ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയചിത്രമായി മാറിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. 2004ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാളസിനിമയായി മാറിയിരിക്കുകയാണ്. 240 കോടിയോളമാണ് ചിത്രത്തിന്റെ കളക്ഷന്‍. എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന ഒരുകൂട്ടം യുവാക്കളുടെ കഥയാണ് ചിത്രം പറഞ്ഞത്.
തിയേറ്റര്‍ വിജയത്തിന് പിന്നാലെ സിനിമയുടെ ഒ.ടി.ടി റിലീസ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. മെയ് അഞ്ച് മുതലാണ് ചിത്രം ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ സ്ട്രീം ചെയ്യുക. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയിലും ചിത്രം സ്ട്രീം ചെയ്യും. റിലീസ് ചെയ്ത് 75ാം ദിവസമാണ് ചിത്രം ഒ.ടി.ടിയിലെത്തുന്നത്.
തിയേറ്റര്‍ റിലീസ് നിരവധി റെക്കോഡുകളാണ് ചിത്രം തകര്‍ത്തത്. തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാളസിനിമ, ബുക്ക്‌മൈഷോയില്‍ ഈ വര്‍ഷം ഏറ്റവുമധികം ടിക്കറ്റ് വിറ്റ സിനിമ, സൗത്ത് ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ നിന്നും 10 കോടിക്കു മുകളില്‍ കളക്ഷന്‍ നേടിയ ആദ്യ മലയാളസിനിമ എന്നിങ്ങനെ നിരവധി റെക്കോഡുകള്‍ മഞ്ഞുമ്മലിലെ ടീംസ് സ്വന്തമാക്കി.
തമിഴ്‌നാട്ടില്‍ ഇക്കൊല്ലം ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമകളില്‍ മൂന്നാം സ്ഥാനമാണ് ചിത്രത്തിന്. തമിഴ് ഡബ്ബ് പതിപ്പ് ഇല്ലാതെയാണ് ഈ നേട്ടമെന്ന് ഓര്‍ക്കുമ്പോള്‍ സ്റ്റാര്‍ഡത്തിനെക്കാള്‍ കണ്ടന്റുകള്‍ക്കാണ് ഏറ്റവും കരുത്തുള്ളത് എന്ന് തെളിയിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. കളക്ഷന്‍ നേട്ടം മാത്രമല്ല, സിനിമാ ഇന്‍ഡസ്ട്രിയിലെ പലരും ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
കമല്‍ ഹാസനും ഗുണാ സിനിമയുടെ സംവിധായകന്‍ സന്താനഭാരതിയും ചിത്രം കണ്ട് അണിയറപ്രവര്‍ത്തകരെ ചെന്നൈയിലേക്ക് വിളിച്ച് അഭിനന്ദിച്ചത് വാര്‍ത്തയായിരുന്നു. തമിഴ്‌നാട് മന്ത്രിയും നടനുമായ ഉദയനിധി, സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്, അനുരാഗ് കശ്യപ് തുടങ്ങിയവരും മഞ്ഞുമ്മല്‍ ബോയ്‌സിനെ അഭിനന്ദിച്ചിരുന്നു. റിലീസിന് മുന്നേ സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം പറഞ്ഞതുപോലെ അക്ഷരാര്‍ത്ഥത്തില്‍ ഇന്‍ഡസ്ട്രിയുടെ സീന്‍ മാറ്റാന്‍ മഞ്ഞുമ്മല്‍ ബോയ്‌സിന് സാധിച്ചു.
Content Highlight: Manjummel Boys OTT release date out