ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. മധ്യപ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മോദി സര്‍ക്കാരിന്റെ പിഴവുകള്‍ എടുത്തുപറഞ്ഞ് മന്‍മോഹന്‍സിംഗ് സര്‍ക്കാരിനെ കടന്നാക്രമിച്ചത്.
“പാര്‍ലമെന്റും സി.ബി.ഐയും പോലുള്ളവയുടെ ക്രെഡിബിലിറ്റി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ജനാധിപത്യത്തെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്.”
നിയമവ്യവസ്ഥ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ അവസ്ഥ മാറിയില്ലെങ്കില്‍ നമ്മുടെ തലമുറയ്ക്ക് ചരിത്രം മാപ്പ് കൊടുക്കില്ല. ജി.എസ്.ടിയിലും റഫേല്‍ ഇടപാടിലും സര്‍ക്കാരിന്റെ പിഴവുകള്‍ എടുത്തുപറഞ്ഞ മന്‍മോഹന്‍ എല്ലാവരും ഒന്നിച്ച് ചേര്‍ന്ന് ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
ALSO READ: നോട്ടുനിരോധനം: അന്ന് മന്‍മോഹന്‍ സിങ് പ്രവചിച്ചത് അംഗീകരിച്ച് ഇന്ന് മോദി സര്‍ക്കാര്‍
റാഫേല്‍ ഇടപാടില്‍ രാജ്യം സംശയത്തോടെയാണ് സര്‍ക്കാരിനെ നോക്കുന്നത്. അവര്‍ക്ക് സത്യം അറിയാന്‍ ആഗ്രഹമുണ്ട്. പ്രതിപക്ഷത്തുള്ളവരടക്കം നിരവധി സംഘടനകള്‍ കരാര്‍, സംയുക്ത പാര്‍ലമെന്ററി സമിതിയേക്കൊണ്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അതിന് തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നോട്ടു നിരോധനം ഒരിക്കലും മരിക്കാത്ത പിഴവാണ്, കള്ളപ്പണം പിടിച്ചെടുക്കാനും കഴിഞ്ഞില്ല. 2014 ല്‍ മോദി നല്‍കിയ ജോലി വാഗ്ദാനം ഇനിയും പാലിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
റിസര്‍വ് ബാങ്കും ധനകാര്യവകുപ്പും തമ്മിലുള്ള ബന്ധം വഷളായെന്നും മന്‍മോഹന്‍സിംഗ് പറഞ്ഞു.
അതേസമയം നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് മന്‍മോഹന്‍ സിംഗിന്റെ പ്രചവനം ശരിവെച്ച് കേന്ദ്രസര്‍ക്കാര്‍ തന്നെ രംഗത്തെത്തി. നോട്ടുനിരോധനം കര്‍ഷകര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് കൃഷി മന്ത്രാലയമാണ് സമ്മതിച്ചത്.
ധനകാര്യത്തെക്കുറിച്ച് പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിക്കു മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കൃഷ് മന്ത്രാലയം ഇക്കാര്യം സമ്മതിക്കുന്നത്.
” ശൈത്യകാലത്തേക്കുള്ള വിളവിനായി ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് വിത്തും വളവും വാങ്ങിക്കാന്‍ പണമില്ലാത്ത അവസ്ഥവന്നു. കര്‍ഷകര്‍ക്ക് ദിവസക്കൂലി നല്‍കുന്നതിനും കൃഷിക്കായി വിത്തുകള്‍ വാങ്ങുന്നതിനും പണമില്ലാതെ വലിയ ഭൂവുടമകള്‍ പോലും ബുദ്ധിമുട്ടി.” എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
WATCH THIS VIDEO: