ഒന്നും ചെയ്യാതെ ഇരിക്കുന്നതാണ് തനിക്ക് ഏറ്റവും സന്തോഷമുള്ള കാര്യമെന്ന് പറയുകയാണ് മഞ്ജു വാര്യര്‍. നമ്മളെ സന്തോഷിപ്പിക്കാന്‍ നമ്മള്‍ മറ്റൊന്നിനെയും ആശ്രയിക്കേണ്ടെന്നാണ് കരുതുന്നതെന്നും നടി പറയുന്നു. സൂര്യന്‍ എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് ഏറ്റവും സന്തോഷം നല്‍കുന്ന കാര്യം എന്താണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മഞ്ജു വാര്യര്‍.
‘ഒന്നും ചെയ്യാതെ ഇരിക്കുന്നതാണ് എനിക്ക് ഏറ്റവും സന്തോഷമുള്ള കാര്യം. നമ്മളെ സന്തോഷിപ്പിക്കാന്‍ നമ്മള്‍ മറ്റൊന്നിനെയും ആശ്രയിക്കേണ്ട എന്നാണ് ഞാന്‍ കരുതുന്നത്. നമ്മള്‍ എന്തെങ്കിലും നേടിയതിന് ശേഷമോ കേട്ടതിന് ശേഷമോ കണ്ടതിന് ശേഷമോ സന്തോഷിക്കാമെന്ന് കരുതി കാത്തിരിക്കരുത്.
ഞാന്‍ അങ്ങനെയാണ് വിശ്വസിക്കുന്നത്. ഇതൊന്നും ഇല്ലെങ്കിലും നമ്മള്‍ സന്തോഷത്തോടെ ഇരിക്കാന്‍ ശ്രമിക്കണം. നമ്മള്‍ സ്വയം സന്തോഷിക്കുക എന്നതാണ് കാര്യം. സന്തോഷം കണ്ടെത്താന്‍ മറ്റൊന്നിനെ ആശ്രയിക്കരുത്. ഞാന്‍ പറയുന്നത് നിങ്ങള്‍ക്ക് മനസിലാകുന്നുണ്ടോയെന്ന് എനിക്ക് അറിയില്ല.
ഞാന്‍ ഈ പറഞ്ഞത് ഏറ്റവും ലളിതമായ ഒരു കാര്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം പാട്ടില്ലെങ്കിലും എനിക്ക് ആവശ്യമായ വസ്തു കിട്ടിയില്ലെങ്കിലും ആരും കൂടെ ഇരിക്കാന്‍ ഇല്ലെങ്കിലും എനിക്ക് സന്തോഷം തന്നെയാണ്. ഒറ്റക്ക് ഇരിക്കുകയാണെങ്കിലും ഒന്നും ചെയ്യാതെ ഇരിക്കുകയാണെങ്കിലും ഞാന്‍ ഹാപ്പിയാണ്.
അതൊരു നല്ല കാര്യമാണോ ചീത്ത കാര്യമാണോയെന്ന് എനിക്ക് അറിയില്ല (ചിരി). എനിക്ക് ഇഷ്ടമുള്ളയത്ര സമയം ഒറ്റക്ക് സന്തോഷത്തോടെ ഇരിക്കാന്‍ കഴിയാറുണ്ട്. അത് മനോഹരമായ കാര്യമാണ്, അതേസമയം ബോറിങ്ങുമാകാം. നമ്മള് തന്നെ നമ്മളെ ഹാപ്പിയായി നിര്‍ത്തണം,’ മഞ്ജു വാര്യര്‍ പറഞ്ഞു.
Content Highlight: Manju Warrier Talks About Her Happiness