Entertainment
സിനിമാ ജീവിതത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള എന്റെ കഥാപാത്രം ആ മോഹന്‍ലാല്‍ ചിത്രത്തിലേത്: മഞ്ജു വാര്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 27, 07:34 am
Monday, 27th January 2025, 1:04 pm

സിനിമാപ്രേമികള്‍ ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ഇത്. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാം എന്ന അധോലോകനായകനായും എത്തിയ ചിത്രം 2019ലെ ഏറ്റവും വലിയ വിജയമായി മാറിയിരുന്നു.

ലൂസിഫറില്‍ നടി മഞ്ജു വാര്യറും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രമായിട്ടാണ് മഞ്ജു അഭിനയിച്ചത്. ഇപ്പോള്‍ ഈ കഥാപാത്രത്തെ കുറിച്ചും ലൂസിഫറിനെ കുറിച്ചും പറയുകയാണ് മഞ്ജു വാര്യര്‍. എമ്പുരാന്റെ ടീസര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു നടി.

തന്റെ സിനിമാ ജീവിതത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കഥാപാത്രമാണ് പ്രിയദര്‍ശിനി എന്നാണ് മഞ്ജു പറയുന്നത്. ലൂസിഫര്‍ സിനിമ കണ്ടവര്‍ക്കും അങ്ങനെ തന്നെയാണെന്നും പ്രിയദര്‍ശിനിയുടെ യാത്ര എമ്പുരാനിലൂടെ തുടരുകയാണെന്നും നടി പറയുന്നു.

‘എന്റെ സിനിമാ ജീവിതത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കഥാപാത്രമാണ് പ്രിയദര്‍ശിനി. ലൂസിഫര്‍ എന്ന സിനിമ കണ്ടവര്‍ക്കും അങ്ങനെ തന്നെയാണ്. പ്രിയദര്‍ശിനിയുടെ യാത്ര എമ്പുരാനിലൂടെ തുടരുകയാണ്.

ലൂസിഫര്‍ എന്ന സിനിമയില്‍ പൃഥ്വിരാജ് സുകുമാരന്‍ എന്ന സംവിധായകനോടൊപ്പവും മുരളി ഗോപി എന്ന ബ്രില്യന്റ് എഴുത്തുകാരനൊപ്പവും ആന്റണി ചേട്ടനൊപ്പവും (ആന്റണി പെരുമ്പാവൂര്‍) പ്രിയപ്പെട്ട ലാലേട്ടനൊപ്പവും ടൊവിയോടൊപ്പവും ഇഷ്ടമുള്ള ഒരുപാട് അഭിനേതാക്കള്‍ക്കൊപ്പവും വലിയ സന്തോഷത്തോടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചു.

ലൂസിഫറിന്റെ യാത്ര എമ്പുരാനിലൂടെയും സന്തോഷത്തോടെ തുടരാന്‍ സാധിക്കട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ലൂസിഫര്‍ ഇഷ്ടപ്പെട്ടത് പോലെ എമ്പുരാനും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടട്ടെ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു, പ്രതീക്ഷിക്കുന്നു,’ മഞ്ജു വാര്യര്‍ പറഞ്ഞു.

Content Highlight: Manju Warrier Talks About Mohanlal’s Lucifer And Empuraan