| Wednesday, 25th September 2024, 10:37 pm

ഇന്നും ഫ്രഷായി തോന്നുന്നു; ഓരോ സീനുകളും ഡയലോഗുകളും ഇഷ്ടമാണ്: രജിനികാന്ത് ചിത്രത്തെ കുറിച്ച് മഞ്ജു വാര്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1999ല്‍ കെ.എസ്. രവികുമാര്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് പടയപ്പ. ഇന്നും സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട രജിനികാന്ത് ചിത്രങ്ങളില്‍ ഒന്നാണ് ഇത്. പടയപ്പയായി രജിനികാന്ത് എത്തിയ ഈ സിനിമയില്‍ സൗന്ദര്യ, രമ്യ കൃഷ്ണന്‍, ശിവാജി ഗണേശന്‍ എന്നിവരായിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്.

ഇപ്പോള്‍ ഈ സിനിമയെ കുറിച്ച് പറയുകയാണ് നടി മഞ്ജു വാര്യര്‍. രജിനികാന്ത് ചിത്രങ്ങളില്‍ തന്നില്‍ ആഴത്തില്‍ പതിഞ്ഞത് ഏതാണെന്ന ചോദ്യത്തിന് ‘പടയപ്പ’ ആണെന്ന് മറുപടി നല്‍കുകയായിരുന്നു മഞ്ജു. തന്റെ ഏറ്റവും പുതിയ തമിഴ് ചിത്രമായ വേട്ടയ്യന്റെ ഭാഗമായി സണ്‍ മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘വേട്ടയ്യന്‍ സിനിമയുടെ സമയത്തായിരുന്നു ഞാന്‍ രജിനി സാറിനെ ആദ്യമായി കാണുന്നതും അദ്ദേഹത്തോടൊപ്പം ആദ്യമായി അഭിനയിക്കുന്നതും. അദ്ദേഹത്തിന്റെ നിരവധി സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. നാഗര്‍കോവിലില്‍ ആണ് ഞാന്‍ ജനിച്ച് വളര്‍ന്നത്.

നാഗര്‍കോവിലിലെ തിയേറ്ററുകളില്‍ എപ്പോഴും ഉണ്ടാകുക തമിഴ് സിനിമകള്‍ തന്നെയാണ്. അതിലൂടെ ഞാന്‍ രജിനി സാറിന്റെ കുറേ സിനിമകള്‍ കണ്ടിട്ടുണ്ട്. സാറിന്റെ സിനിമകളില്‍ ഏതാണ് എന്നില്‍ ആഴത്തില്‍ പതിഞ്ഞതെന്ന് ചോദിച്ചാല്‍ അത് പടയപ്പയാണ്.


എന്തുകൊണ്ടാണ് പടയപ്പ എന്ന സിനിമയെ കുറിച്ച് പറഞ്ഞതെന്ന് ചോദിച്ചാല്‍ എനിക്ക് അതിനെ കുറിച്ച് പറയാന്‍ അറിയില്ല എന്നതാണ് സത്യം. എന്തുകൊണ്ടോ പടയപ്പ എന്ന സിനിമ എനിക്ക് ഇപ്പോഴും വളരെ ഫ്രഷായി തന്നെ തോന്നുന്നുണ്ട്.

എവര്‍ഗ്രീന്‍ മെമ്മറിയെന്ന് പറയും പോലെയാണ് പടയപ്പ സിനിമ. ആ സിനിമയിലെ ഓരോ സീനുകളും ഡയലോഗുകളും എനിക്ക് ഒത്തിരി ഇഷ്ടമാണ്. ആ സിനിമയില്‍ എനിക്ക് ഏറ്റവും മതിപ്പ് തോന്നിയ ഒരു കാര്യമുണ്ട്. അത് രമ്യ കൃഷ്ണാ മാമിന്റെ കഥാപാത്രമാണ്,’ മഞ്ജു വാര്യര്‍ പറയുന്നു.

Content Highlight: Manju Warrier Talks About His Fav Rajinikanth Movie

We use cookies to give you the best possible experience. Learn more