സുന്ദര്‍ ദാസ് സംവിധാനം ചെയ്ത സല്ലാപത്തിലൂടെ അഭിനയജീവിതം ആരംഭിച്ച മഞ്ജു വാര്യർ വളരെ ചെറിയ കാലത്തിനുള്ളില്‍ മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളായി മാറി.
1999ല്‍ റിലീസായ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന് ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത മഞ്ജു 2014ല്‍ റിലീസായ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തി. പിന്നീട് മികച്ച സിനിമകള്‍ മാത്രം തെരഞ്ഞെടുത്ത് പഴയ സ്ഥാനം മഞ്ജു വീണ്ടെടുത്തു.
ഇന്ന് മലയാളം പോലെ അന്യഭാഷയിലും തിരക്കുള്ള നടിയാണ് മഞ്ജു. തല എന്നറിയപ്പെടുന്ന തമിഴ് സൂപ്പർ സ്റ്റാർ അജിത്തിനൊപ്പം തുനിവ് എന്ന സിനിമയിൽ നായികയായി എത്തിയത് മഞ്ജുവായിരുന്നു. അജിത്തിനൊപ്പം ബൈക്ക് റൈഡ് നടത്തിയ മഞ്ജുവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഒരു സമയത്ത് വൈറലായി മാറിയിരുന്നു.
ബൈക്ക് റൈഡിങ്ങിൽ തനിക്ക് ആദ്യമേ താത്പര്യം ഉണ്ടായിരുന്നുവെന്നും അതിനെ കുറിച്ച് സംസാരിച്ചപ്പോഴാണ് അജിത്ത് തന്നെ റൈഡിന് ക്ഷണിച്ചതെന്നും മഞ്ജു പറയുന്നു. ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു മഞ്ജു.
‘റൈഡിങ്ങിൽ എനിക്ക് ആദ്യമേ ആഗ്രഹം ഉണ്ടായിരുന്നു. തുനിവിന്റെ ഷൂട്ടിന്റെ സമയത്താണ് ഞാൻ പോവുന്നത്. അദ്ദേഹം വളരെ പ്രൊഫഷണലായിട്ടുള്ള ഒരു റൈഡറാണ്. നല്ല ക്വാളിറ്റിയുള്ള ഒരു ബൈക്കറാണ്.
അതിനെ കുറിച്ച് ഇങ്ങനെ ചർച്ച ചെയ്തപ്പോഴാണ് റൈഡ് പോവാൻ താത്പര്യമുണ്ട് ബൈക്ക് ഓടിക്കാനൊക്കെ അത്യാവശ്യം അറിയാമെന്ന് പറഞ്ഞപ്പോൾ അദ്ദേഹമാണ് എന്നെ ക്ഷണിച്ചത്. ആ ഷെഡ്യൂൾ കഴിഞ്ഞപ്പോൾ ലഡാക്കിലേക്ക് ഒരു പ്രൊഫഷണൽ ടീമിന്റെ കൂടെ പോവുന്നുണ്ടായിരുന്നു.
അദ്ദേഹം വളരെ സ്വീറ്റായി എന്നെ ക്ഷണിച്ചതാണ്. ആഗ്രഹവും സ്വപ്നം കാണലുമൊക്കെയെ ഉണ്ടായിരുന്നുള്ളൂ. അത് നേരിട്ട് ഇങ്ങനെ എക്സ്പീരിയൻസ് ചെയ്യുന്നത്, അല്ലെങ്കിൽ അതിന് ഒരു കാരണമായത് അദ്ദേഹമാണ്,’മഞ്ജു വാര്യർ പറയുന്നു.
വെട്രിമാരന്‍ സംവിധാനം നിര്‍വഹിക്കുന്ന വിടുതലൈയുടെ രണ്ടാംഭാഗമാണ് അടുത്തതായി ഇറങ്ങാനുള്ള മഞ്ജു വാര്യർ ചിത്രം. ചിത്രത്തിൽ വിജയ് സേതുപതിയുടെ നായികയായിട്ടാണ് മഞ്ജു എത്തുന്നത്. ചിത്രത്തില്‍ അനുരാഗ് കശ്യപ്, കിഷോര്‍, ഗൗതം വാസുദേവ് മേനോന്‍, രാജീവ് മേനോന്‍, ചേതന്‍ എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.
Content Highlight: Manju Warrior About Ajith And Riding Experience