Entertainment
റെക്കോഡ് ഇടുന്നതിന് ഒരു അവസാനമില്ലേ? തെലുങ്കിലും ഗംഭീര തുടക്കം കുറിച്ച് മഞ്ഞുമ്മല്‍ ബോയ്‌സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Apr 07, 02:19 pm
Sunday, 7th April 2024, 7:49 pm

ചെല്ലുന്നിടത്തെല്ലാം കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തിക്കുറിക്കുകയാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ്. റിലീസ് ചെയ്ത് 40ാം ദിനത്തിലും ഗംഭീര കുതിപ്പാണ് ചിത്രം നടത്തുന്നത്. 220 കോടിയിലധികം ഇതിനോടകം കളക്ട് ചെയ്തു കഴിഞ്ഞു. ഒരു മലയാള സിനിമ നേടുന്ന റ്റേവും വലിയ കളക്ഷനാണ് മഞ്ഞുമ്മലിലെ ടീംസ് നേടിയത്.

കേരളത്തിന് പുറമെ, തമിഴ്‌നാട്ടിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 64 കോടി ഇതിനോടകം നേടി. മലയാളസിനിമ തമിഴ്‌നാട്ടില്‍ നിന്ന് നേടുന്ന ഏറ്റവുമുയര്‍ന്ന കളക്ഷനാണിത്. ചിത്രത്തിന്റെ തെലുങ്ക് ഡബ്ബ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. തെലുങ്കിലെ മുന്‍നിര പ്രൊഡക്ഷന്‍ കമ്പനികളിലൊന്നായ മൈത്രി മൂവി മേക്കേഴ്‌സാണ് തെലുങ്ക് പതിപ്പ് തിയേറ്ററുകളിലെത്തിക്കുന്നത്.

ആദ്യദിനം തന്നെ ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആപ്പായ ബുക്ക്‌മൈഷോയിലൂടെ ആദ്യദിനം കൊണ്ട് മാത്രം 34000ത്തിലധികം ടിക്കറ്റുകളാണ് വിറ്റുപോയത്. 1.65 കോടിയാണ് തെലുങ്ക് പതിപ്പിന്റെ ആദ്യദിന കളക്ഷന്‍. മറ്റ് റിലീസുകള്‍ക്കിടയിലും മഞ്ഞുമ്മല്‍ ബോയ്‌സ് തലയെടുപ്പോടെ നില്‍ക്കുന്നുണ്ട്. പ്രേമലുവിന്റെ തരംഗം തീരുന്നതിന് മുന്നേ മഞ്ഞുമ്മല്‍ ബോയ്‌സും തെലുങ്കില്‍ കളക്ഷന്‍ റെക്കോഡുകള്‍ ഇടുമെന്നാണ് കരുതുന്നത്.

2004ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് മഞ്ഞുമ്മല്‍ ബോയ്സ് ഒരുങ്ങിയത്. ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ബാലു വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍, ഗണപതി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് ഒരുകൂട്ടം യുവാക്കള്‍ കൊടൈക്കനാലിലെ ഗുണാ കേവ് കാണാന്‍ പോകുന്നതാണ് സിനിമയുടെ കഥ.

Content Highlight: Manjummel Boys Telugu dubbed version creates record