Advertisement
national news
രാജ്യത്ത് രാഷ്ട്രീയ സംവാദങ്ങളുടെ നിലവാരം കൂപ്പുകുത്തി ; മോദി സ്വയം നിയന്ത്രിക്കണം : മന്‍മോഹന്‍ സിങ്ങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Nov 26, 06:23 pm
Monday, 26th November 2018, 11:53 pm

ന്യൂദല്‍ഹി: രാജ്യത്ത് രാഷ്ട്രീയ സംവാദങ്ങളുടെ നിലവാരം കൂപ്പുകുത്തിയിരിക്കുകയാണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. പൊതു പ്രസംഗങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിയന്ത്രണം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ “ഫേബിള്‍സ് ഓഫ് ഫ്രാക്ചേഡ് ടൈംസ്” എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്‍മോഹന്‍ സിങ്.

പ്രധാനമന്ത്രി എന്ന നിലയില്‍ മോദി വേണ്ടത്ര നിയന്ത്രണം പാലിക്കണമെന്നാണ് എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത്. ബിജെപി അല്ലാതെ മറ്റേതെങ്കിലും പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെത്തുമ്പോള്‍ മോദി നടത്തുന്ന പ്രസംഗത്തിന്റെ ഭാഷയില്‍ നിയന്ത്രണം പാലിക്കാന്‍ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വമുണ്ട്- മന്‍മോഹന്‍ സിങ് പറഞ്ഞു.

Also Read:  ജമ്മു കാശ്മീര്‍; പെല്ലറ്റ് ആക്രമണത്തിനിരയായി 19 മാസം പ്രായമുള്ള ഹിബ

കോണ്‍ഗ്രസ് ഒരിക്കലും ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് വിവേചനം കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മോദി ഇന്ത്യക്കാരുടെ മുഴുവന്‍ പ്രധാനമന്ത്രിയാണ്.

പ്രധാനമന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്വ ബോധവും ഔചിത്യവും അദ്ദേഹം പ്രകടിപ്പിക്കണമെന്നും മന്‍മോഹന്‍ സിങ് നരേന്ദ്ര മോദിയെ ഓര്‍മ്മിപ്പിച്ചു.