റഷ്യയിലെ കിനോ ബ്രാവോ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മലയാളത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ മഞ്ഞുമ്മല്‍ ബോയ്‌സും. റഷ്യയിലെ കിനോബ്രാവോ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം മത്സരിക്കുന്നത്. റഷ്യയിലെ സോചിയിലാണ് കിനോ ബ്രാവോ ഇന്റര്‍നാഷണല്‍ മെയിന്‍സ്ട്രീം ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്. മേളയില്‍ മത്സരിക്കുന്ന ആദ്യ മലയാള ചിത്രവും ഈ വര്‍ഷം മത്സര വിഭാഗത്തില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ ചിത്രവുമാണ് ഇത്.
സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ നാല് വരെ നടക്കുന്ന മത്സരത്തില്‍ പായല്‍ കപാഡിയയുടെ കാന്‍ ഗ്രാന്‍ഡ് പ്രിക്സ് ജേതാവായ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് , എസ്എസ് രാജമൗലിയുടെ ആര്‍.ആര്‍.ആര്‍ എന്നിവയും പ്രദര്‍ശിപ്പിക്കുന്നുണ്ട്. മഞ്ഞുമ്മല്‍ ബോയ്‌സിന് സെപ്തംബര്‍ 30ന് റെഡ് കാര്‍പെറ്റ് സ്‌ക്രീനിങും ഒക്ടോബര്‍ ഒന്നിന് ഫെസ്റ്റിവല്‍ സ്‌ക്രീനിങും ഉണ്ടായിരിക്കും.
ഈ വര്‍ഷത്തിലെ മലയാളത്തിലെ ഏറ്റവും വലിയ വിജയചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ്. ജാന്‍-ഏ-മനിന് ശേഷം ചിദംബരത്തിന്റെ സംവിധാനത്തില്‍ യുവതാരനിര ഒന്നിച്ച ചിത്രമാണ് ഇത്. കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലെ ഗുണാ കേവിലേക്ക് യാത്ര പോകുന്നതും അതേ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും പറയുന്ന ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ്. 2006 ല്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയെടുത്ത സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.
സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, അരുണ്‍ കുര്യന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍ തുടങ്ങിയ വന്‍ യുവതാരനിരയാണ് ചിത്രത്തിന് വേണ്ടി ഒന്നിച്ചത്.
ഇരുന്നൂറ് കോടിക്ക് മുകളിലാണ് മഞ്ഞുമ്മല്‍ ബോയ്‌സ് ബോക്സോഫീസില്‍ നിന്ന് സ്വന്തമാക്കിയത്. പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ഷൈജു ഖാലിദ് ആയിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്. അജയന്‍ ചാലിശ്ശേരി ഒരുക്കിയ ഗുണ കേവിന്റെ സെറ്റ് ഏറെ പ്രശംസ നേടിയിരുന്നു. സുഷിന്‍ ശ്യാം ആയിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സിന് സംഗീതമൊരുക്കിയത്.