അന്ന്‌ നമ്മുടെ കൊടൈക്കനാല്‍ കൊച്ചിയില്‍ കൊണ്ടുവെച്ചതാണോയെന്ന് ചിന്തിച്ചു: മഞ്ഞുമ്മലിലെ പൊലീസുകാരന്‍
Film News
അന്ന്‌ നമ്മുടെ കൊടൈക്കനാല്‍ കൊച്ചിയില്‍ കൊണ്ടുവെച്ചതാണോയെന്ന് ചിന്തിച്ചു: മഞ്ഞുമ്മലിലെ പൊലീസുകാരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 28th February 2024, 5:37 pm

ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, അരുണ്‍ കുര്യന്‍, ദീപക് പറമ്പോല്‍ തുടങ്ങിയ യുവതാരനിര ഒന്നിച്ച ചിത്രമാണ് ഇത്.

കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതേ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും പറയുന്ന ഒരു സര്‍വൈവല്‍ ത്രില്ലര്‍ ഴോണര്‍ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.

സിനിമയില്‍ പൊലീസ്, ഫയര്‍ഫോഴ്‌സ്, ലോക്കല്‍ ഗൈഡ് എന്നീ വേഷങ്ങളില്‍ എത്തിയിരുന്നത് തമിഴ് താരങ്ങളായിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ പ്രൊമോഷന്റെ ഭാഗമായി എസ്.എസ്. മ്യൂസികിന് നല്‍കിയ അഭിമുഖത്തില്‍ കൊച്ചിയിലെ ഗുണാ കേവിന്റെ സെറ്റിനെ കുറിച്ച് പറയുകയാണ് സിനിമയില്‍ പൊലീസ് വേഷത്തിലെത്തിയ താരം.

‘ആ സിനിമയുടെ സെറ്റ് കൊച്ചിയിലാണ് ചെയ്തത്. അതില്‍ കേവിന് ഉള്ളിലേത് കൊടൈക്കനാനിലെ ഗുണ കേവില്‍ നിന്നായിരുന്നു ഷൂട്ട് ചെയ്തത്. ബാക്കിയൊക്കെ സെറ്റാണ്. ഞാന്‍ ആദ്യമായി സെറ്റില്‍ പോയപ്പോള്‍ ശരിക്കും പേടി തോന്നി.

അതൊരു സെറ്റ് പോലെ തോന്നിയിരുന്നില്ല. ഒറിജിനല്‍ ഗുണ കേവ് പോലെത്തന്നെയാണ്. ഒരാളെ കണ്ണ് കെട്ടി അതിന്റെ അകത്തേക്ക് വിട്ടാല്‍ അയാള്‍ ശരിക്കും പേടിക്കും. അത്രയും നാച്ചുറലായിരുന്നു ആ സെറ്റ്. അതിലുള്ള പുല്ല് പോലും അവര്‍ സെറ്റ് ചെയ്തതാണ്.

പ്രൊഡക്ഷന്‍ ടീം ആദ്യദിവസം ഞങ്ങളോട് വേണമെങ്കില്‍ സെറ്റിന്റെ ഉള്ളില്‍ പോയി കണ്ട് വന്നോളൂവെന്ന് പറഞ്ഞു. അങ്ങനെ അതിന്റെ ഉള്ളില്‍ കയറി നോക്കിയപ്പോള്‍ നമ്മുടെ കൊടൈക്കനാല്‍ അവിടെ കൊണ്ടുവെച്ചതാണോ എന്ന് ചിന്തിച്ചു പോയി,’ അദ്ദേഹം പറഞ്ഞു.


Content Highlight: Manjummel Boy’s Police Officer Talks About Guna Cave Set In Kochi