ട്രോളുകള്‍ താന്‍ ആസ്വദിക്കാറുണ്ടെന്നും അവരുടെ ക്രിയേറ്റിവിറ്റിയെ അഭിനന്ദിക്കണമെന്നും മഞ്ജു വാര്യര്‍. നമ്മുടെ അഭിനയിത്തിലെ പിഴവുകള്‍ കണ്ടുപിടിച്ച് തിരുത്താന്‍ ഇത്തരം ട്രോളുകള്‍ സഹായിക്കുമെന്നും താരം പറഞ്ഞു. എന്നാല്‍ മറ്റുള്ളവരെ വേദനിപ്പിക്കാന്‍ ട്രോളുകള്‍ ഉപയോഗിക്കരുതെന്നും അവര്‍ പറഞ്ഞു.
തുനിവ് ഒരു ആക്ഷന്‍ ഓറിയന്റട് സിനിമയാണെന്നും തന്നെ ആ സിനിമയിലേക്ക് വിളിച്ച് റിസ്‌ക്കെടുത്തത് അജിത് ആണെന്നും മഞ്ജു വര്യര്‍ പറഞ്ഞു. ഇന്ത്യഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ട്രോളുകള്‍ ഞാന്‍ ശരിക്കും ആസ്വദിക്കാറുണ്ട്. അവരുടെ ക്രിയേറ്റിവിറ്റിയെ നമ്മള്‍ അഭിനന്ദിക്കുക തന്നെ വേണം. അടുത്ത പ്രാവശ്യം വീണ്ടും അതേ തെറ്റുകള്‍ സംഭവിക്കാതിരിക്കാന്‍ നമ്മളെ ട്രോളുകള്‍ ഓര്‍മിപ്പിക്കും. എന്നാല്‍ മറ്റുള്ളവരെ വേദനിപ്പിക്കാന്‍ വേണ്ടിയായിരിക്കരുത് ഇവ ഉപയോഗിക്കുന്നത്.
അഭിനയത്തെ കുറിച്ച് ചോദിച്ചാല്‍ ഞാന്‍ എന്തായാലും അഭിനയം നിര്‍ത്താന്‍ ഉദ്ദേശിച്ചിട്ടില്ല. എന്നാല്‍ പ്രേക്ഷകര്‍ക്ക് നമ്മുടെ അഭിനയം മടുത്ത് തുടങ്ങുമ്പോള്‍ നിര്‍ത്തുന്നതാണ് നല്ലത്. ഒരു പക്ഷെ ഭാവിയില്‍ ഞാനൊരു കൊറിയോഗ്രാഫറായി സിനിമയിലേക്ക് വരുമായിരിക്കും.
തുനിവിനെ കുറിച്ച് ചോദിക്കുമ്പോള്‍ ഞാന്‍ ആദ്യമായിട്ടാണ് ആക്ഷന്‍ ഓറിയന്റടായ സിനിമയില്‍ അഭിനയിക്കുന്നത്. ശരിക്കും പറഞ്ഞാല്‍ എന്നെ ആ സിനിമയിലേക്ക് അഭിനയിക്കാന്‍ വിളിച്ച് റിസ്‌ക്കെടുത്തത് വിനോദ് സാറും അജിത് സാറായിരുന്നു,’ മഞ്ജു വാര്യര്‍ പറഞ്ഞു.
അതേസമയം ഇഷ്ടപ്പെട്ട നടന്‍ ആരാണെന്ന ചോദ്യത്തിനും മഞ്ജു മറുപടി നല്‍കി. താന്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ആളായതുകൊണ്ട് ഈ ചോദ്യത്തിന് ഉത്തരം പറയുക വളരെ പ്രയാസമുള്ള കാര്യമാണെന്നും, സിനിമക്ക് പുറത്തുള്ളവരോടാണ് ഈ ചോദ്യങ്ങള്‍ ചോദിക്കേണ്ടതെന്നും താരം പറഞ്ഞു. സിനിമയിലുള്ള എല്ലാവരുടെയും ഗുണങ്ങള്‍ കൃത്യമായി അറിയാവുന്നതുകൊണ്ട് ഒരാളെ മാത്രം പറയാന്‍ കഴിയില്ലെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.
‘ഞാന്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളാണ്. അതുകൊണ്ട് തന്നെ എനിക്ക് ഈ ചോദ്യത്തിന് ഉത്തരം പറയുക എന്നത് കുറച്ച് പ്രയാസമുള്ള കാര്യമാണ്. നിങ്ങള്‍ ഈ ചോദ്യങ്ങള്‍ ചോദിക്കേണ്ടത് എന്നോടല്ല. സിനിമക്ക് പുറത്ത് നില്‍ക്കുന്നവരോടാണ്. സിനിമിയിലുള്ള എല്ലാവരെയും അടുത്തറിയാം, അതുകൊണ്ട് തന്നെ അവരുടെ കഴിവുകളും അറിയാം.അങ്ങനെ വരുമ്പോള്‍ അവരില്‍ നിന്ന് ഒരാളെ മാത്രം എടുത്ത് പറയാന്‍ കഴിയില്ല,’ മഞ്ജു വാര്യര്‍ പറഞ്ഞു.
content highlight: manju warrier talks about her acting