മഞ്ഞുമ്മലിലെ ഡ്രൈവര്‍ പ്രസാദ്; ഖാലിദ് റഹ്‌മാനെ തിരിച്ചറിയാത്ത 'റിവ്യൂ സിംഹങ്ങള്‍'; വിമര്‍ശനം
Movie Day
മഞ്ഞുമ്മലിലെ ഡ്രൈവര്‍ പ്രസാദ്; ഖാലിദ് റഹ്‌മാനെ തിരിച്ചറിയാത്ത 'റിവ്യൂ സിംഹങ്ങള്‍'; വിമര്‍ശനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 23rd February 2024, 12:28 pm

ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് മികച്ച പ്രതികരണം നേടി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.

കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന ഒരു സംഘം ചെറുപ്പക്കാരുടെ കഥ പറഞ്ഞ ചിത്രം ഒരു സര്‍വൈവല്‍ ത്രില്ലറാണ്. മലയാളത്തിലെ യുവതലമുറ ഒന്നിച്ച ചിത്രം താരങ്ങളുടെ അഭിനയം കൊണ്ടും ഗാനങ്ങള്‍ കൊണ്ടും ആര്‍ട് കൊണ്ടും സമ്പന്നമാണ്.

ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയത് നടന്‍ സൗബിന്‍ ഷാഹിറും ശ്രീനാഥ് ഭാസിയുമായിരുന്നു. ഇവര്‍ക്കൊപ്പം ബാലു വര്‍ഗീസും ജീന്‍ പോള്‍ ലാലും സലിം കുമാറിന്റെ മകനായ ചന്ദു സലീം കുമാറുമൊക്കെ തങ്ങളുടെ കഥാപാത്രങ്ങളെ ഗംഭീരമാക്കി.

ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തിയത് സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍ ആയിരുന്നു. മഞ്ഞുമ്മലിലെ ചെക്കന്‍മാര്‍ക്കൊപ്പം കൊടൈക്കനാലിലേക്കുള്ള യാത്രയില്‍ സാരഥിയായത് പ്രസാദായിരുന്നു.

അതിഗംഭീരമായിട്ടാണ് ചിത്രത്തില്‍ പ്രസാദ് എന്ന കഥാപാത്രത്തെ ഖാലിദ് അവതരിപ്പിച്ചത്. ഉണ്ടയും തല്ലുമാലയും അനുരാഗകരിക്കിന്‍ വെള്ളവും ചെയ്ത് പ്രേക്ഷകരെ ഞെട്ടിച്ച ഖാലിദില്‍ നിന്നും ഇങ്ങനെയൊരു വേഷം പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് വേണം കരുതാന്‍.

തിയേറ്ററില്‍ പ്രസാദിന്റെ കഥാപാത്രം എത്തുന്ന ആദ്യ രംഗത്തിന് തന്നെ കയ്യടി ഉയരുകയും ചെയ്തിരുന്നു. മായാനദിയിലും പറവയിലും നോര്‍ത്ത് 24 കാതത്തിലും വളരെ ചുരുങ്ങിയ സെക്കന്റുകള്‍ മാത്രം സ്‌ക്രീനില്‍ വന്നുപോയ ഖാലിദ് മഞ്ഞുമ്മല്‍ ബോയ്‌സില്‍ മുഴുനീള വേഷമാണ് ചെയ്തത്.

പ്രസാദ് എന്ന കഥാപാത്രത്തിലൂടെ സാധാരണക്കാരനായ, സാധുവായ ഒരു ഡ്രൈവറായി ജീവിക്കുകയായിരുന്നു ഖാലിദ്. മഞ്ഞുമ്മലിലെ കട്ടചങ്കുകളുടെ ഡാന്‍സും അവരുടെ സൗഹൃദത്തിന്റെ ആഴവും മനസിലാക്കി അവര്‍ക്കൊപ്പം ചേരാന്‍ ആഗ്രഹിക്കുന്ന ആളാണ് പ്രസാദ്.

മഞ്ഞുമ്മല്‍ബോയ്‌സ് ഒരു യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ രണ്ടാമതൊരു വട്ടം ആലോചിക്കുക പോലും ചെയ്യാതെ അവര്‍ക്കൊപ്പം വണ്ടിയെടുത്ത് പോകാന്‍ പ്രസാദ് തയ്യാറാകുന്നതും അതുകൊണ്ടാണ്.

എന്നാല്‍ ചിത്രം റിലീസായതിന് ശേഷം വന്ന മിക്ക റിവ്യുകളിലും മലയാളത്തിലെ പ്രമുഖരെന്ന് വിശേഷിപ്പിക്കുന്ന മിക്ക റിവ്യൂവേഴ്‌സും ഖാലിദിനെ തിരിച്ചറിഞ്ഞില്ലെന്നതാണ് വസ്തുത. ചിത്രത്തില്‍ ‘ഡ്രൈവറുടെ കഥാപാത്രം ചെയ്ത നടന്‍’ എന്നാണ് പലരും ഖാലിദിനെ വിശേഷിപ്പിച്ചത്.

ഇത്രയേറെ സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ഖാലിദിനെ തിരിച്ചറിയാന്‍ സിനിമ റിവ്യൂകള്‍ പ്രൊഫഷനായി കൊണ്ടുനടക്കുന്നര്‍ക്ക് പോലും സാധിച്ചില്ലെന്നത് വലിയ രീതിയില്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്.

നിരൂപകരെന്ന് സ്വയം അവകാശപ്പെടുന്നവര്‍ക്ക് ഖാലിദ് റഹ്‌മാന്റെ മുഖം പോലും തിരിച്ചറിയാന്‍ സാധിക്കുന്നില്ലെങ്കില്‍ അവര്‍ സ്വയം വിമര്‍ശനത്തിന് വിധേയരാകണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭിപ്രായം.

പ്രസാദ് എന്ന കഥാപാത്രത്തെ ഇത്രയേറെ മനോഹരമാക്കിയ ഖാലിദിന് തീര്‍ച്ചയായും മലയാള സിനിമയില്‍ ഒരു ഇരിപ്പിടമുണ്ടെന്നതില്‍ സംശയമില്ല. സംവിധാനത്തോടൊപ്പം തന്നെ മികച്ച കഥാപാത്രങ്ങളുമായി ഇനിയും അദ്ദേഹത്തെ മലയാള സിനിമ പ്രതീക്ഷിക്കുന്നുണ്ട്.

Content Highlight: Manjummal Boys Movie Reviewers fail to identify Khalid rahman