മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ എന്ന് അറിയപ്പെടുന്ന താരമാണ് നടി മഞ്ജു വാര്യര്‍. 1995ല്‍ പുറത്തിറങ്ങിയ
‘സാക്ഷ്യം’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മഞ്ജു വാര്യര്‍, പിന്നീട് തന്റെ ഓരോ കഥാപാത്രങ്ങളിലൂടെയും സിനിമയില്‍ തന്റെതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. മഞ്ജു വാര്യര്‍ വേഷമിടുന്ന ഒരുപാട് സിനിമകള്‍ വിവിധ ഭാഷകളിലായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
കഥ പറയാന്‍ വരുമ്പോള്‍ ഇത് സ്ത്രീ പ്രാധാന്യമുള്ള കഥയാണെന്ന് ആദ്യം തന്നെ പറയാറുണ്ടെന്നും, എന്നാല്‍ തന്നെ അത് ആകര്‍ഷിക്കാറില്ലെന്നും പറയുകയാണ് മഞ്ജു വാര്യര്‍. റേഡിയോ സുനോയില്‍ സംസാരിക്കുകയായിരുന്നു താരം.
‘കഥ പറയാന്‍ വരുമ്പോള്‍ തന്നെ ഇത് സ്ത്രീ പ്രാധാന്യമുള്ള കഥയാണ് എന്ന് ആദ്യം തന്നെ ചിലര്‍ പറഞ്ഞ് വെയ്ക്കും. അത് വിട്, അതിന് ഇവിടെ പ്രസക്തിയില്ല എന്ന് ഞാന്‍ അവരോട് പറയാറുണ്ട്. സ്ത്രീ പ്രാധാന്യമുള്ള കഥാപാത്രമാണ് എന്ന് കേട്ടാല്‍ എനിക്ക് ഇഷ്ടം കൂടുതല്‍ തോന്നും എന്ന് ധരിക്കുന്ന കുറെ പേര് ഇപ്പോഴുമുണ്ട്. സ്ത്രീ പ്രാധാന്യം എന്നുള്ളത് എന്നെ ആകര്‍ഷിക്കുന്ന ഒരു ഘടകമല്ല എന്ന് കഴിയുന്നവരോടൊക്കെ ഞാന്‍ പറയാറുണ്ട്.
പക്ഷേ, ദൈവം സഹായിച്ച് എനിക്ക് വരുന്ന റോളുകളെല്ലാം കഥയില്‍ വളരെ സ്വാധീനമുള്ള കഥാപാത്രങ്ങളും, ഒരു വ്യക്തിത്വമുള്ള കഥാപാത്രങ്ങളുമൊക്കെയാണ് എന്നെ തേടി വരാറുള്ളത്. അതില്‍ ഞാന്‍ വളരെ വളരെ ഭാഗ്യമുള്ളവളാണെന്ന് എനിക്കറിയാം,” മഞ്ജു വാര്യര്‍ പറഞ്ഞു.
ലളിതം സുന്ദരം എന്ന സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ചും മഞ്ജു സംസാരിക്കുന്നുണ്ട്.
‘ലളിതം സുന്ദരം എന്ന സിനിമയില്‍ എന്നെ ഏറെ ആകര്‍ഷിച്ചത് അതിലെ എന്റെ കഥാപാത്രമായിരുന്നു. അത് സ്ത്രീ പ്രാധാന്യമുള്ള കഥയല്ലായിരുന്നു എന്നത് എനിക്ക് വളരെ ഇഷ്ടപ്പെട്ട കാര്യമായിരുന്നു. സിനിമയിലെ ഓരോ സഹോദരങ്ങളുടെയും കഥ പ്രാധാന്യമുള്ളതായിരുന്നു. പിന്നെ എന്റെ കഥാപാത്രം ശരിക്കും നോക്കിയാല്‍ കൂട്ടത്തിലുള്ള ഒരു നെഗറ്റീവ് ഷേഡുള്ള കഥാപാത്രം എന്റെതായിരുന്നു.അത് പോലെ, സാധാരണ ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായി ചെയ്യാന്‍ കിട്ടുന്ന അവസരങ്ങള്‍ എനിക്ക് ഒരുപാട് ആവേശം തരാറുണ്ട്. അതില്‍ പെട്ട ഒരു കഥാപാത്രമായിരുന്നു ലളിതം സുന്ദരത്തിലെ എന്റെ ആ വേഷം. അത് പോലെ തന്നെ അതുമായി ഒരു ബന്ധവുമില്ലാത്ത കഥാപാത്രമാണ് മേരി ആവാസ് സുനോ എന്ന സിനിമയിലുമുള്ളത്,” മഞ്ജു വാര്യര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, മഞ്ജു വാര്യര്‍, ജയസൂര്യ, ശിവദ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം ‘മേരി ആവാസ് സുനോ’ റിലീസ് ചെയ്തിരിക്കുകയാണ്. പ്രജേഷ് സെന്നിന്റേത് തന്നെയാണ് തിരക്കഥ. ബി രാകേഷാണ് ചിത്രം നിര്‍മിച്ചത്.മഞ്ജുവും ജയസൂര്യയും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും മേരി ആവാസ് സുനോയ്ക്കുണ്ട്. റേഡിയോ ജോക്കിയായ ശങ്കര്‍ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഡോക്ടറുടെ വേഷത്തിലാണ് മഞ്ജു സിനിമയില്‍ എത്തുന്നത്.
ചിത്രത്തില്‍ ജോണി ആന്റണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന, ജി.സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന്‍ എ.ഇ എന്നിവരും അഭിനയിക്കുന്നണ്ട്. സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. എം.ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ബി.കെ. ഹരിനാരായണന്റേതാണ് വരികള്‍. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി. എഡിറ്റിങ് ബിജിത് ബാല. മെയ് 13ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തു.