[]ന്യൂദല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഒരാഴ്ചത്തെ സന്ദര്‍ശത്തിനായി അമേരിക്കയിലേക്ക് യാത്ര തിരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുമായുള്ള കൂടിക്കാഴ്ചയ്ക്കും യു.എന്‍. പൊതുസഭയില്‍ പങ്കെടുക്കാനുമാണ് മന്‍മോഹന്‍ സിങ് യാത്ര തിരിക്കുന്നത്.
പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായും മന്‍മോഹന്‍ കൂടിക്കാഴ്ച നടത്തും.
ഗുജറാത്തിലെ മിത്തി വാര്‍ദിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അമേരിക്കന്‍ കമ്പനിയുമായി ഇന്ത്യ കരാറുണ്ടാക്കും. സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കേന്ദ്രമന്ത്രിസഭാ സമിതി ഇതിന് അനുമതി നല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍ ആണവോര്‍ജ കോര്‍പ്പറേഷനും ഇതേ മേഖലയിലെ അമേരിക്കന്‍ സ്ഥാപനമായ വെസ്റ്റിങ് ഹൗസുമായുള്ള കരാര്‍ ഈ സന്ദര്‍ശനത്തില്‍ ഒപ്പിടും. 102 കോടിയുടെ പ്രാഥമിക കരാറാണ് ഒപ്പുവെക്കുക.
ആണവ ബാധ്യത നിയമത്തില്‍ ഇളവ് അനുവദിച്ച് കൊണ്ടാണ് അമേരിക്കന്‍ കമ്പനിയുമായി കരാര്‍ ഒപ്പുവെക്കുന്നത്. ആണവ ബാധ്യതാ നിയമത്തില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ കമ്പനി ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.
ആണവ ദുരന്തമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യതയില്‍ നിന്ന് അമേരിക്കന്‍ കമ്പനികളെ ഒഴിവാക്കുകയാണ് ആണവാ ബാധ്യതാ നിയമത്തില്‍ ഇളവ് വരുത്തുന്നതിന് പിന്നിലെ ലക്ഷ്യം.
ആണവ ദുരന്തമുണ്ടായാല്‍ നിലയങ്ങളുടെ നടത്തിപ്പുകാര്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതാണ് ആണവ ബാധ്യതാ നിയമം. ഇതിലാണ് ഇളവ് വരുത്തിയത്.
ആണവ കരാര്‍ നടപ്പാക്കല്‍, പ്രതിരോധ രംഗത്തെ സഹകരണം മെച്ചപ്പെടുത്തല്‍, സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങള്‍ തുടങ്ങിയവ മന്‍മോഹന്‍ ഒബാമയുമായി ചര്‍ച്ച ചെയ്യും.
11,000 കോടി രൂപ ചിലവില്‍ രണ്ട് ആണവനിലയങ്ങള്‍ ഗുജറാത്തില്‍ സ്ഥാപിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. 2015 ഓടെ ആദ്യ ആണവ നിലയം പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് എന്‍.പി.സി.എല്‍ വൃത്തങ്ങള്‍ പറയുന്നത്. 750 മെഗാവാട്ട് പ്ലാന്റാണ് ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ സ്ഥാപിക്കുന്നത്.
ഇന്ത്യയില്‍ നിന്നുള്ള ഐ.ടി.വിദഗ്ധരെ ബാധിക്കുന്ന യു.എസ്.വിസ ചട്ടങ്ങളിലെ ഭേദഗതിയും ചര്‍ച്ചാവിഷയമാവും. 2009നു ശേഷം പ്രധാനമന്ത്രി മൂന്നാമത്തെ തവണയാണ് ഒബാമയുമായി കൂടിക്കാഴ്ച നടത്തുന്നത്.