| Friday, 7th September 2012, 12:58 pm

പ്രതിപക്ഷം ജനാധിപത്യവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു: മന്‍മോഹന്‍ സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാര്‍ലമെന്ററി ജനാധിപത്യം പ്രതിപക്ഷം ഇല്ലാതാക്കിയെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് . കല്‍ക്കരിപാടവിഷയത്തില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഏറെക്കുറെ പൂര്‍ണമായി തടസപ്പെട്ട പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.[]

ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണ്. ഇവിടെ പാലിക്കപ്പെടേണ്ട ചില ചട്ടങ്ങളും നിയമങ്ങളും ഉണ്ട്. രാഷ്ട്രീയപ്രവര്‍ത്തകര്‍ തന്നെ ജനാധിപത്യ വിരുദ്ധ നടപടികള്‍ കൈക്കൊള്ളുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ മാനദണ്ഡങ്ങളെ പ്രതിപക്ഷം പൂര്‍ണമായി അവഗണിക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

കല്‍ക്കരിപാട വിഷയത്തില്‍ പ്രതിപക്ഷം പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് പോലും തയാറായില്ല. ഇത്തരം സമീപനം ഇനിയും അനുവദിക്കുകയാണെങ്കില്‍ അത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ലംഘനമാകും.

ഏത് വിഷയമായാലും അത് ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ തയ്യാറാകുന്നവരായിരിക്കണം പ്രതിപക്ഷം. എന്നാല്‍ അനാവശ്യമായ വിവാദങ്ങള്‍ക്ക് മാത്രമാണ് പ്രതിപക്ഷം ശ്രമിച്ചതെന്നും മന്‍മോഹന്‍ സിങ് കുറ്റപ്പെടുത്തി.

കല്‍ക്കരി ഖനന വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയതാണ്. കൂടുതല്‍ ചര്‍ച്ചയ്ക്കും വിശദീകരണങ്ങള്‍ക്കും തയ്യാറുമായിരുന്നു. എന്നാല്‍ അത്തരത്തിലുള്ള യാതൊരു വിട്ടുവീഴ്ചയ്ക്കും പ്രതിപക്ഷം തയ്യാറായില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

കല്‍ക്കരിപാട വിഷയത്തില്‍ തുടര്‍ച്ചയായ 13 ദിവസം തടസപ്പെട്ട ലോക്‌സഭ ഇന്നാണ് വര്‍ഷകാല സമ്മേളനം പൂര്‍ത്തിയാക്കി അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്.

രാവിലെ സഭ സമ്മേളിച്ചപ്പോള്‍ ബി.ജെ.പി അംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് 12 മണി വരെ പിരിഞ്ഞു. 12 മണിക്ക് വീണ്ടും ചേര്‍ന്നപ്പോള്‍ ബഹളം തുടര്‍ന്നതിനാല്‍ സമ്മേളനം അവസാനിപ്പിച്ച് അനിശ്ചിതകാലത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more