ഏഴ് ദിവസമെടുത്തു ആ തമിഴ് സിനിമ ഡബ്ബ് ചെയ്യാന്‍; ഞാന്‍ പറയുന്നത് തമിഴല്ലന്ന് അദ്ദേഹം പറഞ്ഞു: മഞ്ജു വാര്യര്‍
Entertainment
ഏഴ് ദിവസമെടുത്തു ആ തമിഴ് സിനിമ ഡബ്ബ് ചെയ്യാന്‍; ഞാന്‍ പറയുന്നത് തമിഴല്ലന്ന് അദ്ദേഹം പറഞ്ഞു: മഞ്ജു വാര്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 25th September 2024, 10:22 am

വെട്രിമാരന്റെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അസുരന്‍. ധനുഷും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കൃത്യമായ രാഷ്ട്രീയം ചര്‍ച്ചചെയ്യുണ്ട്. മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിച്ച തമിഴ് ചിത്രമാണ് അസുരന്‍.

അസുരന്‍ സിനിമയ്ക്കുവേണ്ടി ഡബ്ബിങ് ചെയ്യാന്‍ ഒരുപാട് സമയമെടുത്തെന്ന് പറയുകയാണ് മഞ്ജു വാര്യര്‍. തിരുന്നല്‍വേലി സ്ലാങ്ങിലുള്ള തമിഴാണ് സിനിമയില്‍ കഥാപാത്രങ്ങള്‍ സംസാരിക്കുന്നതെന്നും ഏഴ് ദിവസമാണ് ചിത്രത്തിന്റെ ഡബ്ബിങ്ങിന് മാത്രം വേണ്ടി വന്നതെന്നും മഞ്ജു പറയുന്നു.

അസുരന്റെ ഡബ്ബിങ് നടക്കുമ്പോള്‍ ഈസിയായി ഡബ്ബ് ചെയ്യാന്‍ കഴിയുമെന്ന ഓവര്‍ കോണ്‍ഫിഡന്‍സ് എന്റെ തനിക്കുണ്ടായിരുന്നെന്നും ആദ്യത്തെ ലൈന്‍ പറഞ്ഞതിന് ശേഷം വെട്രിമാരന്‍ ഓക്കേ പറയുമെന്നാണ് കരുതിയതെങ്കിലും ഇനി തമിഴില്‍ സംസാരിക്കെന്നാണ് അദ്ദേഹം പറഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സണ്‍മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഞ്ജു വാര്യര്‍.

‘വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരന്‍ സിനിമയ്ക്കുവേണ്ടി ഡബ്ബിങ് ചെയ്യാന്‍ ഒരുപാട് സമയമെടുത്തു. തിരുന്നല്‍വേലി സ്ലാങ്ങിലുള്ള തമിഴാണ് സിനിമയില്‍ കഥാപാത്രങ്ങള്‍ സംസാരിക്കുന്നത്. ഏഴ് ദിവസമാണ് ചിത്രത്തിന്റെ ഡബ്ബിങ്ങിന് മാത്രം വേണ്ടി വന്നത്. വെട്രിമാരന്‍ സാറും സുരേഷ് കണ്ണാ സാറും ചിത്രത്തിന്റെ ഡബ്ബിങ്ങില്‍ ഒപ്പമുണ്ടായിരുന്നു.

അവര്‍ രണ്ടുപേരും കൃത്യമായി ഓരോ വാക്കും എടുത്തു പറഞ്ഞു കോച്ചിങ് തന്നാണ് ഡബ്ബിങ് നടന്നത്. അസുരന്റെ ഡബ്ബിങ് നടക്കുമ്പോള്‍ ഈസിയായി ഡബ്ബ് ചെയ്യാന്‍ കഴിയുമെന്നുള്ള ഒരു ഓവര്‍ കോണ്‍ഫിഡന്‍സ് എന്റെ ഉള്ളില്‍ എവിടെയോ ഉണ്ടായിരുന്നു. ആദ്യത്തെ ലൈന്‍ പറഞ്ഞതിന് ശേഷം വെട്രിമാരന്‍ സാര്‍ ഓക്കേ പറയുമെന്നാണ് കരുതിയത്.

ഇത് ഓക്കേ, ഇനി തമിഴില്‍ സംസാരിക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്. ഞാന്‍ സംസാരിച്ചത് തമിഴേ അല്ലായിരുന്നു. ആ സിനിമയുടെ ഡബ്ബിങ്ങിനാണ് കുറെ സമയമെടുത്തത്,’ മഞ്ജു വാര്യര്‍ പറയുന്നു.

അതേസമയം, ജയ് ഭീം എന്ന ചിത്രത്തിന് ശേഷം കെ ഇ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേട്ടയ്യന്‍. രജിനികാന്ത്, മഞ്ജു വാര്യര്‍, അമിതാബ് ബച്ചന്‍, ഫഹദ് ഫാസില്‍ തുടങ്ങിയ വലിയ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ രജിനികാന്തിന്റെ ഭാര്യയുടെ റോളിലാണ് മഞ്ജു വാര്യര്‍ എത്തുന്നത്. വെട്രിമാരന്റെ ഏറ്റവും പുതിയ സിനിമയായ ‘വിടുതലൈ ഭാഗം രണ്ടില്‍’ വിജയ് സേതുപതിയുടെ നായികയായി എത്തുന്നതും മഞ്ജു വാര്യര്‍ തന്നെയാണ്.

Content Highlight: Manju Warrier Talks About Dubbing For Asuran Film