ചരിത്രം വഴിമാറും, ചിലര്‍ വരുമ്പോള്‍.... മഞ്ഞുമ്മല്‍ ബോയ്‌സ്
Entertainment
ചരിത്രം വഴിമാറും, ചിലര്‍ വരുമ്പോള്‍.... മഞ്ഞുമ്മല്‍ ബോയ്‌സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd February 2024, 4:23 pm

കണ്ണൂര്‍ സ്‌ക്വാഡിന്റെ പ്രൊമോഷന്റെ സമയത്ത് സുഷിന്‍ നല്‍കിയ അഭിമുഖത്തിന് പിന്നാലെയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളിലേക്കെത്തുന്നത്. ഇന്‍ഡസ്ട്രിയുടെ സീന്‍ മാറ്റും എന്ന സുഷിന്റെ പ്രസ്താവന സിനിമക്ക് വലിയ മൈലേജ് നല്‍കി. പിന്നീട് സിനിമയുടേതായി പുറത്തുവന്ന പോസ്റ്ററുകള്‍ സിനിമയുടെ കഥയെക്കുറിച്ച് സൂചനകള്‍ നല്‍കുന്നവയായിരുന്നു. 2006ല്‍ കൊടൈക്കനാലിലേക്ക് ട്രിപ്പ് പോയ ഒരുകൂട്ടം യുവാക്കള്‍ ഗുണാ കേവ് സന്ദര്‍ശിക്കുകയും അവരിലൊരാള്‍ ഗുഹയിലെ കുഴിയില്‍ കുടുങ്ങുകയും ചെയ്ത സംഭവമാണ് സിനിമയായിരിക്കുന്നത്.


ജാന്‍ ഏ മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. എറണാകുളം മഞ്ഞുമ്മലിലെ ഒരുകൂട്ടം യുവാക്കളുടെ കഥ. സാധാരണ മിഡില്‍ക്ലാസ് കുടുംബത്തിലുള്ള ഇവരുടെ സൗഹൃദവും ആഘോഷങ്ങളും കാണിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. കുറേക്കാലമായി പ്ലാന്‍ ചെയ്യുന്ന ട്രിപ്പ് ഇവര്‍ നടത്തുകയാണ്. കൊടൈക്കനാലിലേക്ക്. കളിയും ചിരിയും ആഘോഷവുമൊക്കെയായി പോകുന്ന ട്രിപ്പിന്റെ അവസാന സ്‌പോട്ട് ഗുണാ കേവ് ആയിരുന്നു.

ഡെവിള്‍സ് കിച്ചണ്‍ എന്നറിയപ്പെടുന്ന ഗുഹ, കമല്‍ ഹാസന്റെ ഗുണാ എന്ന സിനിമ ചിത്രീകരിച്ചതിന് ശേഷമാണ് ഗുണാ കേവ് എന്നറിയപ്പെട്ടു തുടങ്ങിയത്. അത്യധികം അപകടം നിറഞ്ഞ സ്ഥലമാണത്. ആരെയും കടത്തിവിടാത്ത റെസ്ട്രിക്റ്റഡ് ഏരിയയിലേക്ക് ഇറങ്ങിയ അവരില്‍ ഒരാള്‍ ഗുഹയിലെ ആഴമുള്ള കുഴിയില്‍ വീഴുന്നിടം തൊട്ട് സിനിമ മറ്റൊരു ലെവലിലേക്ക് മാറുന്നു.

രണ്ടാം പകുതി പൂര്‍ണമായും സര്‍വൈവല്‍ ത്രില്ലര്‍ മോഡിലാണ്. ആ ഗുഹക്കകത്ത് മഞ്ഞുമ്മലിലെ പിള്ളേരുടെ കൂടെ പതിനൊന്നാമത്തെ ആളായിട്ട് നമ്മളും ഉണ്ടെന്ന് തോന്നിപോകുന്ന തരത്തില്‍ പിടിച്ചിരുത്താന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. സിനിമയുടെ ആദ്യപകുതിയില്‍ കാണിക്കുന്ന ചില സംഭവങ്ങള്‍ ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ കഥയില്‍ പ്രാധാന്യമുള്ളതാകുന്നുണ്ട്. ഗുണാ എന്ന സിനിമയിലെ പ്രശസ്തമായ കണ്മണീ അന്‍പോട് കാതലന്‍ എന്നു തുടങ്ങുന്ന പാട്ട് സിനിമയില്‍ പ്ലേസ് ചെയ്തിരിക്കുന്ന രീതിയും മികച്ചതാണ്.

ജാന്‍ ഏ മന്‍ എന്ന കോമഡി ചിത്രം ഒരുക്കിയ ചിദംബരം രണ്ടാമത്തെ സിനിയിലേക്കെത്തിയപ്പോള്‍ കൂട്ടുപിടിച്ചിരിക്കുന്നത് സര്‍വൈവല്‍ ഴോണറിനെയാണ്. ചെറിയൊരു മിസ്‌റ്റേക്ക് വന്നാല്‍ പോലും പാളിപ്പോകാവുന്ന ഴോണറിനെ വളരെ കൈയടക്കത്തോടെ അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

സിനിമയെ ആദ്യം മുതല്‍ അവസാനം വരെ താങ്ങി നിര്‍ത്തുന്നത് സുഷിന്‍ ശ്യാം ഒരുക്കിയ സംഗീതമാണ്. ഇന്റര്‍വെല്‍ സീനിന് കഥാപാത്രങ്ങള്‍ കൊടുക്കുന്ന ബില്‍ഡപ്പ് പോലെ പ്രധാനമായിരുന്നു സുഷിന്റെ സംഗീതവും. ഈ സിനിമക്ക് ഇത്രയും പ്രതീക്ഷ വന്നതും ആദ്യദിനത്തിലെ ബുക്കിങിനും കാരണമായത് സുഷിന്‍ എന്ന സംഗീത സംവിധായകനാണെന്ന് പറഞ്ഞാല്‍ പോലും അതില്‍ അതിശയോക്തിയില്ല.

അഭിനേതാക്കളില്‍ 10പേരുടെ കഥാപാത്രങ്ങളും മികച്ചതായിരുന്നു. ഒരാള്‍ പോലും മോശമാക്കിയില്ല. ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ബാലു വര്‍ഗീസ്, ഗണപതി, അരുണ്‍ കുര്യന്‍, ജീന്‍ പോള്‍ ലാല്‍, ചന്തു സലിംകുമാര്‍, ദീപക് പറമ്പോള്‍, അഭിറാം രാധാകൃഷ്ണന്‍ എന്നിവരെല്ലാം മികച്ച പ്രകടനമായിരുന്നു. വേഷപ്പകര്‍ച്ച കൊണ്ട് ഞെട്ടിച്ചത് ജീന്‍ പോള്‍ ലാല്‍ ആയിരുന്നു. ഏറെക്കാലത്തിന് ശേഷം സൗബിന്റെ മികച്ച ഒരു പ്രകടനമായിരുന്നു സിനിമയില്‍ കാണാന്‍ സാധിച്ചത്.

ഇവരോടൊപ്പം എടുത്തു പറയേണ്ട മറ്റൊരു പേരാണ് അജയന്‍ ചാലിശ്ശേരി. ഗുണാ കേവിനെ പുനഃസൃഷ്ടിച്ച കലാസംവിധായകന്‍. യഥാര്‍ത്ഥ ഗുണാ കേവ് ആദ്യം കാണിക്കുകയും രണ്ടാം പകുതിയില്‍ സെറ്റ് ഇട്ട ഭാഗം കാണിക്കുകയും ചെയ്യുമ്പോള്‍ ഒറിജിന്‍ ഏതാണെന്ന് സംശയം തോന്നുന്ന തരത്തില്‍ പുനഃസൃഷ്ടിക്കാന്‍ അജയന്‍ ചാലിശ്ശേരിക്കും സംഘത്തിനും സാധിച്ചു. ഗുഹക്കുള്ളിലെ ശ്വാസം മുട്ടല്‍ കാണികള്‍ക്കും അനുഭവപ്പെടുത്തിയ ഷൈജു ഖാലിദിന്റെ ഛായാഗ്രഹണ മികവും ഗംഭീരമായിരുന്നു.

മാളൂട്ടിയില്‍ തുടങ്ങിയ മലയാളത്തിലെ സര്‍വൈവല്‍ ത്രില്ലര്‍ സിനിമകളുടെ നിരയിലേക്ക് ധൈര്യമായി കൊണ്ടുവെക്കാന്‍ പറ്റുന്ന സിനിമ തന്നെയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.

Content Highlight: Manjummel Boys review