നിങ്ങള്‍ക്കറിയാമോ, മന്‍മോഹന്‍ സിങ്ങിന്റെ കാലത്ത് മൂന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തിയിട്ടുണ്ട്; രാഹുല്‍ ഗാന്ധി
national news
നിങ്ങള്‍ക്കറിയാമോ, മന്‍മോഹന്‍ സിങ്ങിന്റെ കാലത്ത് മൂന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തിയിട്ടുണ്ട്; രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st December 2018, 12:43 pm

ഉദയ്പുര്‍:മന്‍മോഹന്‍ സിങ്ങിന്റെ ഭരണത്തിനിടെ മൂന്നു സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തിയിരുന്നെന്നും എന്നാല്‍ സുരക്ഷയെ കരുതി അന്നത് രഹസ്യമാക്കി വെക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും രാഹുല്‍ ഗാന്ധി. സ്വന്തം മന്ത്രിസഭയെ നിഷ്പ്രഭമാക്കുന്നതാണ് രീതിയിലാണ് മോദി പ്രവര്‍ത്തിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തു.

“നിങ്ങള്‍ക്കറിയാമോ, നരേന്ദ്ര മോദിയുടെ ഭരണകാലത്ത് നടന്ന പോലെ മൂന്ന് മിന്നലാക്രമണങ്ങള്‍ മന്‍മോഹന്‍ സിങ്ങിന്റെ കാലത്ത് നടന്നിരുന്നു. സൈന്യം മന്‍മോഹന്‍ സിങ്ങിനോട് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തേണ്ട ആവശ്യകതയെപ്പറ്റിയും അത് രഹസ്യമാക്കിവെക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റിയും അന്ന് ചര്‍ച്ച ചെയ്തു”- രാഹുല്‍ പറഞ്ഞു.

എന്നാല്‍ സൈന്യത്തിന്റെ തീരുമാനങ്ങളില്‍ ഇടപെട്ട് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് മോദി എന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു . “ആര്‍മിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ മോദി ഒരു രാഷ്ട്രീയ നേട്ടമായി കാണുകയാണ്. അത് സത്യത്തില്‍ സൈന്യത്തിന്റെ തീരുമാനമായിരുന്നു”- രാഹുല്‍ പറയുന്നു.

സൈനിക, കാര്‍ഷിക, വിദേശകാര്യ മേഖലകളില്‍ അതാത് വകുപ്പുകളിലെ മന്ത്രിമാരെക്കാളും ഉദ്യോഗസ്ഥരെക്കാളും അറിവ് തനിക്കുണ്ടെന്ന രീതിയിലാണ് മോദി പ്രവര്‍ത്തിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി. ഉദയ്പൂരില്‍ അണികളെ അഭിസംബോധനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read ഒറ്റയ്ക്ക് ജയിക്കാനാവുമെന്നിരിക്കെ ആര്‍.എസ്.എസിനെ കൂട്ടുപിടിച്ച് കണ്ണൂരില്‍ കോണ്‍ഗ്രസ്; പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം

“സൈന്യത്തിന്റെ മേഖലയില്‍ എന്തു ചെയ്യണമെന്ന് സൈന്യത്തേക്കാള്‍ ബോധ്യം തനിക്കുണ്ടെന്നാണ് പ്രധാനമന്ത്രി ധരിച്ചു വച്ചിരിക്കുന്നത്. അതേ പോലെ വിദേശകാര്യ മന്ത്രാലയിത്തിന്റെ കാര്യത്തിലാണെങ്കിലും കാര്‍ഷിക മന്ത്രാലയത്തിന്റെ കാര്യത്തിലാണെങ്കിലും ഇതു തന്നെയാണ് അവസ്ഥ. എല്ലാ അറിവുകളുടേയും ഉറവിടം തന്റെ തലച്ചോറാണെന്ന തോന്നല്‍ മോദിക്കുണ്ട്”- രാഹുല്‍ ഗാന്ധി പറഞ്ഞു.

മോദിയുടെ ഗുജറാത്ത് മോഡല്‍ കേന്ദ്രത്തിലും കൊണ്ടു വരാനാണ് മോദി ശ്രമിക്കുന്നതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ ഷൂരി മാതൃഭൂമി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മോദി മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഗുജറാത്തില്‍ മന്ത്രി സഭ സമ്മേളിക്കുക പോലുമുണ്ടായിരുന്നില്ലെന്നും എല്ലാ തീരുമാനങ്ങളും മോദി ഒറ്റയ്ക്ക് എടുക്കാറായിരുന്നെന്നും ഷൂരി അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതു തന്നെയാണ് മോദി കേന്ദ്രത്തിലും കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഹനുമാന്‍ ദളിത് ആദിവാസിയെങ്കില്‍ ഹനുമാന്‍ ക്ഷേത്രങ്ങള്‍ ഞങ്ങള്‍ക്കു വിട്ടുനല്‍കൂ; യോഗിയുടെ പ്രസ്താവനയ്ക്കു പിന്നാലെ പൂണൂലിട്ട് ഹനുമാന്‍ ക്ഷേത്രങ്ങളിലേക്ക് ദളിതരുടെ മാര്‍ച്ച്

സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ കാര്യം എന്തിന്റെ പേരിലാണെങ്കിലും കൊട്ടിഘോഷിക്കുന്നത് ശരിയല്ലെന്നും അത് രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു.