അത് ഒറിജിനല്‍ മരമല്ല, പത്ത് പേര്‍ കയറി നില്‍ക്കണം, പിന്നില്‍ കൊക്ക; അദ്ദേഹത്തിന്റെ ഒറ്റ ഉറപ്പില്‍ ഞങ്ങള്‍ കയറി: ഗണപതി
Movie Day
അത് ഒറിജിനല്‍ മരമല്ല, പത്ത് പേര്‍ കയറി നില്‍ക്കണം, പിന്നില്‍ കൊക്ക; അദ്ദേഹത്തിന്റെ ഒറ്റ ഉറപ്പില്‍ ഞങ്ങള്‍ കയറി: ഗണപതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 23rd February 2024, 5:16 pm

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിലൊന്ന് ചിത്രത്തിന്റെ ആര്‍ട്ടായിരുന്നു. അജയന്‍ ചാലിശേരിയായിരുന്നു ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.

റിയല്‍ ഏത് ആര്‍ട് ഏത് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത രീതിയിലാണ് ഓരോ ഫ്രേമുകളും പ്രേക്ഷകന്റെ മുന്നിലെത്തിയത്. ഗുണ കേവ്‌സില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് എത്തുന്നത് മുതല്‍ തിരിച്ചെത്തുന്നതുവരെയുള്ള സീക്വന്‍സുകളില്‍ ഏതൊക്കെ രംഗമാണ് ഒറിജിലെന്ന് കണ്ടെത്തുകയും പ്രയാസമായിരുന്നു.

ചിത്രത്തിലെ ഹൈലൈറ്റ് സീനുകളില്‍ ഒന്നായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ് എല്ലാവരും കൂടി ഒരു വലിയ മരത്തിന്റെ മുകളില്‍ കയറിയ ശേഷം ഫോട്ടോ എടുക്കുന്ന രംഗം. യഥാര്‍ത്ഥ മഞ്ഞുമ്മല്‍ ബോയ്‌സ് എടുത്ത ഫോട്ടോയ്ക്ക് സമാനമായ പോസില്‍ തന്നെയാണ് ചിത്രത്തിലും ആ രംഗം ഉള്‍പ്പെടുത്തിയത്. മരത്തിന് പിന്നില്‍ വലിയൊരു കൊക്കയും ആ ഫോട്ടോയില്‍ കാണാമായിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിനായി ഒരു വലിയ കൊക്കയ്ക്ക് മുകളിലായി ഒരു മരം ആര്‍ട് ഡിപാര്‍ട്‌മെന്റ് ചെയ്‌തെടുക്കുകയായിരുന്നു എന്നാണ് ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രമായി എത്തിയ ഗണപതിയും ബാലു വര്‍ഗീസും പറയുന്നത്. സിനിമയിലെ കാസ്റ്റിങ് ഡയറക്ടര്‍ കൂടിയാണ് ഗണപതി. ഒറിജിനല്‍ മരമല്ലാത്തതുകൊണ്ട് തന്നെ അതിന് മുകളില്‍ കയറാന്‍ പേടി തോന്നിയിരുന്നെന്നും എന്നാല്‍ പ്രൊഡക്ഷന്‍ ഡിസൈനറായ അജയേട്ടന്റെ ഒറ്റ ഉറപ്പിന്റെ പുറത്ത് തങ്ങള്‍ കയറുകയായിരുന്നുവെന്നാണ് ഇരുവരും പറയുന്നത്.

‘ മരം ആര്‍ട് ഡിപാര്‍ട്‌മെന്റ് ഉണ്ടാക്കിയതാണ്. ആ മരത്തിന്റെ മുകളില്‍ കയറി നില്‍ക്കുമ്പോള്‍ പോലും അത് ഒറിജിനല്‍ അല്ലെന്ന് ഞങ്ങള്‍ക്ക് തോന്നുന്നുണ്ടായിരുന്നില്ല. പിറകില്‍ വലിയൊരു കൊക്കയാണ്. അതിന്റെ മുകളില്‍ കയറി നില്‍ക്കുമ്പോള്‍ എങ്ങനെ നില്‍ക്കുമെന്ന തോന്നലുണ്ട്. 11 പേരുണ്ട്.

ആര്‍ട് ഡിപാര്‍ട്‌മെന്റ് ഉണ്ടാക്കിയ മരമാണ് എന്ന് പറയുമ്പോള്‍ പേടിയുണ്ടായിരുന്നു. പൊളിഞ്ഞാല്‍ തീര്‍ന്നു. ഒന്നും പേടിക്കണ്ട നിങ്ങള്‍ കയറി നിന്നോ എന്ന അജയേട്ടന്റെ പറച്ചിലിന് പക്ഷേ ഉറപ്പുണ്ടായിരുന്നു. അങ്ങനെ കയറിയതാണ്.

സിനിമയില്‍ ആ മരത്തിനൊക്കെ അത്ര പ്രാധാന്യമുണ്ട്. തീര്‍ച്ചയായും സിനിമ ഇറങ്ങിക്കഴിഞ്ഞാല്‍ അജയേട്ടന്‍ ഒരു അണ്‍ സീന്‍ ഹീറോ ആയിരിക്കും. ഏതാണ് ആര്‍ട് ഏതാണ് ഒറിജിനല്‍ എന്ന് മനസിലാവാത്ത ഒരു പരിപാടി ഉണ്ട്. ഇതിന്റെയൊക്കെ പിന്നില്‍ നടന്ന കാര്യങ്ങള്‍ ഒരു വീഡിയോ ആയി എന്തായാലും ഇറക്കും. അല്ലെങ്കില്‍ അത് നമ്മള്‍ അജയേട്ടനോട് ചെയ്യുന്ന ക്രൂരതയായിരിക്കും. എല്ലാവരും നല്ല പോലെ പണിയെടുത്തിട്ടുണ്ട്. അഭിനേതാക്കളായിക്കോട്ടെ, ആര്‍ട് ആയിക്കോട്ടെ, മ്യൂസ് ആയിക്കോട്ടെ, ക്യാമറയായിക്കോട്ടെ എല്ലാവരും നന്നായി പണിയെടുത്തിട്ടുണ്ട്.

സിനിമ ഇറങ്ങിക്കഴിഞ്ഞാല്‍ ഞങ്ങള്‍ അഭിനേതാക്കളേക്കാളും ഒറിജിനല്‍ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സീന്‍ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതാണ് ആഗ്രഹിക്കുന്നതും. അവര്‍ ഇതെങ്ങനെ കാണുമെന്നത് തന്നെയായിരുന്നു ഞങ്ങളുടെ എക്‌സൈറ്റ്‌മെന്റ്,’ താരങ്ങള്‍ പറഞ്ഞു.

Content Highlight: Manjummal Boys Team about the art Department