തീര്‍ക്കാന്‍ പറ്റുമെങ്കില്‍ തീര്‍ക്കെടാ, മഞ്ഞുമ്മല്‍ ബോയ്‌സിന്റെ അടുത്ത റെക്കോഡ്
Entertainment
തീര്‍ക്കാന്‍ പറ്റുമെങ്കില്‍ തീര്‍ക്കെടാ, മഞ്ഞുമ്മല്‍ ബോയ്‌സിന്റെ അടുത്ത റെക്കോഡ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 15th April 2024, 11:17 pm

ഈ വര്‍ഷത്തെ ഗംഭീര വിജയമായി മാറിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ചിദംബരം സംവിധാനം ചെയ്ത ചിത്രം ഇതിനോടകം ഏറ്റവുമധികം കളക്ഷന്‍ നേടിയ മലയാളസിനിമയായി മാറിക്കഴിഞ്ഞു. റിലീസ് ചെയ്ത് രണ്ട് മാസമാകുമ്പോള്‍ ആഗോളതലത്തില്‍ 230 കോടിയിലധികമാണ് സിനിമ നേടിയത്. ഒരു മലയാളസിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷനാണിത്.

എന്നാലിപ്പോള്‍ മറ്റൊരു റെക്കോഡും ചിത്രത്തെ തേടിയെത്തിയിരിക്കുകയാണ്. നാല് സൗത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും നിന്നും 10 കോടിയിലധികം കളക്ഷന്‍ നേടുന്ന ആദ്യ മലയാള സിനിമ എന്ന റെക്കോഡും മഞ്ഞുമ്മല്‍ ബോയ് സ്വന്തമാക്കി. കേരളത്തില്‍ നിന്ന് 75 കോടിയും, തമിഴ്‌നാട്ടില്‍ നിന്ന് 65 കോടിയും നേടിയ ചിത്രം കര്‍ണാടകയില്‍ നിന്ന് 10 കോടിയും ആന്ധ്ര തെലങ്കാനയില്‍ നിന്ന് 12 കോടിയും നേടി. മറ്റൊരു മലയാളസിനിമയും സൗത്ത് ഇന്ത്യയില്‍ ഇത്ര ഗംഭീര കളക്ഷന്‍ നേടിയിട്ടില്ല.

2004ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് മഞ്ഞുമ്മല്‍ ബോയ്സ് ഒരുങ്ങിയത്. ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ബാലു വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍, ഗണപതി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് ഒരുകൂട്ടം യുവാക്കള്‍ കൊടൈക്കനാലിലെ ഗുണാ കേവ് കാണാന്‍ പോകുന്നതാണ് സിനിമയുടെ കഥ.

തമിഴ് ഇന്‍ഡസ്ട്രിയില്‍ നിന്നും നിരവധി പ്രശംസ മഞ്ഞുമ്മല്‍ ബോയ്സ് നേടിയിരുന്നു. തമിഴ് ഡബ്ബ് വെര്‍ഷന്‍ ഇല്ലാതെ ഒരു അന്യഭാഷാ ചിത്രം ഇത്രയും കളക്ഷന്‍ നേടുന്നത് ഇതാദ്യാമായാണ്. അക്ഷരാര്‍ത്ഥത്തില്‍ ഇന്‍ഡസ്ട്രിയുടെ സീന്‍ മാറ്റുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്.

Content Highlight: Manjummel Boys creates another record in Box Office colelction