മന്‍മോഹന്‍ സിങ്ങും വെന്‍ ജിയാബാവോയും കൂടിക്കാഴ്ച നടത്തി
India
മന്‍മോഹന്‍ സിങ്ങും വെന്‍ ജിയാബാവോയും കൂടിക്കാഴ്ച നടത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th November 2012, 2:30 pm

നോംപെന്‍: ആസിയാന്‍ ഉച്ചകോടിയോടനുബന്ധിച്ച് കംബോഡിയയിലെത്തിയ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങും ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബാവോയും കൂടിക്കാഴ്ച നടത്തി. കംബോഡിയന്‍ തലസ്ഥാനത്തായിരുന്നു ഇരുവരും 45 മിനിറ്റ് ചര്‍ച്ച നടത്തിയത്.[]

പത്താമത് ആസിയാന്‍- ഇന്ത്യ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി കംബോഡിയന്‍ തലസ്ഥാനത്തെത്തിയത്. ചൈനയില്‍ അധികാരമാറ്റം അടുത്ത സാഹചര്യത്തിലാണ് കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം നല്ല നിലയിലാണെന്നും ഇത് കൂടുതല്‍ ശക്തവും വിശാലവും ആഴത്തിലുള്ളതുമാക്കണമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്തു. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ ഇത് 14-ാം തവണയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്.

തങ്ങള്‍ക്കിടയില്‍ നല്ലൊരു സൗഹൃദം രൂപപ്പെട്ടിട്ടുണ്ടെന്നും അത് തങ്ങളുടെ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യങ്ങളുടെ സൗഹൃദപരമായ അന്തരീക്ഷമാണ് ലക്ഷ്യമിടുന്നതെന്നും അതിനായി ഏത് വിധത്തിലുള്ള നടപടി കൈക്കൊള്ളാനും തയ്യാറാണെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

2005-10 കാലത്ത് വെന്‍ജിയാബോ ഇന്ത്യയില്‍ നടത്തിയ സന്ദര്‍ശനങ്ങള്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ സഹായിച്ചതായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. വെന്‍ ജിയാബാവോയുമായി സഹകരിക്കുന്നതില്‍ വ്യക്തിപരമായി വില കല്‍പ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വ്യാപാരത്തിലെ അസന്തുലിതാവസക്കഥ പരിഹരിക്കാനും ചൈനയിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കാനുമാണ് ഇന്ത്യയുടെ ശ്രമം. ഐടി, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലകള്‍ക്കാണ് ഇന്ത്യ മുന്‍ഗണന നല്‍കുന്നത്.