സിനിമയിൽ അഭിനയിക്കുന്ന എല്ലാവർക്കും അർഹിക്കുന്ന പ്രതിഫലം കിട്ടണമെന്നാണ് തന്റെ ആഗ്രഹമെന്ന് മഞ്ജു വാര്യർ.
സിനിമ മേഖലയിലെ ബിസിനസ് അത്രയും വലുതാണെന്നും
ഒരു അഭിനേതാവിനെ സംബന്ധിച്ച് അയാളുടെ മുഖവും ശരീരവും സമയവും എനർജിയുമെല്ലാം സിനിമയിൽ സമർപ്പിക്കുകയാണെന്നും മഞ്ജു പറഞ്ഞു. സിനിമയേക്കാൾ പ്രതിഫലം കിട്ടുന്ന മറ്റ് മേഖലകൾ ഒരുപാടുണ്ടെന്നും മഞ്ജു വാര്യർ പറഞ്ഞു. സിനിമാ താരങ്ങൾക്ക് എന്തിനാണ് ഇത്ര പ്രതിഫലം എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മഞ്ജു വാര്യർ. സില്ലി മോങ്ക്സ് മോളിവുഡ് സംഘടിപ്പിച്ച ഫാൻസ് മീറ്റിൽ സംസാരിക്കുകയായിരുന്നു മഞ്ജു വാര്യർ.
‘സിനിമ ഇൻഡസ്ട്രിയിലെ ബിസിനസ് അത്രയും വലുതാണ്. അത്രയും പണം മുടക്കി ആളുകൾ ഉണ്ടാക്കുന്ന ഒരു സാധനമാണ് സിനിമ. അതിൽ അഭിനയിക്കുന്ന ആളുകൾ ആണെങ്കിലും നമ്മുടെ ശരീരം, മുഖം, നമ്മുടെ സമയം, എനർജി അങ്ങനെയെല്ലാം വളരെ പ്രധാനപ്പെട്ടതാണ്.
എല്ലാം നമ്മൾ സിനിമയിൽ ഇൻവെസ്റ്റ് ചെയ്യുകയല്ലേ ചെയ്യുന്നത്. അത് അത്രയും ആളുകൾ കാണുന്നത് കൊണ്ട് ഇൻഡസ്ട്രിയുടെ വലിപ്പം അത്രയും വലുതാണ്. സ്വാഭാവികമായി അതിനനുസരിച്ചുള്ള ലാഭവും ഉണ്ടാവും.
പ്രതിഫലത്തിന്റെ കാര്യം പറയുമ്പോൾ, പ്രതിഫലം കുറവാണെന്ന് സങ്കടപ്പെടുന്ന ഒരുപാട് പേരുണ്ട്. ഓരോരുത്തർക്ക് അർഹിക്കുന്ന പ്രതിഫലം അവർക്ക് കിട്ടണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. സിനിമയേക്കാൾ ഒരുപാട് പണം കിട്ടുന്ന മറ്റ് മേഖലകൾ വേറെയും കുറേയുണ്ട്.
സിനിമയിൽ അങ്ങനെ അർഹിക്കാത്ത ഒരു പ്രതിഫലമുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. നമ്മുടെ ഒരുപാട് കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം.
ഒരു സിനിമ ഇൻഡസ്ട്രിയൽ പ്രൈവസിയെന്ന് പറയുന്ന കാര്യം പലപ്പോഴും നമുക്ക് കോംപ്രമൈസ് ചെയ്യേണ്ടി വരും. ഒരു സിനിമ കാണുമ്പോൾ അറിഞ്ഞോ അറിയാതെയോ നമ്മുടെ ജീവിതത്തിൽ ഒരു ഇൻഫ്ലുവൻസ് എന്തായാലും ഉണ്ടാവില്ലേ.
പ്രേക്ഷകർ എന്നോട് സംസാരിക്കുന്നത് സിനിമയിൽ അഭിനയിച്ച് എന്നെ പരിചയമുള്ളത് കൊണ്ടാണ്. കാരണം അത്രയേറെ സ്വാധീനം സിനിമയ്ക്ക് സമൂഹത്തിലുണ്ട്,’മഞ്ജു വാര്യർ പറയുന്നു.
Content Highlight: Manju Warrier Talk About Remuneration In Film Industry