| Tuesday, 23rd July 2024, 7:03 pm

എന്റമ്മോ..! എന്നടാ പണ്ണിവെച്ചിറുക്കേ? വി.എഫ്.എക്‌സ് ബ്രേക്ക്ഡൗണ്‍ വീഡിയോയുമായി മഞ്ഞുമ്മല്‍ ബോയ്സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമിന്റെ വാക്കിലൂടെ റിലീസിന് മുമ്പ് തന്നെ ഹൈപ്പ് ലഭിച്ച സിനിമയായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്. ഇന്‍ഡസ്ട്രിയുടെ സീന്‍ മാറ്റുമെന്ന് സുഷിന്‍ പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ സംഭവിച്ചിരുന്നു. മലയാള സിനിമയില്‍ ഈ വര്‍ഷം ഏറ്റവും വലിയ വിജയമായി മാറിയ ചിത്രമായിരുന്നു ഇത്. 2004ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്. എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന ഒരുകൂട്ടം യുവാക്കളുടെ കഥയാണ് ചിത്രം പറഞ്ഞത്.

വി.എഫ്.എക്‌സിലൂടെ കൊടൈക്കനാലിലെ ഗുണാ കേവിനെ സ്‌ക്രീനില്‍ കൊണ്ടുവരാന്‍ മഞ്ഞുമ്മല്‍ ബോയ്സിന് സാധിച്ചിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ വി.എഫ്.എക്‌സ് ബ്രേക്ക്ഡൗണ്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നാല് മിനിട്ടോളം ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഇത്. സിനിമാപ്രേമികള്‍ ഏറെ കാത്തിരുന്ന വി.എഫ്.എക്‌സ് ബ്രേക്ക്ഡൗണ്‍ വീഡിയോയാണ് മഞ്ഞുമ്മല്‍ ബോയ്സിന്റേത്.


ജാന്‍ എ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രത്തില്‍ വന്‍താര നിര തന്നെയുണ്ടായിരുന്നു. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, അരുണ്‍ കുര്യന്‍, ദീപക് പറമ്പോല്‍, ചന്തു സലിംകുമാര്‍, ഖാലിദ് റഹ്‌മാന്‍ തുടങ്ങിയ യുവതാരനിര ഒന്നിച്ച ചിത്രമായിരുന്നു ഇത്.

ALSO READ: ചുണ്ടുകള്‍ക്കിടയില്‍ ബ്രഷ് വെച്ച് ഒരാള്‍ ഡിസൈന്‍ ചെയ്ത ഷര്‍ട്ടാണ് ഇതെന്ന് പറഞ്ഞ് മമ്മൂക്ക ഫോട്ടോക്ക് പോസ് ചെയ്തു: അരുണ്‍ നാരായണന്‍

ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാളസിനിമയായി മാറാന്‍ മഞ്ഞുമ്മല്‍ ബോയ്സിന് കഴിഞ്ഞിരുന്നു. 200 കോടിയില്‍ അധികമാണ് മഞ്ഞുമ്മല്‍ ബോയ്‌സ് സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ നിരവധി റെക്കോഡുകളും ഈ സിനിമ സ്വന്തമാക്കിയിരുന്നു. തമിഴ്നാട്ടില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാളസിനിമ, ബുക്ക്മൈഷോയില്‍ ഈ വര്‍ഷം ഏറ്റവുമധികം ടിക്കറ്റ് വിറ്റ സിനിമ, സൗത്ത് ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ നിന്നും 10 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ആദ്യ മലയാളസിനിമ തുടങ്ങിയവയായിരുന്നു ഈ റെക്കോഡുകള്‍.

കമല്‍ ഹാസനും ഗുണാ സിനിമയുടെ സംവിധായകന്‍ സന്താനഭാരതിയും ചിത്രം കണ്ട് അണിയറപ്രവര്‍ത്തകരെ ചെന്നൈയിലേക്ക് വിളിച്ച് അഭിനന്ദിച്ചത് അന്ന് വലിയ വാര്‍ത്തയായിരുന്നു. തമിഴ്നാട് മന്ത്രിയും നടനുമായ ഉദയനിധി, സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്, അനുരാഗ് കശ്യപ് തുടങ്ങിയവരും മഞ്ഞുമ്മല്‍ ബോയ്സിനെ അഭിനന്ദിച്ചിരുന്നു.

Content Highlight: Manjummel Boys VFX Breakdown Video Out

We use cookies to give you the best possible experience. Learn more