ് ഓഫ് പേമെന്റ്റ് ക്രൈസിസ്’ പരിഹരിക്കാന്‍ വിദേശത്ത് സ്വര്‍ണം പണയം വെക്കേണ്ടിവന്നു. അവിടുന്നാണ് പൂര്‍ണ്ണമായ ഉദാരവല്‍കരണത്തിന്റ്റെ തുടക്കവും.
ഇപ്പോള്‍ ക്രൂഡ് ഓയില്‍ വിലകുറഞ്ഞതിന് ശേഷമാണ് നമ്മുടെ ‘ഫോറെക്‌സ് റിസേര്‍വ്’ ഒക്കെ ശക്തമായ നിലവില്‍ എത്തിയത്. 1991-ലെ ബാലന്‍സ് ഓഫ് പേമെന്റ്റ് ക്രൈസിസിന്റ്റെ സമയത്ത് രണ്ടോ മൂന്നോ ആഴ്ച വെളിയില്‍ നിന്നും അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള ‘ഫോറിന്‍ റിസേര്‍വ്’ മാത്രമേ അന്ന് ഇന്ത്യക്കു ഉണ്ടായിരുന്നുള്ളു.
വേള്‍ഡ് ബാങ്കും, ഇന്റ്റര്‍ നാഷണല്‍ മോനിട്ടറി ഫണ്ടും (IMF) ഇന്ത്യക്ക് ലോണ്‍ തരാന്‍ അന്ന് തയ്യാറല്ലായിരുന്നു. ആ സമയത്ത് കഴിവുള്ള, ഒരാളെ ആയിരുന്നു ധനകാര്യ മന്ത്രി പദവിയിലേക്ക് വേണ്ടിയിരുന്നത്. അങ്ങനെയാണ് പ്രൊഫഷണല്‍ ഇക്കോണമിസ്റ്റായ ഡോക്ടര്‍ മന്‍മോഹന്‍ സിങ് ഫിനാന്‍സ് മിനിസ്റ്റര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്.
കാലഘട്ടത്തിന്റ്റെ ആവശ്യം ആയിരുന്നു അത്. നരസിംഹ റാവുവിന്റ്റെ ഔദാര്യം അല്ലായിരുന്നു അത്.
ഇന്ത്യയുടെ സാമ്പത്തിക മാറ്റത്തിന് ദീര്‍ഘമായ ഒരു ചരിത്രമുണ്ട്. സത്യം പറഞ്ഞാല്‍, ഇന്ത്യയുടെ സാമ്പത്തിക മാറ്റം1980-കളുടെ തുടക്കത്തില്‍ തന്നെ തുടങ്ങിയിരുന്നു. ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന്റ്റെ അംബാസിഡറിനും, ഫിയറ്റിന്റ്റെ പ്രീമിയര്‍ പദ്മിനി കാര്‍ കമ്പനിക്കും വര്‍ഷത്തില്‍ ഇരുപതിനായിരം കാര്‍ ഉണ്ടാക്കാന്‍ മാത്രമേ ലൈസന്‍സ് കിട്ടിയിരുന്നുള്ളൂ. അതില്‍ നിന്ന് വ്യത്യസ്തമായി മാരുതിക്ക് വര്‍ഷം 2 ലക്ഷം കാറുണ്ടാക്കാന്‍ അനുമതി കിട്ടിയതും, ആ പ്രൊജക്റ്റ് വലിയ വിജയമായതും 1980-കളുടെ തുടക്കത്തില്‍ രാജീവ് ഗാന്ധിയുടെ ഉറച്ച പിന്തുണയോടെ ആയിരുന്നു.
രാജീവ് ഗാന്ധിയാണ് നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ആദ്യം വിമര്‍ശിച്ചു തുടങ്ങിയത്. പിന്നീട് പ്രധാനമന്ത്രി ആയപ്പോള്‍ വ്യവസായികളെ കൂടെ കൂട്ടി റഷ്യ പോലുള്ള രാജ്യങ്ങള്‍ രാജീവ് ഗാന്ധി സന്ദര്‍ശിക്കുകയും ചെയ്തു. ഇതൊക്കെ അന്നുവരെ പ്രധാനമന്ത്രിമാര്‍ അനുവര്‍ത്തിച്ചിരുന്ന രീതികളില്‍ നിന്ന് വിത്യാസമുള്ളതായിരുന്നു.
1980-കളില്‍ സിമന്റ്റ് ഉത്പാദനത്തില്‍ ആറു വര്‍ഷത്തിനുള്ളില്‍ ‘ലൈസന്‍സ് പെര്‍മിറ്റ്’ എടുത്തു കളഞ്ഞത് മൊണ്ടേക് സിങ് അലുവാലിയയുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയുടെ ശ്രമഫലത്തില്‍ ആയിരുന്നു. ‘കണ്‍സ്ട്രക്ഷന്‍ സെക്റ്റര്‍’ വികസിക്കാന്‍ ആ നയം മാറ്റം കളമൊരുക്കി. ഇങ്ങനെ കാര്‍ നിര്‍മാണവും, വന്‍തോതിലുള്ള സിമന്റ്റ് ഉത്പാദനവുമായിരുന്നു സാമ്പത്തിക ഉദാരവല്‍ക്കരണത്തിന് ‘ബാക്ഗ്രൗണ്ട്’ ആയി വര്‍ത്തിച്ചത്.
വേള്‍ഡ് ബാങ്കില്‍ ജോലി ചെയ്തിരുന്ന മൊണ്ടേക് സിങ് അലുവാലിയ 1979-ല്‍ തന്നെ ഇന്ത്യയില്‍ ജോയിന്റ്റ് സെക്രട്ടറി ആയി ജോലി തുടങ്ങിയിരുന്നു. ഡോക്ടര്‍ മന്‍മോഹന്‍ സിങ് അതിനു മുമ്പേ ഇന്ത്യയില്‍ സെക്രട്ടറി പദവിയില്‍ ഉണ്ടായിരുന്നു. രണ്ടു പേര്‍ക്കും പിന്നീട് മാത്രമേ പൂര്‍ണ്ണമായ പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭിച്ചുള്ളൂ.
കോണ്‍ഗ്രസില്‍ ജയറാം രമേശും, മണിശങ്കര്‍ അയ്യരും, പി. ചിദംബരവും മാത്രമേ പരസ്യമായി ഉദാരവത്കരണ നയത്തെ പിന്താങ്ങിയിരുന്നുള്ളൂ. നരസിംഹ റാവു അടക്കം മിക്ക കോണ്‍ഗ്രസുകാരും പഴയ സോഷ്യലിസ്റ്റ്-സ്വദേശി ഐഡിയകള്‍ ഉള്ളവര്‍ ആയിരുന്നു. അതുകൊണ്ട് ഡോക്ടര്‍ മന്‍മോഹന്‍ സിങ് അനുവര്‍ത്തിച്ച നയം ആദ്യം പോളിസികള്‍ പ്രഖ്യാപിക്കുക; പിന്നീട് ഗവണ്‍മെന്റ്റിന്റ്റേയും കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും പിന്തുണ തേടുക എന്നുള്ളതായിരുന്നു.
1991-കളില്‍ ഡോക്ടര്‍ മന്‍മോഹന്‍ സിങ് അനുവര്‍ത്തിച്ച സാമ്പത്തിക നയത്തെ പുകഴ്ത്തുമ്പോഴും, സ്വാതന്ത്ര്യത്തിന് ശേഷമുള്ള നെഹ്റു സര്‍ക്കാര്‍ മോശം പ്രകടനമല്ല സാമ്പത്തിക രംഗത്ത് കാഴ്ച വെച്ചത് എന്നും കൂടി ഓര്‍മിക്കണം.
മുന്‍ CDS ഡയറക്ടര്‍ ആയിരുന്ന പുലപ്രെ ബാലകൃഷ്ണന്റ്റെ പുസ്തകമായ ‘Economic Growth in India – History & Prospect’ -ല്‍ അദ്ദേഹം പറയുന്നത് ഇന്‍ഡസ്ട്രിയല്‍ വളര്‍ച്ചയില്‍ നെഹ്റുവിന്റ്റെ സമയത്ത് ഇന്ത്യക്ക് ചൈനയേക്കാള്‍ വളര്‍ച്ച ഉണ്ടായിരുന്നു എന്ന് തന്നെയാണ്. പുലപ്രെ ബാലകൃഷ്ണന്‍ ഡേറ്റയും സ്റ്റാറ്റിസ്റ്റിക്‌സും കൃത്യമായി ഉപയോഗിച്ചുകൊണ്ട് ഇന്ത്യ നെഹ്റുവിന്റ്റെ സമയത്ത് ചൈനയെക്കാള്‍ വ്യവസായിക വളര്‍ച്ചയില്‍ മുമ്പിലായിരുന്നു എന്ന് സ്ഥാപിക്കുന്നുണ്ട്.
പണ്ട് ഇന്ത്യക്ക് അധികം സമ്പത്തൊന്നും ഇല്ലാതിരുന്നപ്പോള്‍ തന്നെ, നെഹ്റുവിന്റ്റെ കാലത്ത് ഭീലായ് സ്റ്റീല്‍ പ്ലാന്റ്റ്, ഭക്രാ നന്‍ഗല്‍ ഡാം – എന്നീ ബ്രിഹത് പദ്ധതികള്‍ യാഥാര്‍ഥ്യമായി. ഭക്രാ നന്‍ഗല്‍ ഡാം വന്നതിനു ശേഷം പഞ്ചാബിലെ ജനങ്ങളുടെ സംസാരം പോലും ‘ഡാം വന്നതിനു ശേഷം; ഡാം വരുന്നതിനു മുമ്പ്’ എന്ന രീതിയില്‍ മാറിപ്പോയെന്നാണ് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ ‘India after Gandhi – The History of the World’s Largest Democracy’ എന്ന പുസ്തത്തില്‍ പറയുന്നത്. അത്രമാത്രം അവിടുത്തെ ജനങ്ങളുടെ ജീവിതരീതിയെ ഭക്രാ നന്‍ഗല്‍ ഡാം മാറ്റിമറിച്ചു.
ഐ.ഐ.ടി., ഐ.ഐ.എം., ഐ.എസ്.ആര്‍.ഒ., പഞ്ചരത്‌ന കമ്പനികള്‍, നവരത്‌ന കമ്പനികള്‍ – ഇതെല്ലാം നെഹ്‌റു സര്‍ക്കാരിന്റ്റെ കാലത്തുണ്ടായി. പക്ഷെ ത്വരിത ഗതിയില്‍ പിന്നീടങ്ങോട്ട് ബ്രിഹത് പദ്ധതികള്‍ ഇന്ത്യാ മഹാരാജ്യത്ത് യാഥാര്‍ഥ്യമായില്ല.
നാഷണല്‍ ജ്യോഗ്രഫിക്ക് ചൈനയുടെ കാര്യത്തില്‍ ലക്ഷങ്ങള്‍ പണിയെടുക്കുന്ന ചൈനീസ് ഫാക്റ്ററികളും, കയറ്റുമതി ചെയ്യാനായി നീണ്ടുകിടക്കുന്ന കണ്ടെയ്‌നറുകളും കാണിക്കുന്നുണ്ട്. 1990-കളില്‍ ആണ് ഇന്ത്യ ചൈനയോട് വര്‍ഗീയത മൂലം സാമ്പത്തിക വളര്‍ച്ചയില്‍ പിന്നിലായി പോയത്. നിലവില്‍ ബി.ജെ.പിയുടേയും സംഘ പരിവാറുകാരുടേയും മുസ്‌ലിം വിരോധവും, പാകിസ്ഥാന്‍ വിരോധവും കാരണം നാം സാമ്പത്തിക-സൈനിക മേഖലയിലെ യഥാര്‍ത്ഥ എതിരാളിയായ ചൈനയെ കാണാതെ പോകുകയാണ്.
രാഷ്ട്രീയമായി കോണ്‍ഗ്രസിന്റ്റെ പ്രതാപം നഷ്ടപ്പെടുത്തുന്നതിന് കാരണമായ, ബാബരി മസ്ജിദ് ധ്വംസനത്തിന് ഉത്തരവാദി നരസിംഹറാവു ആയിരുന്നു.
ബാബരി മസ്ജിദ് തകര്‍ന്നപ്പോള്‍ ഉറക്കം നടിച്ചതും, ഡല്‍ഹി കലാപത്തിന്റ്റെ സമയത്ത് ആഭ്യന്തര മന്ത്രിയായിരുന്ന നരസിംഹറാവു ഉണര്‍ന്നു പ്രവര്‍ത്തിക്കാതിരുന്നതും പില്‍ക്കാലത്ത് കോണ്‍ഗ്രസിന്റ്റെ തന്നെ ഇമേജിനെ ബാധിച്ചു.
‘മുസ്ലിം വോട്ട് ബെയ്സ്’ നരസിംഹറാവുവിന്റ്റെ ‘ഉറക്കം നടിക്കല്‍’ മൂലം കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു. ബാബരി മസ്ജിദ് തകര്‍ക്കാന്‍ നരസിംഹ റാവു അഞ്ചു ലക്ഷം രൂപ കൊടുത്തുവെന്നാണ് സി.ബി.ഐ, കോബ്ര പോസ്റ്റ് അന്വേഷണങ്ങള്‍ തെളിയിക്കുന്നത്.
അതുപോലെ ഐ.എസ്.ആര്‍.ഓ ചാരക്കേസില്‍ നരസിംഹ റാവുവിന്റ്റെ മകനായ പ്രഭാകര റാവുവിന്റ്റെ ബന്ധം IB കണ്ടെത്തിയിരുന്നു എന്നാണ് പലരും പറയുന്നത്. നരസിംഹ റാവുവിന്റ്റെ കേരളത്തിലേക്കുള്ള രഹസ്യ യാത്രയെ കുറിച്ച് മലോയ് കൃഷ്ണധര്‍ എന്ന മുന്‍ ഇന്റ്റെലിജെന്‍സ് ഓഫീസര്‍ എഴുതിയ ‘ഓപ്പണ്‍ സീക്രട്‌സ്’ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ഐ.എസ്.ആര്‍.ഒ. ചാരക്കേസ് ഒതുക്കാന്‍ തന്നെയായിരുന്നു ഈ രഹസ്യ യാത്ര എന്നാണ് മലോയ് കൃഷ്ണ ധര്‍ പറയുന്നത്. ഐ.എസ്.ആര്‍.ഒ. കേസിന്റ്റെ കാര്യത്തില്‍ മലോയ് കൃഷ്ണ ധര്‍ന്റ്റെ ‘ഓപ്പണ്‍ സീക്രട്‌സ്’ എന്ന പുസ്തകത്തില്‍ പറയുന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ല.
ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് മുമ്പ് നരസിംഹ റാവുവിനെ കണ്ടപ്പോള്‍, പുള്ളി അഞ്ചു ലക്ഷം രൂപ കൊടുത്തുവെന്നുള്ളത് വിശ്വ ഹിന്ദു പരിഷത്തിന്റ്റെ ഒരാള്‍ തന്നെ വിളിച്ചു പറഞ്ഞതാണ്. സി.ബി.ഐ., കോബ്ര പോസ്റ്റ് അന്വേഷണങ്ങളും ബാബരി മസ്ജിദ് തകര്‍ത്തതില്‍ നരസിംഹ റാവുവിന്റ്റെ റോള്‍ ശരി വെച്ചതാണ്.
അല്ലെങ്കില്‍ തന്നെ, ലക്ഷക്കണക്കിനാളുകള്‍ അയോധ്യയിലെ മസ്ജിദിനുചുറ്റും കൂടിയിരിക്കുമ്പോള്‍ അതിന്റ്റെ പിന്നിലെ ഉദ്ദേശ്യം പ്രധാനമന്ത്രിക്ക് സ്വോഭാവികമായും ഇന്റ്റലിജെന്‍സ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഒരു സാധാരണ ഭരണ രീതി മാത്രമാണ്.
മസ്ജിദ് തകര്‍ക്കാന്‍ ആണ് ഉദ്ദേശ്യം എന്നറിഞ്ഞാല്‍ അതിനെതിരെ പ്രതിരോധ നടപടികള്‍ കൈക്കൊള്ളേണ്ടതും, വേണ്ടിവന്നാല്‍ ആര്‍മിയെ വിളിക്കേണ്ടതും ഒരു പ്രധാന മന്ത്രിയുടെ ഭണഘടനാ ചുമതല ആയിരുന്നു.
എന്തിനു കൂടുതല്‍ പറയുന്നൂ, ലിബര്‍മാന്‍ കമ്മീഷന്റ്റെ തെളിവെടുപ്പ് വേളയില്‍ എന്ത് തൊട്ടിത്തരവും കാണിച്ചു അധികാരം നിലനിര്‍ത്താന്‍ നോക്കിയ ആളല്ലേ നിങ്ങള്‍ എന്ന് പച്ചയായി നരസിംഹ റാവുവിനോട് ചോദിച്ചതാണ്. അപ്പോള്‍ റാവു വികാരഭരിതനായതുപോലെ അഭിനയിക്കുകയാണ് ഉണ്ടായത്.
നരസിംഹ റാവു പ്രധാന മന്ത്രി പദവിക്ക് യോഗ്യമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിച്ചതിന്റ്റെ പിന്നിലെ കാരണം ഇന്നും ദുരൂഹമാണ്. ഭരണപരമായ കഴിവില്ലായ്മയോ, ഹിന്ദുത്വ രാഷ്ട്രീയത്തോട് നീക്കുപോക്ക് നടത്തിയതോ ആയിരിക്കും ഒരുപക്ഷെ കാരണം. ഇന്നത്തെ കോണ്‍ഗ്രസ് നേത്വത്ത്വത്തിന് നരസിംഹ റാവുനോട് ഒരു മമതയും ഇല്ലാത്തത് അതുകൊണ്ടൊക്കെ ആണെന്നാണ് തോന്നുന്നത്. നേരേമറിച്ച്, അഴിമതിയുടെ പേരില്‍ കോടതികള്‍ കയറിയിറങ്ങിയ നരസിംഹ റാവു ഇന്നിപ്പോള്‍ ബഹുമാനിതനാകുന്നത് ഹിന്ദുത്വ രാഷ്ട്രീയത്തോട് നീക്കുപോക്ക് നടത്തിയതു കൊണ്ടാണെന്നുള്ളത് വ്യക്തം.
(ലേഖകന്റ്റെ ഈ അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റ്റെ ജോലിയുമായി ഒരു ബന്ധവുമില്ല)
content highlights: Manmohan Singh, not Rao, was the architect of economic liberalisation