അടുത്ത കാലത്തായി സ്ത്രീകള്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന സിനിമകള്‍ ചെയ്യാത്തതെന്തെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കി മഞ്ജു വാര്യര്‍. സ്ത്രീകള്‍ കേന്ദ്ര കഥാപാത്രമാകുന്ന സിനിമകള്‍ മാത്രമാണ് സ്ത്രീ ശാക്തീകരണം എന്ന് താന്‍ കരുതുന്നില്ലെന്നായിരുന്നു മഞ്ജു വാര്യരുടെ മറുപടി.
ചതുര്‍മുഖം എന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ടു നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ ചോദ്യമുന്നയിച്ചത്. ഹൗ ഓള്‍ഡ് ആര്‍ യു, റാണി പത്മിനി എന്നിവയല്ലാതെ സ്ത്രീ ശാക്തീകരണം പ്രമേയമാകുന്ന സിനിമകള്‍ തെരഞ്ഞെടുത്തു കണ്ടിട്ടില്ല. സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പമുള്ള സിനിമകള്‍ കാണുന്നുണ്ട്. ലേഡി സൂപ്പര്‍ സ്റ്റാര്‍ ആയിട്ടും എന്തുകൊണ്ടാണ് സ്ത്രീകള്‍ കേന്ദ്ര കഥാപാത്രമാകുന്ന സിനിമകളെ പ്രോത്സാഹിപ്പിക്കാത്തത് എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.
‘അങ്ങനെയുള്ള ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കാതിരിക്കല്‍ എന്നൊന്നുമില്ല. ഞാന്‍ ചെയ്ത ഉദാഹരണം സുജാത അത്തരത്തിലൊരു പ്രമേയം കൈകാര്യം ചെയ്ത ചിത്രമാണ്.
ഒരു സ്ത്രീയെ കേന്ദ്രീകരിച്ച് മാത്രം കഥ പറഞ്ഞാലേ സ്ത്രീ ശാക്തീകരണം ആകൂ എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഏത് ചെറിയ കാര്യത്തില്‍ നിന്നും നമുക്ക് ശാക്തീകരിക്കപ്പെടാം. അതിന് ഒരു സിനിമ തന്നെ വേണമെന്നില്ല. ഇപ്പോഴത്തെ സ്ത്രീകളെല്ലാം എത്ര ശക്തിയുള്ള സ്ത്രീകളാണ്.
വ്യത്യസ്തമായ പ്രമേയങ്ങളും കഥകളും ചെയ്യുമ്പോഴാണ് നിങ്ങളടക്കമുള്ള പ്രേക്ഷകര്‍ക്ക് കാണാന്‍ തോന്നുകയുള്ളു. അല്ലെങ്കില്‍ ഒരേ സ്വഭാവമുള്ള ചിത്രങ്ങള്‍ ചെയ്താല്‍ എനിക്കും മടുക്കും കാണുന്ന നിങ്ങള്‍ക്കും മടുക്കും,’ മഞ്ജു വാര്യര്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Manju Warrier about women in lead movie