റിലീസായി ഒരുമാസം പിന്നിട്ടിട്ടും കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ്. 200 കോടി കളക്ഷന്‍ നേടുന്ന ആദ്യ മലയാള സിനിമ എന്ന റെക്കോഡ് നേടിയതിന് ശേഷവും കുതിപ്പ് തുടരുകയാണ് ഈ കൊച്ചു സിനിമ. കേരളത്തില്‍ നിന്നുള്ള കളക്ഷനെക്കാള്‍ തമിഴ്‌നാട്ടിലെ കളക്ഷനാണ് ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത്.
തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 50 കോടി നേടുന്ന ആദ്യ മലയാളചിത്രം എന്ന റെക്കോഡിനൊപ്പം തമിഴ്‌നാട്ടിലെ സൂപ്പര്‍താര സിനിമകളുടെ കളക്ഷന്‍ റെക്കോഡും മഞ്ഞുമ്മല്‍ ബോയ്‌സ് തകര്‍ക്കുകയാണ്. ഈ വര്‍ഷം റിലീസായ ബിഗ് ബജറ്റ് തമിഴ് സിനിമകളായ അയലാന്റെയും ക്യാപ്റ്റന്‍ മില്ലറിന്റെയും തമിഴ്‌നാട് കളക്ഷനെക്കാള്‍ കൂടുതല്‍ മഞ്ഞുമ്മലിലെ പിള്ളേര്‍ നേടിയിരുന്നു.
ഏറ്റവും ഒടുവില്‍ തമിഴ് സൂപ്പര്‍ താരം സൂര്യയുടെ സിങ്കത്തിന്റെ തമിഴ്‌നാട് കളക്ഷനും മഞ്ഞുമ്മല്‍ ബോയ്‌സ് തകര്‍ത്തിരിക്കുകയാണ്. 2010ല്‍ സിങ്കം തമിഴ്‌നാട്ടില്‍ നിന്ന് നേടിയ 60 കോടിയുടെ കളക്ഷനെ തകര്‍ത്തുകൊണ്ടാണ് മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴില്‍ തിളങ്ങുന്നത്. സൂര്യയുടെ കരിയറില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ കിട്ടിയ ചിത്രത്തിന്റെ റെക്കോഡാണ് ഒരു കൊച്ചു മലയാള ചിത്രം പുഷ്പം പോലെ തകര്‍ത്തത്.
2004ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് ഒരുങ്ങിയത്. ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ബാലു വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍, ഗണപതി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് ഒരുകൂട്ടം യുവാക്കള്‍ കൊടൈക്കനാലിലെ ഗുണാ കേവ് കാണാന്‍ പോകുന്നതാണ് സിനിമയുടെ കഥ.
തമിഴ് ഇന്‍ഡസ്ട്രിയില്‍ നിന്നും നിരവധി പ്രശംസ മഞ്ഞുമ്മല്‍ ബോയ്‌സ് നേടിയിരുന്നു. തമിഴ് ഡബ്ബ് വെര്‍ഷന്‍ ഇല്ലാതെ ഒരു അന്യഭാഷാ ചിത്രം ഇത്രയും കളക്ഷന്‍ നേടുന്നത് ഇതാദ്യാമായാണ്. അക്ഷരാര്‍ത്ഥത്തില്‍ ഇന്‍ഡസ്ട്രിയുടെ സീന്‍ മാറ്റുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.
Content Highlight: Manjummel Boys beat the collection Singam in Tamilnadu