| Tuesday, 6th August 2024, 9:49 am

അവര്‍ രജിനി സാറിനെ കുറിച്ചാണ് ചോദിക്കുന്നത്; എനിക്ക് അതിലും സന്തോഷം നല്‍കുന്നത് മറ്റൊന്നാണ്: മഞ്ജു വാര്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടി.ജെ. ജ്ഞാനവേല്‍ രചനയും സംവിധാനവും നിര്‍വഹിച്ച് വരാനിരിക്കുന്ന തമിഴ് ആക്ഷന്‍ ചിത്രമാണ് വേട്ടയാന്‍. സുബാസ്‌കരന്‍ അല്ലിരാജ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ രജിനികാന്ത് ആണ് നായകനായി എത്തുന്നത്. ഒപ്പം അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ, റിതിക സിങ്, തുഷാര വിജയന്‍ തുടങ്ങിയ മികച്ച താരനിര തന്നെ വേട്ടയാനില്‍ എത്തുന്നുണ്ട്. ഇവര്‍ക്ക് പുറമെ മഞ്ജു വാര്യരും ഈ സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഇപ്പോള്‍ ഈ സിനിമയില്‍ സംവിധായകന്‍ ടി.ജെ. ജ്ഞാനവേലിനൊപ്പം പ്രവര്‍ത്തിക്കുന്നതിന്റെ സന്തോഷം പങ്കുവെക്കുകയാണ് മഞ്ജു വാര്യര്‍. തമിഴിലെ സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്തപ്പോള്‍ എങ്ങനെ ഉണ്ടായിരുന്നു എന്ന ചോദ്യത്തിന് ഹാപ്പി ഫ്രെയിംസിന് മറുപടി നല്‍കുകയായിരുന്നു താരം. പൊതുവെ എല്ലാവരും രജിനികാന്തിന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ എങ്ങനെ ഉണ്ടായിരുന്നു എന്നാണ് ചോദിക്കാറുള്ളതെന്നും മഞ്ജു പറയുന്നു.

‘ഈ ചോദ്യം എനിക്ക് ഇഷ്ടമായി. കാരണം പൊതുവെ എല്ലാവരും രജിനികാന്ത് സാറിന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ എങ്ങനെ ഉണ്ടായിരുന്നു എന്നാണ് ചോദിക്കാറുള്ളത്. എനിക്ക് രജിനി സാറിന്റെ കൂടെ വര്‍ക്ക് ചെയ്യുന്നതിനോടൊപ്പം, അല്ലെങ്കില്‍ ഒരുപടി അധികം സന്തോഷം തോന്നിയത് അതിന്റെ സംവിധായകനോടൊപ്പം വര്‍ക്ക് ചെയ്യുമ്പോഴാണ്. അദ്ദേഹത്തിന്റെ ഒരു സിനിമയില്‍ വര്‍ക്ക് ചെയ്യുന്നത് വലിയ കാര്യമായിരുന്നു.

അതുപോലെ തന്നെയാണ് വിടുതലൈ 2വില്‍ അഭിനയിക്കുമ്പോഴും ഉണ്ടായിരുന്നത്. വെട്രിമാരന്‍ സാറിന്റെ കൂടെയായിരുന്നു ആ സിനിമയില്‍ അഭിനയിച്ചത്. അസുരനില്‍ നല്ല ഒരു കഥാപാത്രം തന്ന സംവിധായകനാണ് അദ്ദേഹം. സാര്‍ എന്നെ വീണ്ടും ഒരു സിനിമയിലേക്ക് വിളിച്ചു എന്നത് എനിക്ക് സന്തോഷം നല്‍കിയ കാര്യമായിരുന്നു.

വിടുതലൈ എന്നത് എല്ലാവര്‍ക്കും വളരെ ഇഷ്ടപ്പെട്ട ഒരു സിനിമയാണ്. അതിന്റെ രണ്ടാമത്തെ പാര്‍ട്ടില്‍ അഭിനയിക്കാന്‍ പറ്റുക എന്നത് വലിയ കാര്യമാണ്. അതില്‍ വിജയ് സേതുപതിയാണ് അഭിനയിക്കുന്നത്. ഇത് കൂടാതെ മിസ്റ്റര്‍ എക്‌സ് എന്ന മറ്റൊരു തമിഴ് സിനിമ കൂടെയുണ്ട്. ആര്യയുടെ കൂടെയാണ് ആ സിനിമ ചെയ്യുന്നത്,’ മഞ്ജു വാര്യര്‍ പറഞ്ഞു.


Content Highlight: Manju Warrier Talks About TJ Gnanavel And Rajinikanth

We use cookies to give you the best possible experience. Learn more