മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് ആ തമിഴ് നടന്മാരും സംവിധായകനും; അവരുടെ സിനിമയില്‍ പ്രതീക്ഷയുണ്ട്: മഞ്ജു വാര്യര്‍
Entertainment
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് ആ തമിഴ് നടന്മാരും സംവിധായകനും; അവരുടെ സിനിമയില്‍ പ്രതീക്ഷയുണ്ട്: മഞ്ജു വാര്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 19th December 2024, 12:10 pm

ഇപ്പോള്‍ സിനിമാപ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വിടുതലൈ 2. സൂരി നായകനായ വിടുതലൈയുടെ ആദ്യ ഭാഗം വന്‍ വിജയമായിരുന്നു. 2023ല്‍ റിലീസായ ആ ചിത്രത്തിന്റെ തുടര്‍ച്ചയാണ് വിടുതലൈ 2.

മഞ്ജു വാര്യര്‍, വിജയ് സേതുപതി, സൂരി എന്നിവരാണ് ഈ സിനിമക്കായി ഒന്നിക്കുന്നത്. വിടുതലൈ 2വില്‍ മലയാളികള്‍ക്കുള്ള പ്രതീക്ഷയെ കുറിച്ച് പറയുകയാണ് മഞ്ജു വാര്യര്‍. സംവിധായകന്‍ വെട്രിമാരന്റെയും നടന്മാരായ വിജയ് സേതുപതി, സൂരി എന്നിവരുടെയും സിനിമകള്‍ ഇഷ്ടത്തോടെ കാണുന്ന ആളുകളാണ് കേരളത്തില്‍ ഉള്ളതെന്നാണ് മഞ്ജു പറയുന്നത്.

മലയാളികള്‍ക്ക് തമിഴ് സിനിമകള്‍ മലയാള സിനിമകള്‍ പോലെ തന്നെ പ്രിയപ്പെട്ടതാണെന്നും വിടുതലൈ 2വിനെ കുറിച്ച് മലയാളികള്‍ക്ക് ഒരുപാട് പ്രതീക്ഷകളുണ്ടെന്നും നടി പറഞ്ഞു. സിനിമ വികടന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഞ്ജു വാര്യര്‍.

‘കേരളത്തില്‍ ഉള്ളത് വെട്രി സാറിന്റെയും സേതു സാറിന്റെയും സൂരി സാറിന്റെയുമൊക്കെ സിനിമകള്‍ ഇഷ്ടത്തോടെ കാണുന്ന ആളുകളാണ്. തമിഴ് സിനിമകള്‍ എന്ന് പറയുമ്പോള്‍ മലയാളികള്‍ക്ക് മലയാള സിനിമകള്‍ പോലെ തന്നെ പ്രിയപ്പെട്ടതാണ്.

വിടുതലൈ 2വിനെ കുറിച്ച് മലയാളികള്‍ക്ക് ഒരുപാട് പ്രതീക്ഷകളുണ്ട്, പ്രത്യേകിച്ചും വിടുതലൈയുടെ ആദ്യ ഭാഗത്തിന്റെ വിജയത്തിന് ശേഷം. എനിക്ക് അറിയുന്ന ആളുകള്‍ക്ക് ഞാന്‍ ആ സിനിമയില്‍ ഉള്ളതിന്റെ സന്തോഷമുണ്ട്.

എനിക്ക് ഈ സിനിമയുടെ ഭാഗമാകാന്‍ പറ്റിയതില്‍ സന്തോഷവും അഭിമാനവുമുണ്ട്. സത്യത്തില്‍ ഞാനും ഈ സിനിമ കാണാനായി കാത്തിരിക്കുകയാണ്. സിനിമ പൂര്‍ണമായും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല,’ മഞ്ജു വാര്യര്‍ പറഞ്ഞു.

Content Highlight: Manju Warrier Talks About Vetrimaran, Vijay Sethupathi, Soori And Viduthalai2