Entertainment news
അത് ഞാന്‍ മണിച്ചേട്ടനോട് അങ്ങോട്ട് ചോദിച്ച് വാങ്ങിയ റോളായിരുന്നു: മഞ്ജു വാര്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jan 08, 10:49 am
Sunday, 8th January 2023, 4:19 pm

കലാഭവന്‍ മണിക്കൊപ്പം ഒരു ആല്‍ബത്തില്‍ അഭിനയിച്ചതിന്റെ അനുഭവം പങ്കുവെച്ച് മഞ്ജു വാര്യര്‍. ബഡായി ബംഗ്ലാവ് എന്ന പരിപാടിയില്‍ മുകേഷിനും രമേഷ് പിഷാരടിക്കുമൊപ്പം മുമ്പ് പങ്കെടുത്ത് മഞ്ജു സംസാരിക്കുന്നതിന്റെ ഒരു വീഡിയോ ക്ലിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഒരു ആല്‍ബത്തെ കുറിച്ച് കലാഭവന്‍ മണിയോട് താന്‍ ചോദിച്ചതിനെ കുറിച്ചും മഞ്ജു ഒപ്പം അഭിനയിക്കുന്നുണ്ടെന്ന് മണി പറഞ്ഞപ്പോള്‍ വിശ്വസിക്കാതിരുന്നതിനെ കുറിച്ചും മുകേഷ് സംസാരിക്കുന്നുണ്ട്.

”ആല്‍ബം നീ ഒറ്റക്കാണോ ചെയ്യുന്നത്, ആരാണ് കൂടെയുള്ളത് എന്ന് ഞാന്‍ ചോദിച്ചു, മഞ്ജു വാര്യരാണ് എന്റെ കൂടെ അഭിനയിക്കുന്നത് എന്ന് മണി പറഞ്ഞു.

എന്ത്! മഞ്ജു വാര്യര്‍ നിന്റെ കൂടെ ആല്‍ബത്തില്‍ പാട്ട് പാടി അഭിനയിച്ചോ എന്ന് ഞാന്‍ വീണ്ടും ചോദിച്ചു. അതെ എന്ന് പറഞ്ഞു.

ഞാന്‍ അത്രക്കങ്ങോട്ട് വിശ്വസിച്ചില്ല. അത് ശരിയാവത്തില്ലല്ലോ എന്ന് ഞാന്‍ വിചാരിച്ചു. പിന്നെയതാ വരുന്നു, കൊയ്‌ത്തൊക്കെയായി ഒരു ഭയങ്കര പാട്ട്,” വീഡിയോയില്‍ മുകേഷ് പറയുന്നു.

ഇതിന് മറുപടിയായി, ആ ആല്‍ബത്തിലെ റോള്‍ താന്‍ മണിച്ചേട്ടനോട് അങ്ങോട്ട് ചോദിച്ച് വാങ്ങിയതാണ് എന്നായിരുന്നു മഞ്ജുവിന്റെ മറുപടി.

”അത് ഞാന്‍ മണിയേട്ടന്റെ അടുത്ത് അങ്ങട് പോയി ചോദിച്ച് വാങ്ങിയതാണ്. മണിയേട്ടന്റെ നാടന്‍ പാട്ടുകളൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു.

ഇങ്ങനെയൊരു ആല്‍ബം ചെയ്യുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ എനിക്കും ഒരു പാട്ട് വേണം, ഞാനും ഒരു പാട്ടില്‍ വന്ന് കൂടെ അഭിനയിക്കും എന്ന് ഞാന്‍ അങ്ങോട്ട് പറഞ്ഞതാണ്. കുഞ്ഞേലിയുടെ പാട്ടായിരുന്നു എന്നാണ് എന്റെ ഓര്‍മ,” മഞ്ജു വീഡിയോയില്‍ പറയുന്നു.

Content Highlight: Manju Warrier shares an album experience with Kalabhavan Mani