| Thursday, 22nd February 2024, 4:41 pm

മഞ്ഞുമ്മല്‍ ബോയ്‌സ് മലയാള സിനിമയുടെ സീന്‍ മാറ്റി; ആദ്യ പ്രതികരണം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജാന്‍ എ മന്‍ എന്ന ചിത്രത്തിന് ശേ്ഷം ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് തിയേറ്ററിലെത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

മഞ്ഞുമ്മല്‍ ബോയ്‌സ് മലയാള സിനിമയുടെ സീന്‍ മാറ്റുമെന്ന് സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്നും മഞ്ഞുമ്മലിലെ ബോയ്‌സ് മലയാള സിനിമയുടെ സീന്‍ മാറ്റിയെന്നുമാണ് പ്രേക്ഷകര്‍ പ്രതികരിക്കുന്നത്.

മലയാളത്തില്‍ അധികം പരീക്ഷിക്കാത്ത സര്‍വൈവല്‍ ത്രില്ലര്‍ ഴോണറില്‍ എത്തിയ ചിത്രം എല്ലാ രീതിയിലും പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊടൈക്കനാലില്‍ യാത്ര പോകുന്ന പത്തംഗ സംഘത്തിലെ ഒരാള്‍ ഗുണ കേവില്‍ അകപ്പെട്ടുപോകുന്നതാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തെ ലിഫ്റ്റ് ചെയ്യുന്നതില്‍ ടെക്‌നിക്കല്‍ സൈഡിനും സംഗീതത്തിനും ഒരുപോലെ പങ്കുണ്ടെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.

മലയാള സിനിമക്ക് ഇത് വസന്ത കാലമാണെന്നും പല ഴോണറിലുള്ള പടങ്ങള്‍ മലയാള സിനിമ ഇന്‍ഡസ്ട്രിയെ വീണ്ടും സമ്പന്നമാക്കുകയാണെന്നും പ്രേക്ഷകര്‍ പറയുന്നു.

ആഹ്ലാദകരമായ ഒരു അമ്പരപ്പാണ് തോന്നിയതെന്നും മരം കോച്ചുന്ന തണുപ്പും എല്ലുതുരക്കുന്ന ഭീകരതയും അനുഭവിപ്പിക്കുന്ന അഡാറ് പടമാണ് മഞ്ഞുമ്മല്‍ ബോയ്‌സ് എന്നാണ് ചിലര്‍ പ്രതികരിച്ചത്.

പ്രൊഡക്ഷന്‍ ക്വാളിറ്റിയിലും പെര്‍ഫോമന്‍സിലുമൊന്നും ഒരു തരി വിട്ടു വീഴ്ച്ചയില്ലാത്ത, കണ്ടിരിക്കുന്ന പ്രേക്ഷകരുടെ ചങ്കിടിപ്പ് കൂട്ടുന്ന, ആവേശം കൊള്ളിക്കുന്ന, രോമാഞ്ചം കൊള്ളിക്കുന്ന നല്ല ഒന്നാന്തരം സര്‍വൈവല്‍ ത്രില്ലറാണ് മഞ്ഞുമ്മല്‍ ബോയ്‌സെന്നും അറിയാവുന്ന കഥയാവുമ്പോള്‍ പോലും സെക്കന്റ് ഹാഫിന് ശേഷം സിനിമ മറ്റൊരു ലെവലിലേക്ക് മാറിയെന്നുമാണ് ചിലര്‍ പറയുന്നത്.

പേര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ഓരോരുത്തരും ഞെട്ടിച്ചു. തിയേറ്റര്‍ വാച്ച് ഡിമാന്റ് ചെയ്യുന്ന ചിത്രം തന്നെയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.

കൊള്ളാവുന്നൊരു ഒരു സര്‍വൈവല്‍ ത്രില്ലര്‍ എടുത്തു കാണിക്കുവാന്‍ പറഞ്ഞാല്‍ ഭരതന്റെ ക്ലാസിക് ഐറ്റം ‘മാളൂട്ടി’ അല്ലാതെ വേറെയധികമൊന്നും ഇല്ലാതിരുന്ന ഒരു ഇന്‍ഡസ്ട്രിക്ക് ധൈര്യപൂര്‍വം മറ്റുള്ളവരുടെ മുന്നിലേക്ക് എടുത്തു വീശുവാന്‍ പറ്റുന്നൊരു കിടിലന്‍ ഐറ്റമാണ് ചിത്രമെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.

സര്‍വൈവല്‍ ത്രില്ലര്‍ എന്ന നിലയില്‍ സമീപിച്ചാലും സൗഹൃദം ബേസ് ചെയ്തുള്ള സിനിമ എന്ന നിലയില്‍ സമീപിച്ചാലും പൂര്‍ണ തൃപ്തി നല്‍കുന്നൊരു ചിത്രമാണ് മഞ്ഞുമ്മലെന്നും പ്രേക്ഷകര്‍ പറയുന്നു.

കൂട്ടുകാരന്റെ ജീവന് തന്റെ ജീവനെക്കാള്‍ വില നല്‍കിയ മഞ്ഞുമ്മേലെ കട്ട ചങ്കുകളുടെ ജീവിതം അതേ തീവ്രതയില്‍ വെള്ളിത്തിരയില്‍ വരച്ചു വെക്കാന്‍ ചിദംബരത്തിന് സാധിച്ചിട്ടുണ്ടെന്നുമാണ് അഭിപ്രായങ്ങള്‍.

Content Highlight: manjummel Boys Audiance response

We use cookies to give you the best possible experience. Learn more