| Sunday, 25th August 2024, 8:05 am

തിരക്ക് കാരണം ലാലേട്ടന്റെ ആ രണ്ട് സിനിമകൾ എനിക്ക് നഷ്ടമായി, അതിലൊന്ന് ജീത്തു ജോസഫ് ചിത്രം: മഞ്ജു വാര്യർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച നടിമാരിലൊരാളാണ് മഞ്ജു വാര്യര്‍. സല്ലാപത്തിലൂടെ സിനിമ കരിയര്‍ ആരംഭിച്ച മഞ്ജു വാര്യര്‍ കരിയറിന്റെ തുടക്കത്തില്‍ തന്നെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കളിയാട്ടം, കന്മദം, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് എന്നീ സിനിമകളിലെ പ്രകടനം നിരവധി പ്രശംസ നേടി.

കരിയറില്‍ വലിയൊരു ഇടവേള എടുത്തതിന് ശേഷം തിരിച്ചുവരവിലും മികച്ച സിനിമകളുടെ ഭാഗമാകാന്‍ മഞ്ജുവിന് സാധിച്ചു. ഇന്ന് അന്യഭാഷകളിലും തിരക്കുള്ള നടിയാണ് മഞ്ജു.

അന്യഭാഷയിലെ തിരക്ക് കാരണം മലയാളത്തിൽ തനിക്ക് നഷ്ടമായ സിനിമകളെ കുറിച്ച് പറയുകയാണ് മഞ്ജു വാര്യർ. ജീത്തു ജോസഫ് സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം വലിയ വിജയമായി മാറിയ നേര് എന്ന ചിത്രവും ഇപ്പോൾ ഷൂട്ടിങ് നടന്ന് കൊണ്ടിരിക്കുന്ന തരുൺ മൂർത്തി – മോഹൻലാൽ ചിത്രവും തനിക്ക് നഷ്ടമായെന്ന് മഞ്ജു പറയുന്നു. മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു മഞ്ജു.

‘3 സിനിമകൾ തമിഴിൽ തുടർച്ചയായി വന്നതുകൊണ്ടാണ് ഇത്രയും വലിയ ഇടവേള മലയാളത്തിൽ ഉണ്ടായത്. രജനിസാറിന്റെ വേട്ടയ്യൻ, ആര്യയുടെ മിസ്‌റ്റർ എക്സ്, വെട്രിമാരൻ്റെ വിടുതലൈ-2 എന്നിവയുടെ ഷൂട്ടിങ് അടുപ്പിച്ചടുപ്പിച്ചായിരുന്നു. ജീത്തു ജോസഫിന്റെ നേര്, തരുൺ മൂർത്തിയുടെ ലാലേട്ടൻ ചിത്രം തുടങ്ങിയ സിനിമകളൊന്നും ചെയ്യാൻ കഴിഞ്ഞില്ല,’മഞ്ജു വാര്യർ പറയുന്നു.

പുതിയ ചിത്രം ഫുട്ടേജിനെ കുറിച്ചും മഞ്ജു വാര്യർ സംസാരിച്ചു. 1999ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ‘ബ്ലെയർ വിച്ച് പ്രോജക്ട്’ എന്ന സിനിമയുടെ മാതൃകയിൽ ഷൂട്ട്‌ ചെയ്ത ചിത്രമാണ് ഫുട്ടേജെന്നും മഞ്ജു വാര്യർ പറഞ്ഞു.

അൽപ്പം ഗ്രേ ഷേഡുള്ള കഥാപാത്രമാണ്. അൽപ്പം ദൂരൂഹവുമാണ് ക്യാരക്ടർ. 1999 ൽ പുറത്തിറങ്ങിയ ഹോളിവുഡ് – ഹൊറർ ചിത്രം ബ്ലെയർ വിച്ച് പ്രോജക‌ട് ഫൗണ്ട് ഫൂട്ടേജ് മാതൃകയിൽ ഷൂട്ട് ചെയ്‌ത ചിത്രമാണ്.

ബ്ലെയർ വിച്ച് എന്നറിയപ്പെടുന്ന ദുരൂഹത തേടി 3 ചെറുപ്പക്കാർ കരിമല കയറുന്നതും അവർ അപ്രത്യക്ഷരാകുന്നതുമാണ് കഥ. എന്നാൽ ഇവരുടെ ക്യാമറ കണ്ടെത്തുന്നു. അതിൽ നിന്ന് ലഭിച്ച ഫൂട്ടേജ് ഒരു സിനിമയാകുന്നു. ഹോളിവുഡിൽ വലിയ വിജയമെഴുതിയ ചിത്രമായിരുന്നു ബ്ലെയർ വിച്ച്,’മഞ്ജു പറയുന്നു.

Content Highlight:  Manju Warrior  Talk About Neru Movie and Thrun Moorthi – Mohanlal Film

We use cookies to give you the best possible experience. Learn more