| Thursday, 10th August 2017, 8:33 am

യുവാക്കളെ ചരിത്രം പഠിപ്പിക്കാനൊരുങ്ങിയുള്ള മോദിയുടെ ട്വീറ്റിന് തകര്‍പ്പന്‍ മറുപടിയുമായി മന്‍മോഹന്‍ സിങ്ങിന്റെ ട്രോള്‍ അക്കൗണ്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ക്വിറ്റിന്ത്യാ സമരത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റിന് തകര്‍പ്പന്‍ മറുപടിയുമായി മന്‍മോഹന്‍ സിങ്ങിന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട്.

ക്വിറ്റ് ഇന്ത്യാ സമരം പോലുള്ള ചരിത്ര സമരങ്ങളെക്കുറിച്ച് യുവതലമുറ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. എന്നാല്‍ അതിനേക്കാള്‍ പ്രാധാന്യത്തോടെ പഠിപ്പിക്കേണ്ടത് ആര്‍.എസ്.എസിന് ഇതുപോലുള്ള ചരിത്ര സമരങ്ങളിലൊന്നും യാതൊരു പങ്കുമില്ലെന്നതാണ് എന്നായിരുന്നു മന്‍മോഹന്‍ സിങ്ങിന്റെ പേരിലുള്ള അക്കൗണ്ടില്‍ നിന്നുള്ള മറുപടി.

“ആര്‍.എസ്.എസിന് ക്വിറ്റ് ഇന്ത്യാ സമരം പോലുള്ള ചിത്ര സമരങ്ങളിലൊന്നും യാതൊരു റോളും ഉണ്ടായിരുന്നില്ലെന്ന് യുവ തലമുറ അറിഞ്ഞിരിക്കേണ്ടതാണ് അതിലും അത്യാവശ്യം.” എന്നായിരുന്നു ട്വീറ്റ്.


മുന്‍ പ്രധാനമന്ത്രിയുടെ പേരിലുള്ള ട്രോള്‍ അക്കൗണ്ടാണ് മോദിയെ നൈസായി ട്രോളിയിരിക്കുന്നത്. നേരത്തെയും പി.എം.ഒയുടെ ട്വിറ്റുകള്‍ക്കു കീഴില്‍ ഈ അക്കൗണ്ടില്‍ നിന്നും ഉരുളയ്ക്ക് ഉപ്പേരി കണക്കിനുള്ള മറുപടികള്‍ വന്നിരുന്നു.

എന്തായാലും ട്രോള്‍ അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റാണെങ്കിലും സോഷ്യല്‍ മീഡിയ ഇത് ആഘോഷമാക്കിയിരിക്കുകയാണ്. “ഇതാണ് മറുപടി” എന്നു പറഞ്ഞുകൊണ്ട് ഈ രണ്ടുപോസ്റ്റിന്റെയും സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് സോഷ്യല്‍ മീഡിയകളില്‍ ഇതു പ്രചരിക്കുന്നത്.

സ്വാതന്ത്ര്യ സമരപോരാട്ടത്തിലുടനീളം ബ്രിട്ടീഷ് കോളോണിയലിസത്തിനുമേല്‍ താണുകൊടുക്കുന്ന നിലപാടാണ് ആര്‍.എസ്.എസ് സ്വീകരിച്ചത്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും പ്രവര്‍ത്തകരെ നേതൃത്വം വിലക്കുന്ന സമീപനങ്ങളും ഉണ്ടായതായി ചരിത്രം പറയുന്നു.

We use cookies to give you the best possible experience. Learn more