പലരുടെയും ധാരണ അങ്ങനെയാണ്, പക്ഷെ അത് തെറ്റാണ്, ലാലേട്ടന്റെ കൂടെ വീണ്ടും അഭിനയിക്കാൻ ആഗ്രഹമുണ്ട്
Entertainment
പലരുടെയും ധാരണ അങ്ങനെയാണ്, പക്ഷെ അത് തെറ്റാണ്, ലാലേട്ടന്റെ കൂടെ വീണ്ടും അഭിനയിക്കാൻ ആഗ്രഹമുണ്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 17th January 2024, 7:24 pm

മലയാളികളുടെ ഇഷ്ട നടിയാണ് മഞ്ജു വാര്യർ. കാലങ്ങളായി സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന മഞ്ജു ഇന്ന് അന്യഭാഷയിൽ അടക്കം തിരക്കുള്ള ഒരു നടിയാണ്. തന്റെ കരിയറിൽ ഒരു ഇടവേളയെടുത്ത മഞ്ജു ഒരു ഗംഭീര തിരിച്ചു വരവ് നടത്തുകയായിരുന്നു.

മോഹൻലാൽ – മഞ്ജുവാര്യർ പെയർ പ്രേക്ഷകരുടെ ഇഷ്ട ജോഡികളിൽ ഒന്നാണ്. ഇരുവരും ഒന്നിച്ച ആറാം തമ്പുരാൻ, കന്മദം, ലൂസിഫർ തുടങ്ങിയ സിനിമകളെല്ലാം വലിയ വിജയമായവയാണ്.

മോഹൻലാലിനൊപ്പം സിനിമ ചെയ്യാൻ തനിക്ക് എപ്പോഴും ആഗ്രഹമുണ്ടെന്ന് പറയുകയാണ് താരം. നല്ല സിനിമകൾ അദ്ദേഹത്തോടൊപ്പം ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെന്നും എന്നാൽ ഇത്രയും കാലത്തിനിടയ്ക്ക് ഏഴോ എട്ടോ സിനിമകൾ മാത്രമാണ് ഒരുമിച്ച് ചെയ്തതെന്നും മഞ്ജു പറയുന്നു. സില്ലി മോങ്ക്സ് മോളിവുഡ് സംഘടിപ്പിച്ച ഫാൻ മീറ്റിൽ സംസാരിക്കുകയായിരുന്നു മഞ്ജു.

‘അങ്ങനെ ഏതെങ്കിലും നല്ല പടം വരട്ടെയെന്ന് ഞാനും ആഗ്രഹിക്കുന്നുണ്ട്. ലാലേട്ടന്റെ കൂടെയൊക്കെ അഭിനയിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്.

നല്ല സിനിമകൾ ചെയ്യാൻ പറ്റിയിട്ടുണ്ട് ലാലേട്ടന്റെ കൂടെ. എല്ലാവരും വിചാരിക്കുന്നത് ഒരുപാട് സിനിമകൾ ഞങ്ങൾ ഒന്നിച്ച് ചെയ്തിട്ടുണ്ടെന്നാണ്.

എന്നാൽ ഇത്രയും കാലത്തിനിടയ്ക്ക് ഏഴോ എട്ടോ സിനിമകൾ മാത്രമേ ഞങ്ങൾ ഒന്നിച്ച് ചെയ്തിട്ടുള്ളൂ. ആറാം തമ്പുരാൻ തൊട്ട് ഇങ്ങോട്ട് എടുത്ത് നോക്കിയാലും വളരെ കുറച്ചെണ്ണമേയുള്ളൂ. ആ കഥാപാത്രങ്ങൾ നല്ലതായത് കൊണ്ടും സിനിമകൾ നല്ലതായത് കൊണ്ടുമാണ് അങ്ങനെ സ്വീകരിക്കപ്പെട്ടത്.

ലൂസിഫറിലും എനിക്ക് നല്ലൊരു വേഷമാണ് കിട്ടിയത്. ഫീമെയിൽ ഓറിയേന്റഡ് സിനിമയലാഞ്ഞിട്ട് പോലും എനിക്ക് കിട്ടിയ കഥാപാത്രങ്ങൾക്ക്‌ അതിന്റെതായ ഒരു സ്ഥാനം ഉണ്ടായിരുന്നു. അതിനുദാഹരണമാണ് ലൂസിഫറൊക്കെ. ലാലേട്ടന്റെ കൂടെ സിനിമകൾ വരാൻ ഞാനും ആഗ്രഹിക്കുന്നുണ്ട്,’ മഞ്ജു വാര്യർ പറയുന്നു.

Content Highlight: Manju Warrier Talk About Mohanlal