മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് സത്യന്‍ അന്തിക്കാട്. അദ്ദേഹത്തിന് സിനിമകള്‍ക്ക് ആരാധകര്‍ ഏറെയാണ്. ഒരുകാലത്ത് സത്യന്‍ അന്തിക്കാട് ചിത്രങ്ങളില്‍ നിറസാന്നിധ്യമായ നടിയാണ് മഞ്ജുഷ കോലോത്ത്.
2006ല്‍ മോഹന്‍ലാല്‍ – സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ എത്തിയ രസതന്ത്രം എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച നടിയാണ് മഞ്ജുഷ. മോഹന്‍ലാലിന്റെ സഹോദരി ആയിട്ടാണ് നടി വേഷമിട്ടത്. പിന്നീട് നിരവധി സത്യന്‍ അന്തിക്കാട് ചിത്രങ്ങളില്‍ മഞ്ജുഷ അഭിനയിച്ചിരുന്നു.
2007ല്‍ പുറത്തിറങ്ങിയ വിനോദയാത്രയിലേക്കും മഞ്ജുഷയെ സത്യന്‍ അന്തിക്കാട് കാസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ തന്റെ റോള്‍ കുറവാണെന്ന് പറഞ്ഞ് മഞ്ജുഷ സെറ്റില്‍ പ്രശ്‌നമുണ്ടാക്കുകയായിരുന്നു. ഇപ്പോള്‍ മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ആ അനുഭവം പങ്കുവെക്കുകയാണ് നടി.
‘റോള്‍ കുറവാണെന്ന് പറഞ്ഞിട്ട് ഞാന്‍ സെറ്റില്‍ പ്രശ്‌നമുണ്ടാക്കിയ സിനിമ വിനോദയാത്രയായിരുന്നു. അയ്യേ, അതൊക്കെ ആലോചിക്കുമ്പോള്‍ എനിക്ക് എന്നെ തന്നെയെടുത്ത് കിണറ്റില്‍ എറിയാന്‍ തോന്നും (ചിരി).
കാരണം ഒരിക്കലും നമ്മള്‍ അങ്ങനെയൊന്നും ചെയ്യരുതല്ലോ. സത്യന്‍ സാര്‍ നമ്മളെ അത്രയും സ്‌നേഹത്തോടെ ഒരു ക്യാരക്ടര്‍ തരാനായിട്ട് വിളിക്കുകയല്ലേ. പക്ഷെ അവിടെ ചെന്നിട്ട് ഞാന്‍ എന്താണ് ചെയ്തത്.
എല്ലാവരും വന്നിട്ട് ‘എന്താ കുട്ടി, എന്തിനാണ് കരയുന്നത്’ എന്ന് ചോദിച്ചു. ‘സാര്‍ എന്നെ വെറുതെ വിളിച്ചു വരുത്തി. എനിക്ക് നല്ലൊരു റോള്‍ തരാമായിരുന്നില്ലേ. ഞാന്‍ അഭിനയിക്കുമായിരുന്നല്ലോ’ എന്നാണ് ഞാന്‍ പറഞ്ഞത്.
അവരെല്ലാം സാറിനെ വിളിച്ചു കൊണ്ടുവന്നു. അപ്പോള്‍ സ്വാഭാവികമായും ആര്‍ക്കാണെങ്കിലും ദേഷ്യം തോന്നുമല്ലോ. അത്ര കാര്യമായിട്ട് ഒരാളെ വിളിക്കുമ്പോള്‍ ഇങ്ങനെയുള്ള പെരുമാറ്റമാകില്ലല്ലോ പ്രതീക്ഷിക്കുക.
അന്ന് ഞാന്‍ സെറ്റില്‍ നിന്ന് തിരികെ പോയി. പിന്നീട് സത്യന്‍ സാറിനെ വിളിച്ച് കുറേ സോറി പറഞ്ഞു. ഞാന്‍ അറിയാതെ ചെയ്തതാണെന്നൊക്കെ പറഞ്ഞു. പിന്നെ അതിന് ശേഷം പിണക്കമൊക്കെ മാറിയപ്പോള്‍ എന്നെ അദ്ദേഹം ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയിലേക്ക് വിളിച്ചു,’ മഞ്ജുഷ കോലോത്ത് പറഞ്ഞു.
Content Highlight: Manjusha Kolooth Talks About Sathyan Anthikkad And Vinodayathra Movie