| Thursday, 13th September 2018, 2:51 pm

ഫ്രാങ്കോ മുള്ളയ്ക്കലിനൊപ്പം നില്‍ക്കുന്നവര്‍ മുപ്പതുവെള്ളിക്കാശിനുവേണ്ടി കര്‍ത്താവിനെ തള്ളിപ്പറയുന്നവര്‍: മഞ്ജു വാര്യര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനപരാതിയില്‍ നീതി തേടി തെരുവിലിറങ്ങേണ്ടി വന്ന കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടി മഞ്ജു വാര്യര്‍.

ഈ പോരാട്ടത്തില്‍ താനും അണിചേരുന്നെന്നും പീഡിപ്പിക്കപ്പെട്ട സഹോദരിയുടെ കൈകള്‍ ചേര്‍ത്തുപിടിക്കുന്നെന്നും മഞ്ജു വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

“”കുറ്റാരോപിതനായ ബിഷപ്പിനെതിരെ നിയമനടപടിയുണ്ടാകണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു. അത് വൈകുന്തോറും വ്രണപ്പെടുന്നത് വലിയൊരു വിശ്വാസസമൂഹത്തിന്റെ വികാരങ്ങളാണ്.

വലിയ പാരമ്പര്യമുള്ള ഒരു പുണ്യസഭയുടെ വിശ്വാസ്യതയാണ്. ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരാള്‍പോലും ബിഷപ്പിനൊപ്പമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ആരെങ്കിലും ആരോപിതനൊപ്പമെങ്കില്‍ അതിനര്‍ഥം അവര്‍ മുപ്പതുവെള്ളിക്കാശിനുവേണ്ടി കര്‍ത്താവിനെ തള്ളിപ്പറയുന്നുവെന്നാണ്.

അള്‍ത്താരയ്ക്ക് മുന്നിലെന്നോണമാണ് കന്യാസ്ത്രീകളും അവര്‍ക്കൊപ്പമുള്ള പൊതുസമൂഹവും ഇവിടത്തെ നീതിന്യായവ്യവസ്ഥയ്ക്ക് മുന്നില്‍
മുട്ടുകുത്തിനില്കുന്നത്. നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ണുതുറക്കണം.

സദൃശവാക്യങ്ങളില്‍ പറയും പോലെ നീതിയും ധര്‍മനിഷ്ഠയുമാണ് ബലിയേക്കാള്‍ ദൈവസന്നിധിയില്‍ സ്വീകാര്യമായത്. എവിടെയെങ്കിലും സ്ത്രീയുടെ സുരക്ഷയ്ക്കും അഭിമാനത്തിനും മുറിവുണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഷ്‌കൃതജനത എന്ന നമ്മുടെ അവകാശവാദത്തിനുള്ള തിരിച്ചടിയും നമ്മുടെ തോല്‍വിയും കൂടിയാണ്. അതിന് ജലന്ധറെന്നോ ഷൊര്‍ണൂരെന്നോ ഭേദമില്ല. നീതി ജലംപോലെ ഒഴുകട്ടെ, നന്മഒരിക്കലും നിലയ്ക്കാത്ത അരുവി പോലെയും (ആമോസ് 5:24)- എന്ന് പറഞ്ഞാണ് മഞ്ജു ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

We use cookies to give you the best possible experience. Learn more