Entertainment
എന്റെ ആ ഷോട്ട് റെഡിയാവാനുണ്ടെന്ന് ഞാൻ, നന്നായി അഭിനയിക്കാൻ മറ്റൊരു സിനിമ തരാമെന്ന് സംവിധായകൻ: മഞ്ജു വാര്യർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Oct 05, 08:38 am
Saturday, 5th October 2024, 2:08 pm

മലയാളത്തിലെ മികച്ച നടിമാരിലൊരാളാണ് മഞ്ജു വാര്യര്‍. സല്ലാപത്തിലൂടെ സിനിമ കരിയര്‍ ആരംഭിച്ച മഞ്ജു വാര്യര്‍ കരിയറിന്റെ തുടക്കത്തില്‍ തന്നെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

കളിയാട്ടം, കന്മദം, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് എന്നീ സിനിമകളിലെ പ്രകടനം നിരവധി പ്രശംസ നേടി. കരിയറില്‍ വലിയൊരു ഇടവേള എടുത്തതിന് ശേഷം തിരിച്ചുവരവിലും മികച്ച സിനിമകളുടെ ഭാഗമാകാന്‍ മഞ്ജുവിന് സാധിച്ചു. ഇന്ന് അന്യഭാഷകളിലും തിരക്കുള്ള നടിയാണ് മഞ്ജു. തമിഴിൽ അജിത്, ധനുഷ്, വിജയ് സേതുപതി തുടങ്ങിയവരോടൊപ്പമെല്ലാം മഞ്ജു അഭിനയിച്ച് കഴിഞ്ഞു.

എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു അജിത് നായകനായ തുനിവ്‌. ചിത്രത്തിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് മഞ്ജു. എച്ച്. വിനോദ് തനിക്ക് വലിയ ഫ്രീഡം തരുന്ന സംവിധായകനാണെന്നും അഭിനയം കുറച്ചുകൂടെ റെഡിയാക്കണമെന്ന് തോന്നിയാൽ അദ്ദേഹത്തോട് തുറന്ന് പറയാമെന്നും മഞ്ജു പറയുന്നു. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മഞ്ജു.

‘എച്ച്. വിനോദ് സാർ എനിക്ക് വലിയ ഫ്രീഡം തരുന്ന ഒരു സംവിധായകനാണ്. കുറച്ചുകൂടെ നന്നാക്കണമെന്ന് നമുക്ക് തന്നെ തോന്നിയാലും അദ്ദേഹത്തിനത് അറിയാൻ പറ്റും.

അതിനെ കുറിച്ച് ചോദിച്ചാൽ, അദ്ദേഹം പറയും, ഇത് മതിയെടോ, ഈ സിനിമയ്ക്ക് ഇതൊക്കെ മതി. തമാശയായിട്ടാണ് പറയുക.അപ്പോൾ ഞാൻ പറയും, സാർ ആ ഷോട്ടിൽ എന്റെ അഭിനയം കുറച്ചുകൂടെ മെച്ചപ്പെടുത്താനുണ്ട്.

അപ്പോൾ അദ്ദേഹം, അത് പ്രശ്നമാക്കേണ്ട മാഡം, നിങ്ങൾക്ക് നന്നായി അഭിനയിക്കാൻ മറ്റൊരു സിനിമ ഞാൻ തരുമെന്നാണ് പറയുക. കാരണം അദ്ദേഹത്തിനറിയാം എന്തിലാണ് ഫോക്കസ് ചെയ്യേണ്ടതെന്ന്. അദ്ദേഹം വളരെ കംഫർട്ടബിളാണ്. അതാണ് വിനോദ് സാറിന്റെ രീതി. തുനിവ്‌ പടത്തിൽ ഞാനതാണ് ശ്രദ്ധിച്ചത്,’മഞ്ജു വാര്യർ പറയുന്നു.

അതേസമയം രജിനികാന്ത് ചിത്രം വേട്ടയ്യാനാണ് ഉടനെ റിലീസാവാനുള്ള മഞ്ജു വാര്യരിന്റെ സിനിമ. ഫഹദ് ഫാസിൽ, അമിതാഭ് ബച്ചൻ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഒക്ടോബർ പത്തിന് റിലീസാവും.

സംവിധായകൻ എച്ച്. വിനോദും തന്റെ പുതിയ ചിത്രത്തിന്റെ അപ്ഡേഷൻ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. വിജയ് നായകനാവുന്ന 69മത് ചിത്രമായ എച്ച്. വിനോദ് ചിത്രത്തിൽ മലയാളി താരം മമിത ബൈജുവും അഭിനയിക്കുന്നുണ്ട്.

 

Content Highlight: Manju Warrior Talk About Director  H.Vinodh