| Thursday, 14th March 2024, 2:22 pm

മുരുകനെയും തീർത്ത് 2018ഉം കടന്ന് മഞ്ഞുമ്മൽ ബോയ്സ്, ബോക്സ്‌ ഓഫീസ് കളക്ഷനിലും സീൻമാറ്റി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. സൗബിന്‍ ഷാഹിര്‍, ഗണപതി, ദീപക് പറമ്പോല്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍.

ഒരുകൂട്ടം യുവാക്കൾ കൊടൈക്കനാലിലേക്ക് നടത്തിയ യാത്രയുടെ യഥാർത്ഥ സംഭവങ്ങളെ ആസ്‌പദമാക്കി ചിദംബരം ഒരുക്കിയ ചിത്രം മലയാളത്തിലെ പോലെ തമിഴിലും ഗംഭീരമായി സ്വീകരിക്കപ്പെട്ടു.

തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രമായി മാറിക്കഴിഞ്ഞു. കമൽഹാസൻ, ഉദയനിധി സ്റ്റാലിൻ, അനുരാഗ് കശ്യപ് തുടങ്ങിയ പ്രമുഖർ ചിത്രത്തിന് പ്രശംസയുമായി മുന്നോട്ട് വന്നിരുന്നു.

എന്നാൽ ഇപ്പോഴിതാ വേൾഡ് വൈഡ് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രമായി മാറിയിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്. കഴിഞ്ഞവർഷം ഇറങ്ങിയ ജൂഡ് ആന്തണി ചിത്രം 2018ആയിരുന്നു ഇതുവരെ ബോക്സ്‌ ഓഫീസിൽ ഏറ്റവും കൂടുതൽ പണം വാരിയ മലയാള ചിത്രമായി മുന്നിട്ട് നിന്നത്.

2018ലെ മഹാപ്രളയത്തെ ആസ്പദമാക്കി ജൂഡ് ഒരുക്കിയ ചിത്രത്തിൽ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി തുടങ്ങി വമ്പൻ താരനിര അണിനിരന്നിരുന്നു. മോഹൻലാൽ- പൃഥ്വിരാജ് ചിത്രം ലൂസിഫർ, മലയാളത്തിലെ ആദ്യ നൂറ് കോടി ചിത്രമായ പുലിമുരുകൻ തുടങ്ങിയ ചിത്രങ്ങളെ പിന്തള്ളിയാണ് മഞ്ഞുമ്മൽ ബോയ്സ് ഈ നേട്ടം സ്വന്തമാക്കിയത്.

175കോടിയോളമാണ് ചിത്രം ഇതിനോടകം ലോക ബോക്സ്‌ ഓഫീസിൽ നിന്ന് നേടിയിട്ടുള്ളത്. അധികം വൈകാതെ തന്നെ ചിത്രം 200കോടി ക്ലബ്ബിൽ കയറുമെന്നാണ് കണക്കാക്കുന്നത്.

റിലീസിന് മുമ്പ് ചിത്രത്തിന്റെ സംഗീതസംവിധായകൻ സുഷിൻ ശ്യാം പറഞ്ഞ പോലെ ചിത്രം മലയാള ഇൻഡസ്ട്രിയുടെ സീൻ മാറ്റിയിരിക്കുകയാണ്. കഴിഞ്ഞമാസം തന്നെ ഇറങ്ങിയ ഗിരീഷ് എ.ഡിയുടെ പ്രേമലുവെന്ന ചിത്രവും മലയാളത്തിലും തെലുങ്കിലും കോടി കളക്ഷനുമായി മുന്നേറുകയാണ്.

Content Highlight: Manjummal Boys Is The Highest World Wide Grosser From Malayalam

We use cookies to give you the best possible experience. Learn more