സി. പ്രേം കുമാറിന്റെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ തമിഴ് റൊമാന്റിക് ചിത്രമാണ് 96. വിജയ് സേതുപതിയും തൃഷയും പ്രധാന വേഷങ്ങളില്‍ എത്തിയ സിനിമക്ക് വലിയ സ്വീകരണമായിരുന്നു ലഭിച്ചത്. റാം – ജാനു എന്നീ കഥാപാത്രങ്ങളും വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടിരുന്നു. എന്നാല്‍ 96ലേക്ക് തൃഷക്ക് മുമ്പ് മഞ്ജു വാര്യറിനെ ആയിരുന്നു കാസ്റ്റ് ചെയ്യാനിരുന്നത്. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈമെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് മഞ്ജു.
’96ന് വേണ്ടിയുള്ള കോള്‍ എന്റെ അടുത്ത് എത്തിയിട്ടില്ല. അവര്‍ വിളിക്കാന്‍ ശ്രമിച്ചിരുന്നു. ആ അന്വേഷണം എന്റെ അടുത്ത് എത്തുന്നതിന് മുമ്പ് വേറെ വഴിക്ക് പോയി. വിജയ് സേതുപതി സാര്‍ പറഞ്ഞപ്പോഴാണ് ഞാന്‍ ഈ കാര്യം അറിയുന്നത്. കുറേ മുമ്പ് ഒരു അവാര്‍ഡ് ഫങ്ഷനില്‍ വെച്ചാണ് അദ്ദേഹം എന്നോട് കാര്യം പറയുന്നത്. ആ കഥാപാത്രത്തിലേക്ക് എന്നെ അന്വേഷിച്ചിരുന്നു എന്ന് സാര്‍ അന്ന് പറഞ്ഞു.
അദ്ദേഹം പറഞ്ഞത്, ആ സിനിമയുടെ സമയത്ത് അവര്‍ക്ക് തന്നെ എന്തൊക്കെയോ ഡേറ്റ് കണ്‍ഫ്യൂഷന്‍സ് ഉണ്ടായിരുന്നു എന്നാണ്. ഡേറ്റ് കണ്‍ഫ്യൂഷന്‍സ് കാരണം അവര്‍ക്ക് തന്നെ ഒരു പിടി ഉണ്ടായിരുന്നില്ല. അതിന്റെ ഇടയില്‍ എന്നെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി അവര്‍ പാതി വഴിയില്‍ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. അങ്ങനെ പിന്നീട് അവര്‍ തൃഷയിലേക്ക് എത്തി.
ഞാന്‍ വിടുതലൈ സിനിമയില്‍ ജോയിന്‍ ചെയ്യാന്‍ പോയപ്പോള്‍ പ്രേമിന് മെസേജ് അയച്ചിരുന്നു. നിങ്ങള്‍ എന്നെ വിജയ് സേതുപതിയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ സമ്മതിച്ചില്ല. പക്ഷെ ഞാന്‍ ദാ ഇപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന്‍ പോകുകയാണ് എന്ന് പറഞ്ഞു. എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടെന്ന് പറയുന്നത് പോലെയാണ് അത്. 96ല്‍ എനിക്ക് പോലും തൃഷയെ അല്ലാതെ മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ പറ്റില്ല,’ മഞ്ജു വാര്യര്‍ പറഞ്ഞു.
Content Highlight: Manju Warrier Talks About 96 Movie And Trisha