Advertisement
Entertainment
രജിനി സാറിലും ധനുഷിലും അജിത്തിലും കോമണായ ഒരു ക്വാളിറ്റി ഉണ്ടായിരുന്നു: മഞ്ജു വാര്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Oct 11, 05:22 pm
Friday, 11th October 2024, 10:52 pm

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രജിനികാന്ത് ചിത്രമാണ് വേട്ടയന്‍. ടി.ജെ. ജ്ഞാനവേല്‍ രചിച്ച് സംവിധാനം ചെയ്ത ഈ സിനിമയില്‍ രജിനികാന്തിനൊപ്പം മലയാളികളുടെ പ്രിയനടി മഞ്ജു വാര്യരും അഭിനയിച്ചിട്ടുണ്ട്. രജിനികാന്തിന്റെ പങ്കാളിയായ താര എന്ന കഥാപാത്രമായാണ് മഞ്ജു എത്തിയത്.

ഇപ്പോള്‍ രജിനികാന്തിനെ കുറിച്ച് പറയുകയാണ് മഞ്ജു. രജിനികാന്ത് വളരെ അപ്‌ഡേറ്റഡായ മനുഷ്യനാണെന്നും എല്ലാവരെ പറ്റിയും എല്ലാ വിഷയങ്ങളെ കുറിച്ചും അദ്ദേഹത്തിന് കൃത്യമായി അറിയാമെന്നും നടി പറയുന്നു. അതിനെ കുറിച്ച് ചോദിക്കാനും അഭിനന്ദിക്കാനും അദ്ദേഹത്തിന് മടിയില്ലെന്ന് പറയുന്ന മഞ്ജു ധനുഷിലും അജിത്തിലും ഇതേ ക്വാളിറ്റി കണ്ടിട്ടുണ്ടെന്നും പറഞ്ഞു. സണ്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘രജിനി സാറിനെ കണ്ട് ഒരു അരമണിക്കൂര്‍ കഴിഞ്ഞതും അദ്ദേഹം വളരെ അടുപ്പത്തോടെയാണ് എന്നോട് സംസാരിച്ചത്. ഞാന്‍ സാറിനെ കാണുന്നതിന് മുമ്പ് അദ്ദേഹത്തോട് എന്ത് സംസാരിക്കുമെന്ന് ചിന്തിച്ചിരുന്നു. എന്തെങ്കിലും ചോദിച്ചിട്ട് നമ്മളൊരു ഫൂളാണെന്ന് അദ്ദേഹത്തിന് തോന്നരുതല്ലോ.

അതുകൊണ്ട് എന്തെങ്കിലും അറിവുള്ള വിഷയം സംസാരിച്ചാലോ എന്നോര്‍ത്തു. അങ്ങനെ എന്ത് പറയണം എന്നറിയാതെ ആയിരുന്നു ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയത്. എന്നാല്‍ ഞാന്‍ സാറിനെ കണ്ട് ഗുഡ് മോര്‍ണിങ് പറഞ്ഞ് കുറച്ച് നേരമായതും അദ്ദേഹം ഞാന്‍ അഭിനയിച്ച പടങ്ങളെ പറ്റിയും ബൈക്കിനെ കുറിച്ചുമൊക്കെ സംസാരിച്ചു. രജിനി സാറിന് എങ്ങനെ ഇത് അറിയുമെന്നാണ് ഞാന്‍ അപ്പോള്‍ ചിന്തിച്ചത്.

അദ്ദേഹം വളരെ അപ്‌ഡേറ്റഡായ മനുഷ്യനാണ്. എല്ലാവരെ പറ്റിയും എല്ലാ വിഷയങ്ങളെ കുറിച്ചും സാറിന് കൃത്യമായി അറിയാം. അതിനെ കുറിച്ച് ചോദിക്കാനും അഭിനന്ദിക്കാനും അദ്ദേഹത്തിന് ഒരു മടിയുമില്ല. ഞാന്‍ ധനുഷ് സാറിന്റെയും അജിത്ത് സാറിന്റെയും കൂടെ അഭിനയിച്ചിട്ടുണ്ട്. ഇവര്‍ക്കൊക്കെ കോമണായിട്ട് ഞാന്‍ കണ്ടിട്ടുള്ള ഒരു ക്വാളിറ്റിയാണ് ഇത്,’ മഞ്ജു വാര്യര്‍ പറയുന്നു.

മഞ്ജു വാര്യര്‍ക്ക് പുറമെ വേട്ടയനില്‍ ഫഹദ് ഫാസില്‍, അമിതാഭ് ബച്ചന്‍, റാണ ദഗുബട്ടി, റിതിക സിങ്, ദുഷാര വിജയന്‍, അഭിരാമി എന്നിവരാണ് അഭിനയിച്ചിട്ടുള്ളത്. മുപ്പത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അമിതാഭ് ബച്ചനും രജിനികാന്തും ഒന്നിച്ച് അഭിനയിച്ച സിനിമയെന്ന പ്രത്യേകതയും വേട്ടയനുണ്ട്.


Content Highlight: Manju Warrier Talks About Rajinikanth, Ajith And Dhanush