മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണ എഴുതി മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്ത് വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ ചിത്രമാണ് ‘വെള്ളരിപട്ടണം’. സിനിമയില്‍ രാഷ്ട്രീയക്കാരിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചതിനെക്കുറിച്ചുള്ള അനുഭവം പങ്കുവെക്കുകയാണ് മഞ്ജുവാര്യര്‍.
വെള്ളരിപ്പട്ടണത്തിന്റെ ഷൂട്ടിങ്ങിനെത്തിയപ്പോള്‍ ആദ്യം കഴുത്തിലിടാന്‍ ഒരു മൊബൈല്‍ ഫോണ്‍ ആണ് കിട്ടിയതെന്നും അപ്പോള്‍ ശശി തരൂരിനെ ഓര്‍ത്തുപോയെന്നും മഞ്ജു പറഞ്ഞു. ശശി തരൂരിന്റെ വീഡിയോകളും ഫോട്ടോകളും കാണുമ്പോള്‍ കഴുത്തിലെ ചെറിയ ഡിവൈസ്, സ്മാര്‍ട്‌ഫോണ്‍ ആണെന്നാണ് ആദ്യം കരുതിയിരുന്നതെന്നും എന്നാലത് എയര്‍ പ്യൂരിഫയര്‍ ആണെന്ന് പിന്നീട് മനസിലായെന്നും അവര്‍ പറഞ്ഞു.
സിനിമയില്‍ പഞ്ചായത്തംഗമായ സുനന്ദ എന്ന തന്റെ കഥാപാത്രത്തിന് കഴുത്തില്‍ മൊബൈല്‍ തൂക്കിയിട്ട് നടക്കുന്ന ശീലമുണ്ടെന്നും ആദ്യ സീനെടുക്കുമ്പോള്‍ താന്‍ വീണ്ടും ശശി തരൂരിനെ ഓര്‍ത്തുപോയെന്നും മഞ്ജു പറഞ്ഞു. കെ.പി. സുനന്ദയെ ചക്കരക്കുടം ഗ്രാമത്തിലെ ‘ലേഡി തരൂര്‍’ ആയി സ്വയം സങ്കല്‍പിച്ച് ഉള്ളില്‍ ചിരിക്കുകയായിരുന്നെന്നും മഞ്ജു പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് മഞ്ജു ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘ശശി തരൂരിന്റെ വീഡിയോകളും ഫോട്ടോകളും കാണുമ്പോള്‍ കഴുത്തിലെ ചെറിയ ഡിവൈസ് എന്താണെന്ന് ആലോചിച്ചിട്ടുണ്ട്. പലരും കരുതുന്നപോലെ ഞാനും ആദ്യം വിചാരിച്ചത് അതൊരു സ്മാര്‍ട്‌ഫോണ്‍ ആണെന്നാണ്. പക്ഷേ, വായുമലിനീകരണത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്ന എയര്‍പ്യൂരിഫയര്‍ ആണെന്ന് പിന്നീടാണ് മനസിലായത്.
‘വെള്ളരിപ്പട്ടണ’ത്തിന്റെ ഷൂട്ടിങ്ങിനെത്തിയപ്പോള്‍ എനിക്ക് കഴുത്തിലിടാനുള്ള മൊബൈല്‍ ഫോണ്‍ ആണ് ആദ്യം കിട്ടിയത്. ഈ സിനിമയില്‍ എന്റെ കഥാപാത്രമായ കെ.പി. സുനന്ദ പഞ്ചായത്തംഗമാണ്.
കഴുത്തില്‍ മൊബൈല്‍ തൂക്കിയിട്ട് നടക്കുന്നതാണ് സുനന്ദയുടെ ശൈലി. കഴുത്തില്‍ മൊബൈല്‍ ഫോണിട്ട് ആദ്യ സീനെടുക്കുമ്പോള്‍ ഞാന്‍ വീണ്ടും ശശി തരൂരിനെ ഓര്‍ത്തുപോയി. കെ.പി. സുനന്ദയെ ചക്കരക്കുടം ഗ്രാമത്തിലെ ‘ലേഡിതരൂര്‍’ ആയി സ്വയം സങ്കല്‍പിച്ച് ഉള്ളില്‍ ചിരിച്ചു.
അഭിനയ ജീവിതത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയക്കാരിയുടെ വേഷം അണിയുന്നത്. രാഷ്ട്രീയത്തെ ആഴത്തിലറിയാനോ പഠിക്കാനോ ഇതുവരെ ശ്രമിച്ചിട്ടില്ലായിരുന്നു.
ചുറ്റുമുള്ള ദൈനംദിന രാഷ്ട്രീയ വിഷയങ്ങള്‍ പത്രത്തിലൂടെയോ ടി.വി വാര്‍ത്തയിലൂടെയോ മാത്രം അറിയുന്ന സാധാരണക്കാരുടെ കൂട്ടത്തിലൊരാളായിരുന്നു ഞാനും. പക്ഷേ, രാഷ്ട്രീയക്കാരിയുടെ കഥാപാത്രം ചെയ്യുമ്പോള്‍ പരിമിതമായ അറിവ് പോരാ. അതുകൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തകരെ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി,’ മഞ്ജു വാര്യര്‍ പറഞ്ഞു.