| Friday, 27th December 2024, 8:43 am

മന്‍മോഹന്‍ സിങ് ഒരിക്കലും ഇന്ത്യയുടെ ചരിത്ര നേട്ടങ്ങളുടെ പങ്ക് പറ്റിയിരുന്നില്ല: പി. ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അന്തരിച്ച മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തില്‍ അനുശോചനവുമായി മുന്‍ കേന്ദ്രധനകാര്യ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കെട്ടിപ്പെടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച മന്‍മോഹന്‍ സിങ് എന്നാല്‍ ഒരിക്കല്‍പ്പോലും ആ നേട്ടങ്ങളുടെ പങ്ക് പറ്റിയിട്ടില്ലെന്ന് പി. ചിദംബരം പറഞ്ഞു. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഡോ. മന്‍മോഹന്‍ സിങ്ങിനെക്കുറിച്ച് സംസാരിക്കുന്നത് തനിക്ക് വളരെ വൈകാരികമായ ഒരു കാര്യമാണ് എന്ന് പറഞ്ഞാണ് പി. ചിദംബരം കുറിപ്പ് ആരംഭിക്കുന്നത്. മുന്‍ പ്രധാനമന്ത്രിയുമായി വര്‍ഷങ്ങളോളം അടുത്ത് പ്രവര്‍ത്തിച്ച പി. ചിദംബരം മന്‍മോഹന്‍ സിങ്ങിനെക്കാള്‍ വിനയാന്വിതനും ആത്മാഭിമാനമുള്ളവനുമായ ഒരാളെ ഇതിന് മുമ്പ് കണ്ടിട്ടില്ലെന്നും അഭിപ്രായപ്പെട്ടു.

‘അദ്ദേഹം തന്റെ നേട്ടങ്ങളെ വളരെ ലളിതമായാണ് സ്വീകരിച്ചത്. എന്നാല്‍ ഒരിക്കല്‍പ്പോലും ആ ചരിത്ര നേട്ടങ്ങളുടെ പങ്ക് പറ്റിയില്ല. ഇന്ത്യയുടെ ചരിത്രം മാറിമറയുന്നത് അദ്ദേഹം ധനമന്ത്രി ആയപ്പോഴാണ്. അതിനാല്‍ തന്നെ ഇന്നത്തെ മധ്യവര്‍ഗ ഇന്ത്യ അദ്ദേഹത്തിന്റെ സൃഷ്ടിയാണ്,’ ചിദംബരം എക്‌സില്‍ കുറിച്ചു.

ഇന്ത്യയുടെ ഭൂരിഭാഗം ജനങ്ങളും ദാരിദ്രരാണ് എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടാണ് അദ്ദേഹം പല നയങ്ങളും രൂപീകരിച്ചതെന്നും ചിദംബരം ഓര്‍ത്തെടുത്തു.

അതിനാല്‍ തന്നെ സര്‍ക്കാരിന്റെ നയങ്ങള്‍ പാവങ്ങള്‍ക്ക് അനുകൂലമായിരിക്കണമെന്ന് അദ്ദേഹം എപ്പോഴും നിഷ്‌കര്‍ഷിച്ചിരുന്നെന്നും അതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് എം.ജി.എന്‍.ആര്‍.ഇ.ജി.എയും (മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം)  പി.ഡി.എസി (പൊതു വിതരണ സംവിധാനം) പുനരാവിഷ്‌കരണവും ഉച്ചഭക്ഷണ പദ്ധതിയുടെ വിപുലീകരണവുമെന്നും പി. ചിദംബരം ചൂണ്ടിക്കാട്ടി.

അദ്ദേഹത്തിന്റെ കഥ ഇനിയും പൂര്‍ണമായി പറഞ്ഞ് തീര്‍ന്നിട്ടില്ലെന്നും നേട്ടങ്ങള്‍ മുഴുവനായും അടയാളപ്പെടുത്തിയിട്ടില്ലെന്നും പി. ചിദംബരം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കഴിഞ്ഞുപോയ 23 കൊല്ലങ്ങളിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമായിരുന്നെന്ന് നമുക്ക് കാണാനും അദ്ദേഹത്തിന്റെ സംഭാവനകള്‍ മനസിലാക്കാനും സാധിക്കുമെന്ന് തനിക്ക് ഉറപ്പാണെന്ന് പറഞ്ഞാണ് പി. ചിദംബരം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. 2004-2014 കാലയളവില്‍ മന്‍മോഹന്‍സിങ് മന്ത്രിസഭയിലെ ധനമന്ത്രി ആയിരുന്നു അദ്ദേഹം.

Content Highlight: Manmohan Singh never took share of India’s historical achievements says P. Chidambaram

We use cookies to give you the best possible experience. Learn more