സോഷ്യല്‍ മീഡിയയുടെ അനിയന്ത്രിത ഉപയോഗം അവസാനിപ്പിക്കണമെന്ന് മന്‍മോഹന്‍ സിങ്
India
സോഷ്യല്‍ മീഡിയയുടെ അനിയന്ത്രിത ഉപയോഗം അവസാനിപ്പിക്കണമെന്ന് മന്‍മോഹന്‍ സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th September 2013, 12:45 am

[]ന്യൂദല്‍ഹി: സോഷ്യല്‍ മീഡിയയുടെ അനിയന്ത്രിത ഉപയോഗം പരിശോധിക്കാന്‍ സംവിധാനമേര്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്.

സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്ത് സമുദായങ്ങള്‍ക്കിടയില്‍ ശത്രുത പരത്തുന്ന പ്രവണത വര്‍ധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

ഇത്തരം നീക്കങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാറുകള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പതിനാറാം ദേശീയോദ്ഗ്രഥന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോഷ്യല്‍ മീഡിയയുടെ അനിയന്ത്രിത ഉപയോഗം പരിശോധിക്കാന്‍ സംവിധാനമേര്‍പ്പെടുത്തണമെന്ന് പല മുഖ്യമന്ത്രിമാരും ആവശ്യപ്പെട്ടു.

ഈയടുത്ത് നടന്ന പല സംഘര്‍ഷങ്ങളിലും വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് വര്‍ഗീയ സംഘര്‍ഷങ്ങളില്‍ നിന്ന് മുതലെടുപ്പ് നടത്താന്‍ ചില രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുസാഫര്‍നഗര്‍ സംഘര്‍ഷത്തിന് ആക്കം കൂട്ടിയത് ഇത്തരം വ്യാജ വീഡിയോ പ്രചാരണമായിരുന്നു.  മുസാഫര്‍നഗറിലുണ്ടായ കലാപത്തെ തുടര്‍ന്ന് ജീവനും സ്വത്തിനും കനത്ത നഷ്ടമാണ് ഉണ്ടായത്.

കാശ്മീരിലും ആസാമിലും ഇത്തരം കലാപങ്ങള്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി കാണുകയുണ്ടായി. കലാപങ്ങള്‍ തടയുന്നതിന് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാറുകളുടെ ഭാഗത്തുമിന്ന് ഉണ്ടാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ലൈംഗികാതിക്രമങ്ങള്‍ രാജ്യത്ത് വര്‍ധിച്ചുവരികയാണെന്നും സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ സാമൂഹിക ചിന്താഗതിയില്‍ മാറ്റം അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി ദേശീയോദ്ഗ്രഥന സമിതി യോഗത്തില്‍ നിന്ന് വിട്ടുനിന്നു.