ലൂസടിക്കാന്‍ ഉദ്ദേശമില്ലാതെ മഞ്ഞുമ്മലിലെ ടീംസ്: കര്‍ണാടകയിലും റെക്കോഡ് കളക്ഷന്‍
Entertainment
ലൂസടിക്കാന്‍ ഉദ്ദേശമില്ലാതെ മഞ്ഞുമ്മലിലെ ടീംസ്: കര്‍ണാടകയിലും റെക്കോഡ് കളക്ഷന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 15th March 2024, 1:42 pm

റിലീസിന് മുന്നേ സുഷിന്‍ ശ്യാം അഭിമുഖത്തില്‍ പറഞ്ഞതുപോലെ ഇന്‍ഡസ്ട്രിയുടെ സീന്‍ മാറ്റുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. റിലീസ് ചെയ്ത് 12ാം ദിവസം 100 കോടി ക്ലബ്ബില്‍ കയറിയ ചിത്രം റെക്കോഡ് കളക്ഷനാണ് ഇടുന്നത്. വേള്‍ഡ് വൈഡായി ഇതുവരെ 176 കോടിയാണ് കളക്ട് ചെയ്തത്. 2018 എന്ന സിനിമയുടെ ആഗോള കളക്ഷനാണ് മഞ്ഞുമ്മല്‍ ബോയ്‌സ് തകര്‍ത്തത്.

കേരളത്തിന് പുറമെ, തമിഴ്‌നാട്ടിലും റെക്കോഡ് കളക്ഷനാണ് ചിത്രം നേടിയത്. 43 കോടിയും കടന്ന് കുതിക്കുകയാണ് ചിത്രം. 2018 തമിഴ്‌നാട്ടില്‍ ഇട്ട 2.8 കോടി എന്ന റെക്കോഡാണ് തകര്‍ത്തത്. ഇതിന് പിന്നാലെയാണ് ചിത്രം കര്‍ണാടകയിലും കളക്ഷനില്‍ റെക്കോഡിട്ടത്. കര്‍ണാടകയില്‍ നിന്ന് മാത്രം 10 കോടി നേടുന്ന ആദ്യ മലയാളസിനിമയായി മാറിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആപ്പായ ബുക്ക്‌മൈഷോയിലൂടെ 33 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ഇതും ഒരു റെക്കോഡാണ്. റിലീസ് ചെയ്ത് മൂന്നാം വാരത്തിലും തമിഴ്‌നാട്ടില്‍ നിറഞ്ഞ സദസിലാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. സിനിമാ മേഖലയിലെ പലരും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തി.

കമല്‍ ഹാസനും, ഗുണാ സിനിമയുടെ സംവിധായകന്‍ സന്താനഭാരതിയും സിനിമയുടെ അണിയറപ്രവര്‍ത്തകരെ ചെന്നൈയിലേക്ക് വിളിച്ചുവരുത്തി അഭിനന്ദിച്ചിരുന്നു. ഇതിന് പുറമെ, സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്, അനുരാഗ് കശ്യപ്, നടനും തമിഴ്‌നാട് കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ എന്നിവരും സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. 2006ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിദംബരം ഈ ചിത്രം അണിയിച്ചൊരുക്കിയത്.

Content Highlight: Manjummel boys created record collection from Karnataka