റെക്കോഡുകള്‍ തകര്‍ക്കുന്നത് നിര്‍ത്താന്‍ ഉദ്ദേശമില്ലാതെ കുതിക്കുകയാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ്. വേള്‍ഡ് വൈഡായി ഏറ്റവുമധികം കളക്ഷന്‍ നേടുന്ന മലയാള സിനിമയെന്ന റെക്കോഡ് ഇപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്‌സിനാണ്. 180 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍. റിലീസ് ചെയ്ത് 25 ദിവസം പിന്നിടുമ്പോഴും മിക്ക തിയേറ്ററുകളിലും നിറഞ്ഞ സദസില്‍ പ്രദര്‍ശന തുടരുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.
ഇതിന് പിന്നാലെയാണ് ചിത്രം തമിഴ്‌നാട്ടില്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുന്നത്. തമിഴ്‌നാട്ടില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന അന്യഭാഷാചിത്രങ്ങളുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ഹോളിവുഡിലെ ബ്രഹ്‌മാണ്ഡ ചിത്രമായ അവഞ്ചേഴ്‌സ് എന്‍ഡ്‌ഗെയിമിന്റെ കളക്ഷനാണ് മറികടന്നത്. 2019ല്‍ റിലീസായ എന്‍ഡ് ഗെയിമിന്റെ 48 കോടി മറികടന്ന് 50 കോടിയാണ് മഞ്ഞുമ്മലിലെ ടീംസ് തമിഴ്‌നാട്ടില്‍ നിന്ന് നേടിയത്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 50 കോടി നേടുന്ന ആദ്യ മലയാളസിനിമയാണിത്.
ബഹുബലി 2 ആണ് തമിഴ്‌നാട്ടില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ അന്യഭാഷാ ചിത്രങ്ങളില്‍ ഒന്നാമത്. 151 കോടിയാണ് ബാഹുബലി 2 നേടിയത്. രണ്ടാം സ്ഥാനത്തുള്ളത് കന്നഡ ചിത്രം കെ.ജി.എഫ് 2 ആണ്. 121 കോടിയാണ് റോക്കി ഭായ് തമിഴ്‌നാട്ടില്‍ നിന്ന് നേടിയത്. മഞ്ഞുമ്മല്‍ ബോയ്‌സിന് മുന്നില്‍ ഉള്ളത് ഷാരൂഖ് ഖാന്‍ ചിത്രം ജവാനാണ്. 2023ല്‍ റിലീസായ ജവാന്‍ 51 കോടിയാണ് തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. അധികം വൈകാതെ ജവാനെയും മഞ്ഞുമ്മല്‍ ബോയ്‌സ് മറികടക്കും.
ചിത്രം കണ്ട് തമിഴ് സിനിമയിലെ പലരും അഭിനന്ദനമറിയിച്ചിരുന്നു. കമല്‍ ഹാസനും, ഗുണാ സിനിമയുടെ സംവിധായകന്‍ സന്താനഭാരതിയും സിനിമ കണ്ട ശേഷം അണിയറപ്രവര്‍ത്തകരെ ചെന്നൈയിലേക്ക് വിളിച്ചുവരുത്തി അഭിനന്ദിച്ചിരുന്നു. ഇതിന് പുറമെ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും, അനുരാഗ് കശ്യപും, നടനു തമിഴ്‌നാട് കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തി.
Content Highlight: Manjummel Boys beat the collection of Avengers Endgame in Tamilnadu