| Saturday, 3rd February 2024, 7:02 pm

ആ സംഭവമായിരിക്കുമോ ഈ സിനിമയുടെ കഥ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മഞ്ഞുമ്മല്‍ ബോയ്‌സ് പോസ്റ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ഫെബ്രുവരിയില്‍ സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന സിനിമകളിലൊന്നുകൂടിയാണിത്. സൗബിന്‍ ഷാഹിര്‍, ഗണപതി, ദീപക് പറമ്പോല്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. സിനിമയുടെ മൂന്ന് പോസ്റ്ററുകള്‍ പുറത്തിറങ്ങി നില്‍ക്കുമ്പോഴാണ് ചിത്രത്തിന്റെ കഥയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്.

12 വര്‍ഷം മുമ്പ് കൊടൈക്കനാലിലെ ഗുണാ കേവ്‌സില്‍ ഒരു ടൂറിസ്റ്റ് കുടുങ്ങുന്നതും, അവിടുന്ന് അയാളെ സുഹൃത്തുക്കള്‍ രക്ഷിച്ചതും വാര്‍ത്തയായിരുന്നു. ആ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നതെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. 1991ല്‍ റിലീസായ കമല്‍ ഹാസന്റെ ഗുണാ എന്ന സിനിമ ഷൂട്ട് ചെയ്ത സ്ഥലം എന്നതിനാലാണ് ആ ഗുഹകള്‍ ഗുണാ കേവ്‌സ് എന്ന് അറിയപ്പെടുന്നത്. 300 അടിയോളം താഴ്ചയിലാണ് ഗുഹകള്‍. അന്നത്തെ അപകടത്തിന് ശേഷം അധികാരികള്‍ ഗുഹക്ക് ചുറ്റും സംരക്ഷണഭിത്തി കെട്ടിവെച്ചിട്ടുണ്ട്.

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കൊടൈക്കനാലിലെ ടൂറിസ്റ്റ് സ്‌പോട്ടുകളിലേക്കുള്ള ബോര്‍ഡും, പുതിയ പോസ്റ്ററിന്റെ ബാക്ക് ഗ്രൗണ്ടില്‍ ഗുണാ കേവ്‌സും കാണിക്കുന്നുണ്ട്. ഇതുകൂടാതെ സിനിമയുടെ പോസ്റ്ററില്‍ കൈപിടിച്ചുയര്‍ത്തുന്ന തരത്തിലാണ് ടൈറ്റിലിലെ Y എന്ന അക്ഷരം ഉള്ളത്. ഇതൊക്കെയാണ് സിനിമയുടെ കഥ അന്നു നടന്ന അപകടത്തെ ആസ്പദമാക്കി ചെയ്തതാണെന്ന അനുമാനത്തെ ശക്തമാക്കുന്നത്. സിനിമ റിലീസ് ആകുമ്പോള്‍ മാത്രമേ ഇതിനെപ്പറ്റി കൂടുതല്‍ പറയാനാകുള്ളൂ.

കണ്ണൂര്‍ സ്‌ക്വാഡിന് ശേഷം സുഷിന്‍ ശ്യാം സംഗീതം നല്‍കുന്ന സിനിമ എന്ന പ്രത്യേകതയും മഞ്ഞുമ്മല്‍ ബോയ്‌സിനുണ്ട്. പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രം ഫെബ്രുവരിയില്‍ തിയേറ്ററുകളിലെത്തും.

Content Highlight: Manjummal Boys Poster decoding

We use cookies to give you the best possible experience. Learn more