ആ നടിയെ ഇഷ്ടമില്ലാത്ത ആരാണുള്ളത്, ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ്: മഞ്ജു വാര്യർ
Entertainment
ആ നടിയെ ഇഷ്ടമില്ലാത്ത ആരാണുള്ളത്, ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ്: മഞ്ജു വാര്യർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 25th August 2024, 3:29 pm

മലയാളത്തിലെ മികച്ച നടിമാരിലൊരാളാണ് മഞ്ജു വാര്യര്‍. സല്ലാപത്തിലൂടെ സിനിമ കരിയര്‍ ആരംഭിച്ച മഞ്ജു വാര്യര്‍ കരിയറിന്റെ തുടക്കത്തില്‍ തന്നെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

കളിയാട്ടം, കന്മദം, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് എന്നീ സിനിമകളിലെ പ്രകടനം നിരവധി പ്രശംസ നേടി. കരിയറില്‍ വലിയൊരു ഇടവേള എടുത്തതിന് ശേഷം തിരിച്ചുവരവിലും മികച്ച സിനിമകളുടെ ഭാഗമാകാന്‍ മഞ്ജുവിന് സാധിച്ചു. ഇന്ന് അന്യഭാഷകളിലും തിരക്കുള്ള നടിയാണ് മഞ്ജു.

തിരിച്ചുവരവിന് പിന്നാലെ ആരാധകർക്കിടയിൽ ലേഡി സൂപ്പർ സ്റ്റാർ എന്ന പേരിലാണ് മഞ്ജു വാര്യർ അറിയപ്പെടുന്നത്. അതുപോലെ തെന്നിന്ത്യയൊട്ടാകെ ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന നടിയാണ് നയൻതാര.

കഴിഞ്ഞ വനിതാദിനത്തിൽ മഞ്ജു വാര്യർ നയൻതാരയോടൊപ്പമുള്ള ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തിരുന്നു. വണ്ടർ വുമൺ എന്നായിരുന്നു മഞ്ജു ചിത്രത്തിന് അടിക്കുറിപ്പ് നൽകിയത്. നയൻതാരയെ ഇഷ്ടമില്ലാത്തവരായി ആരാണുള്ളതെന്ന് മഞ്ജു വാര്യർ ചോദിക്കുന്നു.

ചെന്നൈയിൽ ഒരു ചിത്രത്തിന്റെ ഷൂട്ടിന് പോയപ്പോഴാണ് നയൻതാരയെ കാണുന്നതെന്നും തനിക്കേറെ ബഹുമാനമുള്ള നടിയും വ്യക്തിയുമൊക്കെയാണ് നയൻസെന്നും മഞ്ജു വാര്യർ പറഞ്ഞു. ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു താരം.

‘ചെന്നൈയിൽ ഷൂട്ടിന് പോയപ്പോഴാണ് ഞാൻ നയൻ‌താരയോടൊപ്പമുള്ള ആ ഫോട്ടോ എടുത്തത്. ഒരു വീക്കെൻഡിൽ ഷൂട്ട് ഇല്ലാതെ ഇരുന്നപ്പോൾ ഞാൻ നയൻസിന്റെ വീട്ടിൽ പോയതാണ്. അത് കഴിഞ്ഞിട്ട് ഞങ്ങൾ ഒരു ഔട്ടിങ്ങിനൊക്കെ പുറത്ത് പോയിരുന്നു. നയൻസിന്റെ ഫാമിലിയും ഉണ്ടായിരുന്നു. അപ്പോൾ വെറുതെ എടുത്ത ഫോട്ടോയാണത്.

നയൻതാരയെ ഇഷ്ടമില്ലാത്ത ആരാണുള്ളത്. വ്യക്തിപരമായി എന്റെ സുഹൃത്താണ്. ഞാൻ ഒരുപാട് ബഹുമാനിക്കുന്ന ഒരു നടിയാണ് അതുപോലെ ഒരു വ്യക്തിയാണ്,’മഞ്ജു വാര്യർ പറയുന്നു.

Content Highlight: Manju warrior Talk About  Actress Nayanthara