| Monday, 25th March 2024, 10:15 pm

ബുക്ക്മൈഷോയില്‍ ഹൃതിക് റോഷന്‍ ചിത്രത്തെയും പിന്തള്ളി മഞ്ഞുമ്മല്‍ പിള്ളേര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ ഈ വര്‍ഷം ഏറ്റവും വലിയ വിജയമായി മാറിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. വേള്‍ഡ് വൈഡായി ഏറ്റവുമധികം കളക്ഷന്‍ നേടുന്ന മലയാള സിനിമയെന്ന റെക്കോഡ് ഇപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്സിനാണ്.

ജാന്‍-ഏ-മനിന് ശേഷം ചിദംബരത്തിന്റെ സംവിധാനത്തില്‍ യുവതാരനിര ഒന്നിച്ച ചിത്രമാണ് ഇത്. റിലീസ് ചെയ്തിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മിക്ക തിയേറ്ററുകളിലും നിറഞ്ഞ സദസില്‍ പ്രദര്‍ശന തുടരുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്.

റെക്കോഡുകള്‍ തകര്‍ക്കുന്നത് നിര്‍ത്താന്‍ ഉദ്ദേശമില്ലാതെ കുതിക്കുകയാണ് യുവ താരനിര ഒന്നിച്ച മഞ്ഞുമ്മല്‍ ബോയ്സ്. ഈ വര്‍ഷം ബുക്ക്മൈഷോയില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റ ഇന്ത്യന്‍ സിനിമയില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം.

മഞ്ഞുമ്മല്‍ ബോയ്സിന്റെ 3.83 മില്യണ്‍ ടിക്കറ്റുകളാണ് ഇതുവരെ ബുക്ക്മൈഷോയിലൂടെ വിറ്റത്. ഹൃതിക് റോഷന്റെ ഫൈറ്ററിനെ പിന്തള്ളിയാണ് മലയാള സിനിമ ഈ റെക്കോര്‍ഡ് സ്ഥാപിച്ചത്.

ഈ വര്‍ഷം ബുക്ക്മൈഷോയില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റ ഇന്ത്യന്‍ സിനിമയില്‍ ഒന്നാം സ്ഥാനത്തുള്ളത് ഹനുമാന്‍ ആണ്. ചിത്രത്തിന്റെ 4.72 മില്യണ്‍ ടിക്കറ്റുകളാണ് ബുക്ക്മൈഷോയിലൂടെ വിറ്റത്.

3.68 മില്യണ്‍ ടിക്കറ്റുകളുമായി ഫൈറ്ററും 2.58 മില്യണ്‍ ടിക്കറ്റുകളുമായി ഷെയ്ത്താനും മൂന്നും നാലും സ്ഥാനത്താണ് ഉള്ളത്. അഞ്ചാം സ്ഥാനത്തുള്ളത് മലയാള ചിത്രമായ പ്രേമലുവാണ്. ചിത്രത്തിന്റെ 2.38 മില്യണ്‍ ടിക്കറ്റുകളാണ് ബുക്ക്മൈഷോയിലൂടെ വിറ്റത്.

കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലെ ഗുണാ കേവിലേക്ക് യാത്ര പോകുന്നതും അതേ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും പറയുന്ന ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ്.

ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, അരുണ്‍ കുര്യന്‍, ദീപക് പറമ്പോല്‍, ചന്തു സലിംകുമാര്‍ തുടങ്ങിയ യുവതാരനിരയാണ് ഒന്നിച്ചത്. അവര്‍ക്ക് പുറമെ സംവിധായകന്‍ ഖാലിദ് റഹ്‌മാനും ഒരു പ്രധാനവേഷത്തിലെത്തിയിരുന്നു.

Content Highlight: Manjummel Boys Beat Hrithik Roshan’s Movie Fighter At Bookmyshow

We use cookies to give you the best possible experience. Learn more